
കോട്ടയം: കലാശക്കൊട്ട് ആവേശമാക്കാനും കൊഴുപ്പിക്കാനും മുന്നണികളും സ്ഥാനാര്‍ഥികളും. മണ്ഡല, പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ മുന്നണികള്‍ ഗംഭീര കലാശക്കൊട്ടാണു പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രചാരണത്തില്‍ വന്ന സമയക്കുറവിന്റെ തിരിച്ചടിക്ക് ആവേശകരമായ കൊട്ടിക്കലാശത്തിലൂടെ മറുപടി നല്‍കാനാണു സ്ഥാനാര്‍ഥികളുടെ ശ്രമം.
മണ്ഡല ആസ്ഥാനത്തെ ജംഗ്ഷനുകളാണു കൊട്ടിക്കലാശത്തിനു സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു മുന്നണികള്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ പോലീസ് നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ഒരു പോലെ കൊട്ടിക്കലാശം നടക്കുന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പലയിടത്തും ഗതാഗത ക്രമീകരണങ്ങളുമുണ്ട്.
പ്രചാരണ ദിവസങ്ങള്‍ കുറയുകയും അവധി ദിനങ്ങള്‍ ഏറുകയും ചെയ്തതിനാല്‍ സ്ഥാനാര്‍ഥികള്‍ വാഹനപ്രചാരണം നേരത്തെ തുടങ്ങുകയും കഴിഞ്ഞ ബുധനാഴ്ചയോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു സ്ഥാപനങ്ങളും കടകളും സന്ദര്‍ശിച്ചും പ്രമുഖ വ്യക്തികളെ നേരില്‍ക്കണ്ടും കുടുംബസംഗമങ്ങളും റോഡ് ഷോകളും സംഘടിപ്പിച്ചും വോട്ട് അഭ്യര്ഥനയിലായിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളും അവസാന ദിവസങ്ങളില്‍ കളം നിറഞ്ഞു.
ഇന്ന് രാവിലെമുതല്‍ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലുടനീളം പര്യടനം നടത്തും. മിക്കയിടങ്ങളിലും ബൈക്ക് റാലിയും റോഡ് ഷോയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ച കഴിയുന്നതോടെ പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡല ആസ്ഥാനങ്ങളിലേക്കു സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും നീങ്ങും.
വര്‍ണ, വാദ്യഘോഷങ്ങളോടെയുള്ള കലാശമാണു പദ്ധതിയിട്ടിരിക്കുന്നത്. പ്രചാരണ രംഗത്തെ മേല്‍ക്കൈ അവസാന നിമിഷംവരെ നിലനിര്‍ത്തണമെങ്കില്‍ കലാശക്കൊട്ട് നിറപ്പകിട്ടുള്ളതാക്കണമെന്നാണ് മുന്നണികളുടെ പക്ഷം.
അവസാന മണിക്കൂറുകളെ കൊഴുപ്പിക്കാന്‍ ചെണ്ട, നാസിക് ദോൾ മേളങ്ങളുമുണ്ടാകും. സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടീഷര്‍ട്ട്, കൊടിതോരണങ്ങള്‍, ബലൂണുകള്‍, പാരഡി ഗാനങ്ങള്‍ തുടങ്ങി വിസ്മയകരവും ആവേശഭരിതവുമായ വിവിധ ആഘോഷങ്ങളാണ് മൂന്നു മുന്നണികളും ഒരുക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് കയറിനില്ക്കാന് പര്യടന വാഹനം മുതല്‍ ക്രെയിന്‍ വരെയും ഒരുക്കിയിട്ടുണ്ട്.
കൊട്ടിക്കലാശം കഴിയുന്നതോടെ, സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ബൂത്ത് ഒരുക്കം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും. എതിര് ചേരിയില്‍ നിന്നുള്‍പ്പെടെ വോട്ട് മറിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. നേരില്‍ക്കണ്ടാല്‍ വോട്ട് ഉറപ്പെന്ന് അറിയിപ്പ് ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ ഓടിയെത്തും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്ന ധാരണയില്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും മറുവിഭാഗം പിന്തുടരുന്നതിനും പല സ്ഥലങ്ങളും സാക്ഷ്യം വഹിക്കും.
കോട്ടയം
യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ റോഡ് ഷോ ഉച്ചകഴിഞ്ഞ് രണ്ടിന് മനോരമ ജംഗ്ഷനില്‍ നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് കലാശക്കൊട്ട് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. അനില്‍കുമാര്‍ രാവിലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയശേഷം ഉച്ചകഴിഞ്ഞു മൂന്നോടെ തിരുനക്കര അമ്പലം റോഡില്‍ കലാശക്കൊട്ടിനായി കേന്ദ്രീകരിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി പി. അനില്‍കുമാറിന്റെ കലാശക്കൊട്ട് ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ കോട്ടയം ഗാന്ധി പ്രതിമ മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെയുള്ള സ്ഥലത്ത് നടക്കും.
പുതുപ്പള്ളി
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു കൊട്ടിക്കലാശം ഔദ്യോഗികമായി ഇല്ല. ലോകാരോഗ്യ ദിനമായ ഇന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ആരോഗ്യ മേഖലയെ തകര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള കാമ്പയിനു ചാണ്ടി ഉമ്മന്‍ നേതൃത്വം നല്‍കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്റെയും എന്‍ഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനത്തിന്റെയും കൊട്ടിക്കലാശം പാമ്പാടിയില്‍ നടക്കും.
