12-ാം വയസ്സില്‍ വിമോചനസമരത്തില്‍ പങ്കെടുത്ത സമരവീര്യം; കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക്; കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകൻ; അന്തരിച്ച മുന്‍ എംപി തോമസ് കുതിരവട്ടത്തിന് നാടിന്റെ അന്ത്യാഞ്ജലി

Spread the love

കോട്ടയം : അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പി.യുമായ തോമസ് കുതിരവട്ട (80)ത്തിന് നാടിന്റെ അന്ത്യാഞ്ജലി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.

video
play-sharp-fill

കെ.എം.മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം 70കളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തനായ വക്തവായി മാറി. ചന്ദ്രശേഖര്‍ മന്ത്രിസഭയുടെ കാലത്ത് കേന്ദ്ര മന്ത്രിപദത്തിലേക്ക് പരിഗണിച്ചെങ്കിലും സ്ഥാനം ലഭിച്ചില്ല.

ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഉള്‍പ്പെടെ വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1945 ജൂണ്‍ ഒന്നിന് കല്ലിശ്ശേരി കുതിരവട്ടത്ത് തോമസ് വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായിട്ടാണ് ജനനം. കല്ലിശ്ശേരി എല്‍.പി.എസ്., കല്ലിശ്ശേരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് പ്രീഡിഗ്രിയും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍നിന്ന് ബിരുദവും കരസ്ഥമാക്കി.

12ാം വയസ്സില്‍ വിമോചനസമരത്തില്‍ പങ്കെടുത്തു. 1985-1991 കാലഘട്ടത്തില്‍ രാജ്യസഭാംഗമായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാന്‍, ദീര്‍ഘകാലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. പ്രഥമാധ്യാപകനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരംചെയ്ത് നേതൃനിരയിലെത്തി. കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ അതിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1980-ല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.1985 -ല്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായി രാജ്യസഭയിലെത്തി.

1991-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി ജനതാപാര്‍ട്ടി ടിക്കറ്റില്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. 1996 -ല്‍ പത്തനാപുരത്തുനിന്ന് കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.

2010 മുതല്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് ക്രമേണ പിന്‍വലിഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗമായി 25 വര്‍ഷം പ്രവര്‍ത്തിച്ചു. ആ സമയത്താണ് ചെങ്ങന്നൂര്‍ ഭദ്രാസനം ഉണ്ടാക്കുന്നതിന് തുടക്കംകുറിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി അംഗമായും ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: നരിയാപുരം മാടമ്പില്‍ പറമ്പില്‍ ലിസി തോമസ്. മക്കള്‍: ജൂണി കുതിരവട്ടം (കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവന്‍വണ്ടൂര്‍ പഞ്ചായത്തംഗം).മരുമക്കള്‍:അഡ്വ.ഷീനാ ജൂണി,മഹേഷ് ഹരിലാല്‍,സഞ്ജയ് എം.കൗള്‍ (എം.ഡി ആന്‍ഡ് സി.ഇ.ഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.സംസ്‌കാരം പിന്നീട്.