കോട്ടയം ജില്ലാ പഞ്ചായത്ത്: യുഡിഎഫിൽ സീറ്റ് ചർച്ച വഴിമുട്ടി: ലീഗ് ഒരു സീറ്റ് ആവശ്യപ്പെട്ടു: നൽകില്ലന്ന് കോൺഗ്രസ്: ജോസഫ് ഗ്രൂപ്പിന് അനുവദിച്ചതിൽ നിന്നെങ്കിലും തന്നു കൂടെയെന്ന് ലീഗ്: എൽഡിഎഫിൽ ധാരണയായി: കേരളാ കോൺഗ്രസ് . എം 10 സിറ്റിലും സി പി എം 9 സീറ്റിലും സി പി ഐ 4 സീറ്റിലും മത്സരിക്കും.

Spread the love

കോട്ടയം :ലീഗിന്റെ കടുംപിടുത്തത്തിൽ കുടുങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ച യുഡിഎഫിൽ തടസപ്പെട്ടു. തങ്ങളുടെ ജില്ലാ പ്രസിഡന്റ് അസീസ് ബഡായിക്കായി ഒരു സീറ്റെന്ന ആവശ്യത്തില്‍ മുസ്ലീം ലീഗ് ഉറച്ചു നില്‍ക്കുകയാണ് . ലീഗിന് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് എതിർപ്പാണ് . ലീഗ് അയയുന്നുമില്ല. ഈ സാഹചര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ സീറ്റ് ചർച്ച നീളുകയാണ്.

video
play-sharp-fill

അതേസമയം
എല്‍.ഡി.എഫില്‍ സീറ്റ് ധാരണയായി. കേരള കോണ്‍ഗ്രസ് (എം) പത്ത് സീറ്റിലും, സി.പി.എം 9, സി.പി.ഐ 4 സീറ്റിലും മത്സരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റുകളില്‍ വീതമായിരുന്നു സി.പി.എമ്മും മാണി ഗ്രൂപ്പും മത്സരിച്ചത്. പുതുതായി ഒരു ഡിവിഷൻ വർദ്ധിച്ചത് മാണിഗ്രൂപ്പിന് നല്‍കി. ഇതിനെതിരെ സി.പി.എം പ്രവർത്തകർക്കിടയില്‍ മുറുമുറുപ്പ് ഉയർന്നിരുന്നു .

ഇതൊഴിവാക്കാനാണ് മാണി ഗ്രൂപ്പിന് നല്‍കിയ പത്ത് സീറ്റില്‍ അയർകുന്നത്ത് പാർട്ടി ചിഹ്നത്തിലല്ലാത്ത സ്വതന്ത്രൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഏറെ ചർച്ചകള്‍ക്കു ശേഷമാണ് മാണി ഗ്രൂപ്പ് ഇതംഗീകരിച്ചത്. സംവരണ സീറ്റായ അയർക്കുന്നത്ത് വനിതാ സ്ഥാനാർത്ഥിയാകും മത്സരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡിഎഫില്‍ ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനം പൂർത്തിയായില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 14 ന് പകരം 15 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് എട്ട് സീറ്റിലും മത്സരിക്കാനാണ് ഏകദേശ ധാരണ. ജില്ലയില്‍ വലിയ സ്വാധീനമില്ലാത്ത ജോസഫ് ഗ്രൂപ്പിന്റെ ഒരു സീറ്റ് എടുത്ത് നല്‍കണമെന്ന ലീഗിന്റെ ആവശ്യം ചർച്ചയായെങ്കിലും സീറ്റ് പിടിച്ചെടുക്കുന്നത് ജോസഫ് വിഭാഗം അംഗീകരിച്ചില്ല .

ഇതോടെ ചർച്ച വഴിമുട്ടി നില്‍ക്കുകയാണ്.
മുസ്ലീം ലീഗ് സൗഹൃദ മത്സരം നടത്തുമോയെന്നഭീതിയില്‍ വിട്ടുവീഴ്ച വേണമെന്ന വാദവും ഉയർന്നിട്ടുണ്ട്. ലീഗ് ഒറ്റയ്ക്കു മത്സരിച്ചാല്‍ ജില്ലയില്‍ പലയിടത്തും യു.ഡി.എഫിന്റെ ജയസാദ്ധ്യതയെയും ബാധിക്കും.

ജില്ലാ പഞ്ചായത്തിന് പകരം ഈരാറ്റുപേട്ട നഗരസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായുണ്ടാക്കിയ മുൻ ധാരണ അനുസരിച്ച്‌ ജില്ലാ പഞ്ചായത്ത് സീറ്റില്‍ കടിച്ചുപിടിച്ചു നില്‍ക്കുകയാണ് ലീഗ് നേതൃത്വം .

അതേസമയം ജില്ലാ പഞ്ചായത്ത് ചർച്ച ഇന്ന് ആരംഭിക്കുകയേയുള്ളുവെന്ന് ജില്ലാ യു ഡി എഫ് കൺവീനർ ഫിൽസൺ മാത്യൂസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആദ്യം ഗ്രാമ പഞ്ചായത്ത്, പിന്നീട് ബ്ലോക്ക് പഞ്ചായത്ത് , മുനിസിപ്പാലിറ്റി എന്നീ നിലയിലാണ് സീറ്റ് ചർച്ചകൾ നടക്കുന്നത്. ഇതെല്ലാം ഏകദേശം പൂർത്തിയായി.
ചെറിയ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
ഇതിനെല്ലാം ശേഷമാണ് ജില്ലാ പഞ്ചായത്ത് ചർച്ച തുടങ്ങുന്നത്. ലീഗ് ഒരു സിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ചർച്ച നടക്കും.

ഇടതു മുന്നണി ധാരണപ്രകാരം
സി.പി.എം സീറ്റുകള്‍
കുമരകം, തലയാഴം, കുറിച്ചി, പുതുപ്പള്ളി, തൃക്കൊടിത്താനം, പാമ്പാടി, പൊൻകുന്നം, മുണ്ടക്കയം, വെള്ളൂർ
കേരള കോണ്‍ഗ്രസ് (എം)
അതിരമ്പുഴ, അയർക്കുന്നം, തലനാട് , കിടങ്ങൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം , ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തി.
സി.പി.ഐ
വൈക്കം, എരുമേലി, വാകത്താനം, കങ്ങഴ