
പാലാ : ഇന്നലെ നാലമ്പല ദർശനത്തിന് എത്തിയ ഭക്തർ വലഞ്ഞു. മണിക്കൂറുകൾ നീണ്ടനിര പ്രധാന റോഡിലേക്കടക്കം വ്യാപിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് ആക്ഷേപം. പ്രായമായവരും, സ്ത്രീകളും, കൊച്ചുകുട്ടികളും അടക്കമുള്ളവർ ക്യൂവിൽ നിന്നും തിരക്കിലകപ്പെട്ടും തളർന്നു.
ഇതോടെ പ്രതിഷേധവുമായി നാലമ്പല ദർശന കമ്മറ്റി ഭാരവാഹികളും രംഗത്തെത്തി. കൂടുതൽപേരെത്തുമെന്ന് മുൻകൂട്ടിക്കണ്ട് ക്ഷേത്രത്തിൽ ദർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് അമ്പേ പരാജയപ്പെട്ടു.
ഓരോ ക്ഷേത്രങ്ങളിലുമുണ്ടായിരുന്നത് 3 പൊലീസുകാർ മാത്രമാണ്. ചുരുങ്ങിയത് 20 പേരെങ്കിലും വേണ്ട സ്ഥാനത്താണിത്. വനിതാ പൊലീസായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരാളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരം അമ്പലം ജംഗ്ഷന് സമീപം കൂടപ്പുലം റൂട്ടിൽ ഏറെ സമയം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങാതെ നാട്ടുകാർ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു. മുപ്പതോളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും, നിരവധി വോളണ്ടിയേഴ്‌സും ഉണ്ടായിരുന്നെങ്കിലും അവർ നിസ്സഹായരായിരുന്നു.
ഒരു മാസം മുൻപ് കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും നാലമ്പല ദർശന കമ്മറ്റി കത്ത് നൽകിയതാണ്. പാലാ ആർ.ഡി.ഒ വിളിച്ചു ചേർത്ത സ്ഥലം എം.എൽ.എയും, ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിലും ആവശ്യത്തിന് പൊലീസ് സേവനം ഉറപ്പുനൽകിയതാണ്.
ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ചവരയായി.പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി കളക്ടർക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മോശം പരമാർശമുണ്ടായെന്നും ആരോപണമുണ്ട്.