
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 അമ്പിളിയെ തൊട്ടപ്പോള്‍.. ; ചരിത്രവിജയത്തില്‍ നിര്‍ണായക പങ്കാളിയായി കോട്ടയം കിടങ്ങൂരിലെ ”അമ്പിളി”
സ്വന്തം ലേഖകൻ
കോട്ടയം: ഒരു തുണ്ട് മണ്ണിൽ കാലുറപ്പിക്കുന്നത് എത്ര പ്രധാനമാണെന്ന തിരിച്ചറിവാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രയാൻ 3 അമ്പിളിയെ തൊട്ടപ്പോള്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം കിടങ്ങൂരിലെ ”അമ്പിളി”. ചന്ദ്രയാൻ 3 വഹിച്ചുകൊണ്ടുപോയ ജി.എസ്.എല്‍.വി. എം.കെ. 3 വാഹനത്തിന്റെ ഏവിയോണിക്‌സ് സംവിധാനങ്ങളുടെ സാധൂകരണ പ്രവര്‍ത്തനങ്ങളില്‍ ഐ.എസ്.ആര്‍.ഒ.യിലെ സീനിയര്‍ സയന്റിസ്റ്റും കിടങ്ങൂര്‍ സ്വദേശിനിയുമായ അമ്പിളി കെ. ഗോപിനാഥിന് പ്രധാന പങ്കുണ്ടായിരുന്നു.
കഴിഞ്ഞ 27 വര്‍ഷമായി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞയായ അമ്പിളി കിടങ്ങൂര്‍ കറുകശ്ശേരില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകരായ കെ. ഗോപിനാഥൻ – സൗദാമിനി ദമ്പതികളുടെ മൂത്തമകളാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജില്‍ നിന്നും 1993ല്‍ രണ്ടാം റാങ്കോടെ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എൻജിനീയറിംഗ് പാസായ ശേഷമാണ് അമ്പിളി ഐ.എസ്.ആര്‍.ഒ.യില്‍ ചേരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പഴന്തി എസ്.എൻ. കോളേജില്‍ കണക്കുവിഭാഗം മേധാവിയായി വിരമിച്ച ഡോ. പി.വി. അജിത്താണ് അമ്ബിളിയുടെ ഭര്‍ത്താവ്. മകള്‍ അപര്‍ണ്ണ അജിത്ത് അമേരിക്കയില്‍ എൻജിനീയറാണ്. മകൻ നിരഞ്ജൻ അമൃത എൻജിനീയറിംഗ് കോളേജില്‍ ബി.ടെക് വിദ്യാര്‍ത്ഥി. ചന്ദ്രയാൻ 3 വിജയപഥത്തിലെത്തിച്ച ശാസ്ത്ര സംഘത്തിലുള്‍പ്പെട്ട അമ്ബിളി കെ. ഗോപിനാഥ് കിടങ്ങൂര്‍ സ്വദേശിനിയാണെന്നുള്ളത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് മോൻസ് ജോസഫ് എം.എല്‍.എ.യും കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലും പറഞ്ഞു.
രാജ്യം മുഴുവൻ ആഹ്ലാദത്തിലും അഭിമാനത്തിലുമായി ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടപ്പോള്‍ തനിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു മനസുനിറയെയെന്ന് അമ്ബിളി പറയുന്നു. ഇതൊരു ടീം വര്‍ക്കാണ്. എല്ലാവരും അവരവരുടെ ജോലികള്‍ കൃത്യമായി ചെയ്യുകയും ഒപ്പം ഭാഗ്യം കൂടെ നില്‍ക്കുകയും ചെയ്തപ്പോള്‍ രാജ്യത്തിന് അത് വിലമതിക്കാനാവാത്ത ചുവടുവയ്പ്പായെന്നും അമ്ബിളി കൂട്ടിച്ചേര്‍ത്തു.