
കോട്ടയം:കോട്ടയം മെഡിക്കൽ കോളജിലെ പേയിംഗ് കൗണ്ടർ കേന്ദ്രീകരിച്ച് വൻ മരുന്നു കൊള്ള. സ്വകാര്യ മെഡിക്കൽ സ്റ്റോറിനേക്കാൽ മുന്തിയ വിലയ്ക്ക് രോഗിയുടെ ബന്ധുവിനെ കൊണ്ട് മരുന്നു വാങ്ങിപ്പിച്ചതായി ആക്ഷേപം.
കഴിഞ്ഞമാസം അവസാനം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയമായ രോഗിയുടെ ബന്ധുക്കളിൽ നിന്നാണ് ശസ്ത്രക്രീയാ അനുബന്ധ സാമഗ്രികളും മരുന്നുകളും വാങ്ങിപ്പിച്ചത്.സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും അറുപതിനായിരം(60000) രൂപയ്ക്ക് താഴെ വരുന്ന മരുന്നു കളും ശസ്ത്രക്രീയാ അനുബന്ധ ഉപകരങ്ങൾക്കും സർക്കാരിൻ്റെ പേയിംഗ് കൗണ്ടറിൽ വാങ്ങിയത് 90000 (തൊണ്ണൂറായിരം) രൂപയ്ക്കാണ്.
രോഗികൾക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ചികിത്സ പദ്ധതിയായ കാസ്പ് (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) നിലനിൽക്കുമ്പോഴാണ് ആശുപത്രി അധികൃതർ നിർദ്ധനരായ രോഗികളോട് ക്രൂരമായി പെരുമാറുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അറുപതിനായിരം രൂപയുടെ മരുന്നിന് തൊണ്ണൂറായിരം വാങ്ങുമ്പോൾ 30,000 രൂപ കമ്മീഷൻ ആരോ വാങ്ങുന്നുവെന്ന് വ്യക്തമാവുകയാണ്. വൻ മരുന്നു മാഫിയ ആണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു.
ആരാണ് ഈ കമ്മിഷൻ വാങ്ങുന്നത്.? ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞാണോ ഈ ഇടപാട് നടക്കുന്നത് ?
ഇതേ കുറിച്ച് വിശദമായ അന്വഷണം നടത്തിയാൽ തട്ടിപ്പിന്റെ തനിരൂപം പുറത്താവും.
കഴിഞ്ഞദിവസം ഡയാലിസിസിന് വിധേയമായ ഒരു രോഗിക്ക് കൈയ്യിൽ പിസ്റ്റുല ഇടുന്നതിന് ഇരുപതിനായിരം രൂപ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഡിസംബർ മാസം വരെ കാത്തിരിക്കണമെന്നും ബന്ധപെട്ട വിഭാഗത്തിലെ ഡോക്ടർമാർ നിർദ്ദേശിച്ചു.
വളരെ ദരിദ്രരായ ഇവർ കേന്ദ്ര സർക്കാരിൻ്റെ 5 ലക്ഷം രൂപ സൗജന്യ ചികിത്സ പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതല്ലേയേന്ന് അധികൃതരോട് ആവശ്യപെട്ടെങ്കിലും സൗജന്യ ചികിത്സാ പദ്ധതിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വെറും 1500 രൂപാ ചിലവ് വരുന്ന മൈനർ സർജറിക്കാണ് രോഗികളെ കൊള്ളയടിക്കുന്ന ഫീസ് വാങ്ങുന്നത്.മെഡിക്കൽ കോളജിലെ പേയിംഗ് കൗണ്ടറിൽ മരുന്നുകൾ വാങ്ങുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണെന്ന് പറയപ്പെടുന്നു.
പേയിംഗ് കൗണ്ടറിലേക്ക്,ടെണ്ടർ വിളിക്കാതെ അധികൃതരുടെ വേണ്ടപെട്ടവരെ കൊണ്ട് മരുന്നുകളും ശസ്ത്രക്രീയാ അനുബന്ധ ഉപകരണങ്ങളും വാങ്ങി കൂട്ടുന്നതിന് അനുമതി നൽകുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി
ഹൃദയശസ്ത്രക്രിയ അടക്കം പല വിഭാഗങ്ങളിലും ആൻ്റിബയോട്ടിക്കുകളും രോഗികൾക്ക് അനസ്തേഷ്യ നൽകുന്ന മരുന്നുകളും ടെണ്ടർ വിളിക്കാതെ മരുന്ന് വിതരണക്കാരിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങുന്നതു മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായി കൊണ്ടിരിക്കുന്നത്.
സ്വകാര്യമെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം വിലയ്ക്കാണ് സർക്കാരിൻ്റെ പേയിംഗ് കൗണ്ടറിൽ നിന്നും മരുന്നുകൾ വാങ്ങുമ്പോൾ രോഗികൾ നൽകേണ്ടിവരുന്നത്.
സ്റ്റോർസൂപ്രണ്ട് ആയി സേവനം അനുഷ്ടിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥനാണ് പേയിംഗ് കൗണ്ടറിൻ്റെ പർച്ചേയിസിംഗ് മാനേജർ. പേയിംഗ് കൗണ്ടറിൽ മരുന്നു കമ്പനികളുടെ ഇടപെടൽ നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
മരുന്നുവിതരണ കമ്പനിയുടെ പ്രതിനിധി പേയിംഗ് കൗണ്ടറിൽ അനധികൃതമായ കയറി ഇറങ്ങുന്നതായും മറ്റ് ജീവനക്കാർ പറയുന്നു.പേയിംഗ് കൗണ്ടറിലെ ഒരു ഫാർമസിസ്റ്റിന് ഈ പ്രതിനിധിയുടെ മരുന്നുകമ്പിനി ഇരു ചക്രവാഹനം വാങ്ങി കൊടുത്തതായും ആരോപണമുണ്ട്. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള പേയിംഗ് കൗണ്ടറിൽ ടെണ്ടർ വിളിക്കാതെ മരുന്നുകളും മറ്റും വാങ്ങരുതെന്ന് മന്ത്രി ആവശ്യപെട്ടിട്ടും മന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ്.
ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെ രോഗികൾക്കുo സൗജന്യാ ചികിത്സാ പദ്ധതി ലഭ്യമാകുന്നില്ലെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. അതേസമയം നിർധനരായ രോഗികളെകൊണ്ട് മരുന്നു വാങ്ങിപ്പിക്കാറില്ലന്ന് ആശുപത്രി അധികൃതർ പറയുന്നു.