കേരള രാഷ്ട്രീയത്തിന്റെ അതികായകൻ കെ.എം മാണി ഓര്‍മ്മയായിട്ട് ഏഴു വര്‍ഷം

Spread the love

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് നാളേക്ക് 7 വർഷം.

video
play-sharp-fill

965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎയായി. വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയായി അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും ചുരുക്കം.

ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമവകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ചറെക്കോർഡുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മീനച്ചിൽ താലൂക്കിൽ കർഷകദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്. 2019 ഏപ്രിൽ 9ന് അന്തരിച്ചു.

പാലായുടെ മനസ് മാണിസാറിന്റെ ഓർമ്മകളില്‍ നിറയുന്ന ദിനത്തില്‍ തന്നെ മകൻ ജോസ് കെ മാണി മത്സരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പ് തിയതി വന്നുചേർന്നത് യാദ്യച്ഛികമായി.

കെ.എം മാണിയുടെ ഓർമ്മ ദിനമായ നാളെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ കുർബാനയ്ക്ക് ശേഷം രാവിലെ 7.15 am ന് കെ.എം മാണിയുടെ കല്ലറയില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥന നടത്തിയതിന് ശേഷമാകും ജോസ് കെ.മാണി വോട്ട് ചെയ്യാൻ പോകുക. നാളെ സംസ്ഥാനത്ത് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും കെ എം മാണി സാറിന്റെ ഫോട്ടോയില്‍ പുഷ്പാർച്ചന നടത്തുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

പാലാ മണ്ഡലവും കെ എം മാണിയും ഒരുമിച്ച്‌ പിറന്നവരാണ്. 1965ലായിരുന്നു ഇത്. മീനച്ചില്‍, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേർത്ത് പാലാ മണ്ഡലമുണ്ടായപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപോന്ന കെ എം മാണി ആദ്യമായി അവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി. പിന്നെ 2019 ഏപ്രില്‍ 9ന് മരിക്കുന്നത് വരെയും മാണിസാർ പാലായുടെ സഭാനാഥനായി. തുടർച്ചയായി 12 തവണ. 54 കൊല്ലം. ഇന്ത്യയില്‍ ഇന്നും ഈ റെക്കോർഡ് കെ എം മാണിക്ക് മാത്രം സ്വന്തം.

ഇത് ഒരു കൂട്ടുകുടുംബമാണ്. പത്തമ്ബത് വർഷമായി ഞങ്ങളങ്ങനെ സുഖദു:ഖങ്ങളൊക്കെ പ്പങ്കിട്ട് ഒരുമിച്ച്‌ ചിരിച്ചും കരഞ്ഞും അങ്ങനെ പോകുന്നു…

ഇതാണ് മാണിസാർ പാലായെ കുറിച്ച്‌ ആവർത്തിക്കാറുള്ള പഞ്ച് ഡയലോഗ്. പാലായെ പരിചരിച്ച പോലെ മകൻ ജോമോനെ ( ജോസ് കെ മാണി ) പോലും മാണിസാർ നോക്കിയിട്ടില്ലെന്ന് പാലാക്കാർ കളിയാക്കാറുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.

കുട്ടിയമ്മ തന്റെ ആദ്യ ഭാര്യയും പാലാ തന്റെ രണ്ടാം ഭാര്യയുമാണെന്ന് പറഞ്ഞ് മാണിസാർ കണ്ണിറുക്കി ചിരിക്കുന്നത് ഇന്നും പാലാക്കാരുടെ മനസിലുണ്ട്. കെഎം മാണി ധനമന്ത്രിയായാല്‍ പാലായിലെ കലുങ്കും ഓടയുമൊക്കെ സംസ്ഥാന ബജറ്റില്‍ കയറുമെന്ന് പറഞ്ഞ് കളിയാക്കുന്നവർ ധാരാളമുണ്ട്.

പത്തു കിലോമീറ്റർ മാത്രമൊഴുകുന്ന മീനച്ചിലാറിന് കുറുകെ 17 പാലങ്ങള്‍ പണിത മന്ത്രിയായിരുന്നു മാണിസാർ. കത്തീഡ്രല്‍ പള്ളിയില്‍ ഹാജരുവയ്ക്കാത്ത ഞായറാഴ്ചകള്‍ മാണിസാറിനുണ്ടായിരുന്നില്ല, സംസ്ഥാനത്തിന് എന്തു കിട്ടിയാലും ഒരെണ്ണം പാലായ്ക്ക് വേണമെന്ന് മാണിസാറിന് നിർബന്ധമായിരുന്നു.
കെ എസ് ആർ റ്റി സി വണ്ടി വാങ്ങിയാല്‍ പോലും ഈ നിർബന്ധത്തിന് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. തന്റെ പരിലാളനയില്‍ തലയുയർത്തി നില്‍ക്കുന്ന പാലായെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെ ചാരു കസേരയില്‍ കിടന്ന്
കാണാനായിരുന്നു മാണിസാറിന് എന്നുമിഷ്ടം.

ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിള്‍ ഐ. ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങള്‍ പാലായിലും പരിസരത്തുമായി എം.പിയായ മകൻ ജോസ് കെ മാണി സ്ഥാപിക്കുമ്ബോള്‍ മാണിസാർ സന്തോഷിച്ചു.

ജോസിന്റെ മറ്റൊരു സംരംഭമായ സയൻസ് സിറ്റിയുടെ ആലോചനയില്‍ രോഗ കിടക്കയില്‍ കിടന്നും മാണിസാർ സഹകരിച്ചു.

രോഗത്തെ കീഴ്പ്പെടുത്തി രോഗിയെ രക്ഷിച്ച മാണിമാജിക്ക് എന്നറിയപ്പെടുന്ന കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും 1.42 ലക്ഷം പേർക്ക് 1200 കോടിയുടെ ചികിത്സാ സഹായം നല്‍കിയ ശേഷമാണ് മാണിസാർ നിത്യതയില്‍ ലയിച്ചത്. റബറിന് 150 രൂപ താങ്ങുവിലയായി വിലസ്ഥിര താ ഫണ്ട് രൂപീകരിച്ചതും അവസാന നാളില്‍.

ധനം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യു, ഭവന നിർമ്മാണം, വൈദ്യുതി, ഇൻഫർമേഷൻ തുടങ്ങിയ വകുപ്പുകളില്‍ 24 വർഷം മന്ത്രിയായിരുന്ന കെ.എം.മാണിയാണ് എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയും വെളിച്ച വിപ്ലവവും നടപ്പാക്കിയത്.

പാലാ ജനറല്‍ ആശുപത്രി, ഏറ്റുമാനൂർ – പുഞാർ ഹൈവേ, പാലങ്ങള്‍, ആധുനിക മികവുള്ള റോഡുകള്‍, റവന്യു ടവർ, ട്രഷറി, കോടതി സമുച്ചയം എന്നിങ്ങനെ തീവണ്ടിയൊഴിച്ച്‌ പാലായില്‍ എല്ലാം കൊണ്ടുവന്നത് കെ എം.മാണിയാണ്.

മാന്യതയുടെ പ്രതീകമായിരുന്ന കെ എം മാണിയില്‍ നിന്നും ഒരിക്കല്‍ പോലും ഒരു നാക്കുപിഴയുണ്ടായിട്ടില്ല. ഇതാണ് അച്ചാച്ചനില്‍ താനേറെ ഇഷ്ടപ്പെടുന്ന ക്വാളിറ്റിയെന്ന് മകൻ പറയുന്നു.