
കോട്ടയം: മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് യാത്ര പുറപ്പെട്ട 28 പേർക്കും 2025 ലെ അവസാന ദിവസം ഒരിക്കലും മറക്കില്ല.മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസത്തിന്റെ ഗവി യാത്രക്കാർക്ക് പുതുവർഷപ്പുലരിയിലേക്ക് വഴിയൊരുക്കിയത് അപകടസാധ്യത വിളിച്ചുപറഞ്ഞ് ആർഎസ്സി 698 നമ്പർ ബസിന്റെ പിന്നാലെയെത്തിയ മീൻവണ്ടി ജീവനക്കാരുടെ മുന്നറിയിപ്പായിരുന്നു.
സംഘത്തിലെ ഓരോരുത്തർക്കും അപ്രതീക്ഷിതമായിരുന്നു കൺമുമ്പിൽ അഗ്നിഗോളമായി ബസ് എരിഞ്ഞടങ്ങുന്ന കാഴ്ച. പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നത്തിനടുത്ത് ചെറുവള്ളി പഴയിടം കുന്നത്തുപുഴയിലായിരുന്നു നാടിന് നടുക്കമേകിയ ബസ് തീപ്പിടിത്തം.
30-ന് രാത്രി ഒൻപതിനാണ് മലപ്പുറത്തുനിന്ന് യാത്രാസംഘം പുറപ്പെട്ടത്. 31-ന് പുലർച്ചെ 3.45-നാണ് പിന്നാലെയെത്തിയ വണ്ടിക്കാർ ബസിന്റെ പിന്നിലെ ചക്രത്തിനിടയിൽനിന്ന് പുക ഉയരുന്നതുകണ്ടത്. ബസിനെ മറികടന്ന ഇവർ ഡ്രൈവറോട് കാര്യം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ ക്യാബിനിൽ തന്നെയുണ്ടായിരുന്ന കണ്ടക്ടർ പി.കെ.ബിജുമോൻ ഉടൻ തന്നെ ഉറക്കത്തിലായിരുന്ന യാത്രക്കാരെയെല്ലാം വിളിച്ചുണർത്തി. ബസ് നിർത്തി ഉടൻ ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് യാത്രക്കാരെ ലഗേജ് എടുത്ത് പുറത്തിറങ്ങാൻ സഹായിച്ചു.
ശേഷം ഇരുവരും ചേർന്ന് ബസിനുള്ളിലെ അഗ്നിശമനോപകരണംകൊണ്ട് പുക കണ്ടിടത്തേക്ക് സ്പ്രേചെയ്തു. യാത്രക്കാരോട് സുരക്ഷിതമായി മാറിനിൽക്കാൻ നിർദേശിച്ചു. ഇതിനിടെ പരിസരവാസികളെത്തി. പോലീസ് എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി ഉയർന്നിരുന്നു. പൊൻകുന്നം ഡിപ്പോയിൽ നിന്നെത്തിച്ച ബസിൽ യാത്ര തുടരാൻ നിർദേശിച്ചു.
യാത്രയ്ക്കുള്ള മാനസികാവസ്ഥയിലായിരുന്നില്ല എങ്കിലും നടുക്കത്തിൽനിന്ന് മോചിതരായി ഉല്ലാസയാത്ര തുടരുവാൻ ഏവരും പ്രേരിപ്പിച്ചു. ഡ്രൈവർമാത്രം അപകടസ്ഥലത്ത് നിന്നാൽ മതിയെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.
ബജറ്റ് ടൂറിസത്തിലെ 500 യാത്രകൾക്ക് നേതൃത്വം നൽകിയ കണ്ടക്ടർ ബിജുമോൻ യാത്രക്കാർക്ക് തുണയായി കൂടി. അപകടത്തിന്റെ ആഘാതത്തിൽ തളർന്നിരുന്നു ഇദ്ദേഹം. റാന്നിയിലെത്തിയതിനുശേഷം തൊട്ടടുത്ത ക്ഷേത്രത്തിലെത്തി ദർശനം നടത്തി മനസ്സാന്നിധ്യം വീണ്ടെടുത്തായിരുന്നു തുടർയാത്ര.
റാന്നിയിൽനിന്ന് ചെറുവാഹനത്തിലാണിവർ ഗവിയിലേക്ക് തിരിച്ചത്. കുട്ടവഞ്ചിയാത്രയും വനത്തിലൂടെയുള്ള സഞ്ചാരവും എല്ലാം പുതിയ ജീവിതത്തിലേക്കുള്ള ഊർജം നിറയ്ക്കുന്നതായി അവർക്ക്. ഗവി കണ്ടതിനുശേഷം പരുന്തുംപാറ, രാമക്കൽമേട് എന്നിവിടങ്ങളിലും പോകുമെന്ന് ബിജുമോൻ പറഞ്ഞു. ഗവിയാത്ര പതിവായിരുന്നെങ്കിലും രാമക്കൽമേട് കൂടി ഉൾപ്പെടുത്തി ഇതാദ്യമാണിവർ യാത്ര പുറപ്പെട്ടത്



