കോട്ടയത്ത് ഡിസിസി അധ്യക്ഷൻ മാറുമോ ? സാധ്യതാ ലിസ്റ്റിൽ ഫിലിപ്പ് ജോസഫും ഫിൽസൽ മാത്യൂസും: ഇവരെ വെട്ടി വേറൊരാൾ ?

Spread the love

കോട്ടയം: കെ.പി.സി സി ക്ക് പുതിയ നേതൃത്വം ചുമതലയേറ്റതോടെ ഡി സിസി അധ്യക്ഷൻമാർക്കും മാറ്റമുണ്ടാകുമെന്ന് സൂചന. അങ്ങനെ വന്നാൽ കോട്ടയത്ത് ആരാകും ഡി സി സി അധ്യക്ഷൻ എന്ന ചർച്ച അണികൾക്കിടയിൽ തുടങ്ങി.

മുൻപത്തെ പോലെ തന്നെ ഇക്കുറിയും ആദ്യം ഉയർന്നു കേൾക്കുന്ന പേര് ഫിലിപ്പ് ജോസഫിന്റേതാണ്. കോട്ടയത്ത് ക്രിസ്ത്യാനിക്കാണ് നൽകുന്നതെങ്കിൽ അത് ഫിലിപ്പ് ജോസഫ് ആയിരിക്കും എന്നാണ് മുൻപും പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷേ സമയമാകുമ്പോൾ ഫിലിപ്പ് ഔട്ടാകും. ഇതാണ് വർഷങ്ങളായി കണ്ടുവരുന്നത്.

ഫിലിപ്പ് പഴയ ഐ ഗ്രൂപ്പുകാരനായതിനാൽ എ. ഗ്രൂപ്പിനാണ് കോട്ടയത്ത് സ്വാധീനം. ഇങ്ങനെ ഗ്രൂപ്പ് വീതം വയ്പ്പിലാണ് ഇതുവരെ ഫിലിപ്പിനെ തഴഞ്ഞത്.ഇപ്പോൾ ഗ്രൂപ്പില്ല. അതിനാൽ ഇക്കുറി ശരിയാകും എന്നാണ് ഫിലിപ്പ്
അനുകൂലികളുടെ മനസിലിരിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 50 വർഷമായി കോട്ടയത്ത് കോൺഗ്രസ് പ്രവർത്തനവുമായി നിറഞ്ഞു നിൽക്കുന്നയാളാണ്. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശരത്ചന്ദ്രപ്രസാദ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു. രമേശ് ചെന്നിത്തല കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ഫിലിപ്പ് കെ എസ് യു കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.
ചെന്നിത്തല   യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ഫിലിപ്പ് ജോസഫ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.

ഇപ്പോൾ കെ.പി.സി.സി സെക്രട്ടറിയും ഐ എൻ ടി യു സി കോട്ടയം ജില്ലാ പ്രസിഡന്റുമാണ്. 65 കാരനായ ഫിലിപ്പ് ജോസഫിന്റെ ലാസ്റ്റ് ചാൻസാണിത്.
എന്നാൽ മറ്റൊരു പ്രബല നേതാവിന്റെ പേര് കൂടി ഡിസി സി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നു. യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ കൂടിയായ കെപിസിസി സെക്രട്ടറി അഡ്വ. ഫിൽസൺ മാത്യൂസ് ആണ് പരിഗണിക്കപ്പെടുന്ന രണ്ടാമൻ . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി നല്ല പ്രവർത്തനം കാഴ്ച വച്ചയാളാണ്.

കോട്ടയത്ത് ക്രിസ്ത്യാനികളെയാണ് പരിഗണിക്കുന്നതെങ്കിൽ ഇവർ രണ്ടു പേരിൽ ആരെങ്കിലുമാകും ഡി സി സി അധ്യക്ഷൻ എന്നാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം.
പക്ഷേ കോൺഗ്രസിന്റെ കാര്യമായതിനാൽ ഇതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്നത്.

ഒട്ടും അറിയപ്പെടാത്ത ഒരാൾ വന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് കോൺഗ്രസുകാർക്കിടയിലെ സംസാരം. നിലവിലെ പ്രസിഡന്റ് നാട്ടകം സുരേഷ് തുടരാനും സാധ്യതയുണ്ട്.

പ്രചാരണവും പ്രതീക്ഷയുമെന്നും ഇപ്പോൾ കോൺഗ്രസുകാർക്ക് വിശ്വാസമില്ലാതായി.
കോട്ടയം മുൻ ഡിസിസി പ്രസിഡന്റും എംപിയുമായ ആന്റോ ആന്റണി കെപിസിസി അധ്യക്ഷനാവുമെന്നു കരുതിയിരിക്കുകയായിരുന്നു കോട്ടയത്തെ കോൺഗ്രസുകാർ. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് സണ്ണി ജോസഫിനെ നിയമിച്ചത്.

അതിനാൽ ഒരു ഡിസിസി പ്രസിഡന്റായി ആരെ നിയമിച്ചാലും അത്ഭുതപ്പെടാനില്ല എന്നാണ് കോട്ടയത്തെ കോൺഗ്രസുകാർക്കിടയിലെ സംസാരം.
മാനദണ്ഡമൊക്കെ പറച്ചിലിൽമാത്രം. പ്രവർത്തി യിലില്ലന്നും ഇവർ പറയുന്നു.