
കോട്ടയം നഗരത്തിൽ ലോട്ടറി നമ്പർ തിരുത്തി പണം തട്ടി: വിൽപ്പനക്കാരനെ കബളിപ്പിച്ച് 5000 രൂപ സമ്മാനം ലഭിച്ച നമ്പർ തിരുത്തി 1300 രൂപയുടെ ടിക്കറ്റും ബാക്കി പണവുമായി മുങ്ങി തട്ടിപ്പു വീരൻ
കോട്ടയം: ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ്. പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണം തട്ടി. കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെല്ലിയൊഴുക്കം റോഡിൽ ലോട്ടറിവിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശിയെയാണ് കബളിപ്പിച്ചത്.
മാർച്ച് 24 – ന് നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ടിക്കറ്റ് നമ്പർ തിരുത്തി 5000 രൂപ ലഭിച്ചതായി കാണിച്ച് ഒരാൾ സമീപിച്ചു. സ്കാൻ ചെയ്തു നോക്കിയപ്പോൾ സമ്മാനമുള്ളതായി കണ്ടു. 1300 രൂപയുടെ ലോട്ടറിയും ബാക്കി പണവും വാങ്ങി തട്ടിപ്പുകാരൻ മുങ്ങി. വിൽപ്പനക്കാരന് കാപ്പികുടിക്കാനായി 150 രൂപയും നൽകി.
വിൽപ്പനക്കാരൻ പിറ്റേ ദിവസത്തെ ലോട്ടറിയെടുക്കാൻ ലോട്ടറി മൊത്തവ്യാപാരിയുടെ കടയിൽ എത്തിയപ്പോഴാണ് ലോട്ടറി നമ്പർ തിരുത്തിയതാണന്ന് വ്യക്തമായത്.
സമ്മാനാർഹമായ നമ്പർ പഴയ ടിക്കറ്റിന്റേതായിരുന്നു. എത്രാമത്തെ നുക്കെടുപ്പാണന്ന്
സൂചിപ്പിക്കുന്ന നമ്പർ തിരുത്തി മാർച്ച് 24 – ന് നറുക്കെടുക്കുന്ന ടിക്കറിന്റെ നമ്പരാക്കി തിരുത്തി. ഇതിനു പുറമെ നറുക്കെടുപ്പു തീയതിയും തിരുത്തിയതായിരുന്നു. പഴയ വിൻ വിൻ ടിക്കറ്റിലാണ് നമ്പരും തീയതിയും അതിസമർത്ഥമായി വെട്ടി ഒട്ടിച്ചത്. ഒറ്റനോട്ടത്തിൽ കാണാത്ത രീതിയിലാണ് നമ്പർ വെട്ടി ഒട്ടിച്ചിരുന്നത്.
തട്ടിപ്പുകാരനെകുറിച്ച് സൂചനയെന്നും ലഭിച്ചിട്ടില്ല. എങ്കിലും അയാളുടെ രൂപവും മറ്റും ലോട്ടറി വിൽപ്പനക്കാർക്കിടയിൽ പ്രചരിച്ചിട്ടുണ്ട്. ഇനിയൊരു തട്ടിപ്പിന് കോട്ടയത്ത് വന്നാൽ
കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.