കോട്ടയം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ: കോട്ടയത്ത് അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഉറപ്പിച്ചു : പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ പുതുമുഖങ്ങൾക്ക് സാധ്യത: വൈക്കത്ത് സി.കെ. ആശയുടെ കാര്യത്തിൽ അവ്യക്തത : സി പി ഐ സംസ്ഥാന നേതൃത്വത്തിന് നൽകിയത് 2 പേരുകൾ .

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയത്ത് സജ്ജമായി. ഏതാനും സീറ്റുകൾ ഒഴിച്ച് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. പുതുപ്പള്ളി, വൈക്കം. കടുത്തുരുത്തി സീറ്റുകളിൽ സ്ഥാനാർത്ഥികളായില്ല.

video
play-sharp-fill

ജില്ലയില്‍ കോട്ടയത്ത് തിരുവഞ്ചൂരിനെ നേരിടാന്‍ കെ. അനില്‍കുമാറും ഏറ്റുമാനൂരില്‍ വി.
എൻ വാസവനും മത്സരിക്കുമെന്ന് ഉറപ്പായി.
സി.പി.ഐ. മത്സരിക്കുന്ന ഏക സീറ്റായ വൈക്കത്ത് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. രണ്ടു ടേം കഴിഞ്ഞതിനാല്‍ സി.കെ. ആശ മാറുമെന്നും എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി. പ്രദീപ് മത്സരിക്കുമെന്നുമായിരുന്നു ആദ്യ സൂചനകള്‍.

എന്നാല്‍, ടേം വ്യവസ്ഥയില്‍ നിന്നു പിന്‍മാറാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ആശ വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ആശയ്‌ക്കൊപ്പം പി. പ്രദീപിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലിന്റേതാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫിനായി കൂടുതല്‍ പുതുമുഖങ്ങള്‍ സ്ഥാനാര്‍ഥികളായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സി പി എം മത്സരിക്കുന്ന പുതുപ്പള്ളി, കേരളാ കോൺഗ്രസ് മത്സരിക്കുന്ന കടുത്തുരുത്തി മണ്ഡലങ്ങളിലാണ് പുതുമുഖങ്ങള്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറിയത്. എന്നാല്‍, ഇതര മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടികളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല.
പുതുപ്പള്ളിയില്‍ കെ.എം. രാധാകൃഷ്ണന്‍ അല്ലെങ്കില്‍ സുഭാഷ് പി.വര്‍ഗീസ്, വൈക്കത്ത് പി. പ്രദീപ് എന്നീ പുതുമുഖങ്ങളാണു മത്സരിക്കാന്‍ സാധ്യതയുള്ളത്.

ബുധനാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എന്‍. വാസവനും പി.കെ. ബിജുവും പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം കോട്ടയം മണ്ഡലത്തിലേക്ക് പി.കെ. ഹരികുമാര്‍, സുരേഷ് കുറുപ്പ് എന്നിവരുടെ പേരും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിനു നല്‍കിയ ലിസ്റ്റില്‍ ഈ പേരുകളുമുണ്ടെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചു. പുതുപ്പള്ളിയില്‍ റെജി സഖറിയ, കെ.എം.രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളായിരുന്നു ആദ്യ പരിഗണനയില്‍. എന്നാല്‍, റെജി സഖറിയ വിസമ്മതം പറഞ്ഞതോടെ ഏരിയാ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസിന്റെ പേരും ഉള്‍പ്പെടുത്തി.
കേരളാ കോണ്‍ഗ്രസിന്റെ അഞ്ചു സീറ്റുകളില്‍ എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ എന്നിവരും മത്സരിക്കും പാലായില്‍ ജോസ് കെ.മാണിയും മത്സര രംഗത്തു തന്നെയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വികസന സന്ദേശ സദസുകളുമായി ജോസ് കെ മാണി മണ്ഡലത്തില്‍ സജീവാണ്.

കടുത്തുരുത്തിയില്‍ മുൻ എം പി തോമസ് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേല്‍, നിർമല ജിമ്മി തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. തോമസ് ചാഴികാടനെ പരിഗണിച്ചില്ലെങ്കില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സിറിയക് ചാഴികാടനെയും ഇവിടെ പരിഗണിച്ചേക്കും.

അതിനിടെ വികസന സന്ദേശ സദസ്സ് നയിച്ചത് മുൻ ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു ആണെന്നതിനാല്‍ അദ്ദേഹത്തിന്റെ പേരും ഇടയില്‍ സജീവ ചർച്ച ആയിരുന്നു. എന്നാല്‍ മാത്യുവിനെ നിർത്തിയാല്‍ മോൻസ് ജോസഫിനെതിരെ ബഹുദൂരം പിന്നിലാകും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള അഭിപ്രായ സൂചനകള്‍.
മാത്യുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിയില്‍ നിന്നും മുന്നണി അണികളില്‍ നിന്നും എതിർപ്പുകള്‍ വ്യാപകമായത് മറ്റ് പേരുകളിലേയ്ക്ക് തിരിയാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജോസ് പുത്തൻ കാലായുടെ പേരും സജീവ പരിഗണനയിലാണ്.മണ്ഡലത്തിൽ അറിയപ്പെടുന്ന ജനകീയ മുഖമാണ് ജോസ് പുത്തൻ കാലാ.