ഏറ്റുമാനൂര്‍
യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷിന്റെ കൊട്ടിക്കലാശത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 1.30ന് പാലാ റോഡില്‍ കൂടല്ലൂര്‍ കവലയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കും. ഏറ്റുമാനൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര വഴി നാലിനുശേഷം അതിരമ്പുഴയില്‍ എത്തും. തുടര്‍ന്ന് അതിരമ്പുഴ ടൗണില്‍ കൊട്ടിക്കലാശം നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന്റെ കൊട്ടിക്കലാശം വൈകുന്നേരം സെന്‍ട്രല്‍ ജംഗ്ഷനില്‍ നടക്കും. രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി റോഡ്ഷോയായി പര്യടനം നടത്തും.
എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി. നായര്‍ കൊട്ടിക്കലാശത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിനു തവളക്കുഴി ജംഗ്ഷനില്‍ നിന്ന് ഏറ്റുമാനൂര്‍ ടൗണിലേക്ക് റോഡ് ഷോ നടത്തും. തുടര്‍ന്നു സെന്‍ട്രല്‍ ജംഗ്ഷനില്‍ കൊട്ടിക്കലാശം സംഘടിപ്പിക്കും.
ചങ്ങനാശേരി
ചങ്ങനാശേരിയില്‍ കലാശക്കൊട്ട് കളര്‍ഫുള്‍ ആക്കാനാണ് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തീരുമാനിച്ചിരിക്കുന്നത്.
വൈകുന്നേരത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ പ്രകടനം കെഎസ്ആര്‍ടിസി ജംഗ്ഷന് ഭാഗത്തും യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിന്റെ പ്രകടനം പാര്‍ക്ക് ലാൻഡ് ജംഗ്ഷനിലും എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണ മേനോന്റെ പ്രകടനം കാവാലംബസാര് ജംഗ്ഷനിലും സമാപിക്കും.
മറ്റു പാര്‍ട്ടികളുടെ പ്രകടനം മാര്‍ക്കറ്റ് റോഡ് ഭാഗത്തും സമാപിക്കും.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ക്കൊപ്പം ചുറ്റിസഞ്ചരിച്ചു പ്രകടനമായി കാഞ്ഞിരപ്പള്ളിയില്‍ എത്തി കൊട്ടിക്കലാശം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എന്‍. ജയരാജ് മണ്ഡലത്തിലൂടെ സഞ്ചരിച്ചു പ്രകടനമായി പൊന്‍കുന്നത്ത് എത്തി കൊട്ടിക്കലാശം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്റെ പ്രകടനം പൊന്‍കുന്നം ജംഗ്ഷനിലെത്തിയാണു കൊട്ടിക്കലാശം നടത്തുന്നത്.
പൂഞ്ഞാര്‍
യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്റെ കൊട്ടിക്കലാശം ഈരാറ്റുപേട്ടയിലും എരുമേലിയിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കൊട്ടിക്കലാശം നടത്തി പിരിഞ്ഞുപോകുകയാണു ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഈരാറ്റുപേട്ടയിലാണ് കൊട്ടിക്കലാശം നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് മുണ്ടക്കയത്താണ് കൊട്ടിക്കലാശം സംഘടിപ്പിച്ചിരിക്കുന്നത്.
പാലാ
വാശിയേറിയ ത്രികോണ പോര് നടക്കുന്ന പാലായില്‍ കലാശക്കൊട്ടില്‍ തീപാറും. യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പൻ കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുകയാണ്.
എളിയ രീതിയിലാണ് പ്രചാരണം അവസാനിപ്പിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി പാലാ നഗരത്തെ ഇളക്കിമറിച്ചു ടൗണ്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ളാലം പാലംവരെ പ്രകടനം നടത്തിയാണ് കൊട്ടിക്കലാശം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രവര്‍ത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ഥിയുടെ സംഘവും പ്രകടനത്തില്‍ അണിനിരക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജിന്റെ കൊട്ടിക്കലാശം കുരിശുപള്ളിക്കവലയിലാണ് നടത്തുന്നത്. മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമെത്തുന്ന പ്രവര്‍ത്തകര്‍ ആഘോഷങ്ങളും ആര്‍പ്പുവിളികളുമായി കുരിശുപള്ളിക്കവലയില്‍ എത്തി കൊട്ടിക്കലാശം നടത്തി മടങ്ങും.
കടുത്തുരുത്തി
കടുത്തുരുത്തി മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും സെന്‍ട്രല്‍ ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിലായിട്ടാണു കൊട്ടിക്കലാശം നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം സെന്‍ട്രല്‍ ജംഗ്ഷനിലെത്തി കൊട്ടിക്കലാശം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍മല ജിമ്മി പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശുപള്ളി കവലയിലെത്തി കൊട്ടിക്കലാശം നടത്തും.
എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേല് പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം സെന്‍ട്രല്‍ ജംഗ്ഷനിലെ പാലാ റോഡിലെത്തി കൊട്ടിക്കലാശം നടത്തും.
വൈക്കം
വൈക്കം മണ്ഡലത്തിലെ മൂന്നു മുന്നണികളുടെ കൊട്ടിക്കലാശം വൈക്കം പടിഞ്ഞാറെ നട കച്ചേരിക്കവലയിലും പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണു നടത്തുന്നത്.
പടിഞ്ഞാറെ നടയിലേക്കു എത്തുന്നതിനു മൂന്നുവഴികളുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബിനിമോനും സംഘവും ഒരു വഴിയിലൂടെ എത്തുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപും സംഘവും രണ്ടാമത്തെ വഴിയിലൂടെയും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. അജിത്തും സംഘവും മൂന്നാമത്തെ വഴിയിലൂടെയും പടിഞ്ഞാറെ നട കച്ചേരിക്കവലയിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും എത്തി കൊട്ടിക്കലാശം നടത്തും.



