
.കോട്ടയം: ഗാന്ധിനഗര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരത്തിന് സമാനമായ സ്ഥിതി. വിദഗ്ധ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും ലഭ്യതക്കുറ വും, സൗജന്യ ചികിത്സ നിലച്ചതുമാണ് കോട്ടയത്തെ മുഖ്യ പ്രശ്‌നങ്ങള്‍.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാങ്ങിയ മരുന്നുകളുടെയും ഉപകരണങ്ങളുടെയും പണം കുടിശ്ശികയാണ്. അതിനാല്‍ പല സ്ഥാപനങ്ങളും കമ്ബനികളും ഉപകരണ വിതരണം നിര്‍ത്തി. ശസ്ത്രക്രിയയ്‌ക്കായി 30 ശതമാനം ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ വിവിധ സൗജന്യ ചികിത്സാ പദ്ധതികള്‍ രോഗികള്‍ക്ക് അന്യമായി. കാന്‍സര്‍, നെഫ്രോളജി, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള മരുന്നുകള്‍ കൗണ്ടറില്‍ ലഭ്യമല്ല. അതുമൂലം കാസ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ല.
വിവിധ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമായി 176.4 കോടിയാണ് കുടിശ്ശിക. കാരുണ്യ പദ്ധതിയില്‍ മാത്രം 110 കോടി കുടിശ്ശിക. ന്യായവില ഷോപ്പിലേക്ക് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയ ഇനത്തില്‍ 28 കോടി വിവിധ കമ്ബനികള്‍ക്ക് കൊടുക്കാനുണ്ട്. ന്യായവില കൗണ്ടര്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആശുപത്രി വികസനസമിതി ഒരുമാസം 50 ലക്ഷം രൂപയുടെ വരെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാലാണ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്ലാതെ പോകുന്നത്.
ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 2023 നവംബര്‍ വരെ 2.52 കോടി രൂപയാണ് കൊടുക്കാനുള്ളത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ‘ആരോഗ്യ കിരണം’ പദ്ധതിയില്‍ രണ്ട് കോടിയാണ് കുടിശ്ശിക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ ആശുപത്രിയും പ്രതിസന്ധിയിലേക്കാണ്. അഞ്ചുമാസമായി ഫണ്ട് കിട്ടിയിട്ടില്ല.ഉപകരണങ്ങള്‍ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ പുതിയ രീതി സ്വീകരിക്കുകയാണ്.
വൃക്കയിലെ കല്ല് പൊടിച്ചു കളയുന്ന ഉപകരണം (ആര്‍ഐആര്‍എസ്) ഇപ്പോള്‍ കിട്ടുന്നില്ല. 45,000 രൂപയാണ് വില. ശസ്ത്രക്രിയക്ക് എത്തുന്ന ഒരു രോഗിയോട് 56000 രൂപ അടയ്‌ക്കാമോയെന്ന് ഡോക്ടര്‍ ചോദിക്കും. അങ്ങനെ അഞ്ചോ ആറോ പേരില്‍ നിന്ന് 6,000 രൂപവെച്ച് വാങ്ങി ഉപകരണം ലഭ്യമാക്കും.
വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടര്‍മാരുടെ കുറവുണ്ട്. നാല് പ്രൊഫസര്‍, 45 അസി. പ്രൊഫസര്‍, ഏഴ് അസോ. പ്രൊഫസര്‍ എന്നിങ്ങനെ. അസ്ഥിരോഗം, ന്യൂറോസര്‍ജറി, ത്വക് രോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആറുവര്‍ഷമായി നിയമനം നടന്നിട്ടില്ല.
പരിമിതികള്‍ക്കിടയിലും മികവിന്റെ പാതയില്‍
പരിമിതികള്‍ക്കിടയിലും പല വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിശ്രമഫലമായി പൊതുജനാരോഗ്യ രംഗത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ ഈ മെഡിക്കല്‍ കോളജ് സമ്മാനിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളജിലാണ്. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം ഇതുവരെ 10 ഹൃദയം മാറ്റിവെയ്‌ക്കല്‍ നടത്തി.
കുട്ടികളിലുള്‍പ്പെടെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ ആദ്യമായി നടത്തിയതും ഇവിടുത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമാണ്. അതുല്യ നേട്ടങ്ങള്‍ കരസ്ഥമാക്കിയവയാണ് മറ്റു പല വിഭാഗങ്ങളും. ആധുനിക നിലവാരത്തിലുള്ള അഞ്ചു ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 900 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സര്‍ജറി ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാര്‍ഡിയോളജി ബ്ലോക്ക് ഒന്നാംഘട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് എന്നിവയാണ് ഒരുങ്ങുന്നത്.