കോട്ടയം : സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധി പരമാവധി ചൂഷണം ചെയ്യാൻ ബ്ലേഡ് സംഘങ്ങൾ രംഗത്തിറങ്ങി. സ്കൂൾ തുറക്കുന്ന സമയത്ത് ബ്ലേഡുകാരുടെ നല്ല കാലമാണ്. രണ്ടും മൂന്നും കുട്ടികളെ സ്കൂളിലയക്കണമെങ്കിൽ കുടുംബനാഥൻ പലിശക്കാരെ സമീപിക്കാതെ നടക്കില്ല. വൻ തുക പലിശയ്ക്കെടുത്ത് കുത്തുപാളയെടുത്തവർ നിരവധിയാണ്.
മുതലും പലിശയും കൂട്ടുപലിശയും പറ്റിയിട്ടും കൊതിതീരാതെ വട്ടിപ്പലിശക്കാർ ജില്ലയില്‍ വട്ടമിട്ട് പറക്കുകയാണ്.
അദ്ധ്യയന വർഷാരംഭം, വേനല്‍ അവധി, മറ്റ് അത്യാവശ്യ സന്ദർഭങ്ങള്‍.. അവസരം മുതലെടുക്കുകയാണ് സംഘം. ഓപ്പറേഷൻ കുബേര പേരിലൊതുങ്ങിയതോടെ കൊള്ളപ്പലിശയ്ക്ക് പ്രമാണങ്ങളും വാഹനങ്ങളും ഈട് വാങ്ങി പലിശ നല്‍കുന്നവരാണ് കറങ്ങുന്നത്. ചെക്കിന്റെ മാത്രം ബലത്തില്‍ കഴുത്തറപ്പൻ പലിശക്കാർ വ്യാപാരികളെ ലക്ഷ്യമിടുന്നു. ഏറ്റുമാനൂർ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ദിവസച്ചിട്ടിയെന്ന പേരിലാണ് കൊള്ള. ഒരു ലക്ഷം രൂപയ്ക്ക് 10,000-15,000 രൂപയാണ് പലിശ. ആദ്യം പലിശത്തുകയെടുക്കും. ബാക്കി പണം പത്ത് ദിവവത്തിനുള്ളില്‍ അടച്ച് തീർക്കണം. ചെറുകിട വ്യാപാരികളാണ് ലക്ഷ്യം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വസ്തുവിന്റെ ഈടില്‍ പണം നല്‍കും. അടവ് മുടങ്ങിയാല്‍ ഭീഷണിയും അക്രമവും. ഓണ്‍ലൈൻ ആപ്പുവഴിയുള്ള പലിശക്കെണിക്ക് ഇപ്പോഴും അറുതിയില്ല. 50,000 രൂപ വായ്പയെടുത്ത പെയിന്റിംഗ് തൊഴിലാളി പത്ത് തവണ അടച്ച് കഴിഞ്ഞിട്ടും തിരിച്ചടയ്‌ക്കേണ്ടത് മുതലിനേക്കാള്‍ ഏറെ രൂപ. പ്രതിമാസം 2000 രൂപ വീതമാണ് ഇ.എം.ഐ.
വണ്ടി പണയം വച്ചാല്‍ ഉടൻ പണം
സ്വർണമോ വസ്തുവോ പെട്ടെന്ന് പണയം വയ്ക്കാനില്ലാത്ത സാഹചര്യത്തിലാണ് വാഹനം പണയം വയ്ക്കുന്നത്. വാഹനത്തിന്റെ പകുതിപ്പണം പോലും പണയം വച്ചാല്‍ കിട്ടില്ല. ചെക്ക് ലീഫും മറ്റ് രേഖകളും വാങ്ങും. മാസം 20 ശതമാനം വരെയാണ് പലിശ. വാഹനം ഉപയോഗിക്കുകയും ചെയ്യും. ഈ വാഹനം വാടകയ്ക്ക് നല്‍കിയും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. കറുകച്ചാലില്‍ യുവതിയെ കൊല്ലാൻ ഉപയോഗിച്ച ഇന്നോവയും പണയത്തിനെടുത്തതായിരുന്നു. അവസാനം ഉടമയും കുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗതികേട് മുതലാക്കുന്നവർ
വിദ്യാർത്ഥികള്‍ക്ക് ഉപരിപഠനത്തിനും മറ്റുമുള്ള ചെലവുകള്‍ ഏറി വരുമ്പോഴാണ് പലരും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കുന്നത്. ഇതിനു പുറമെ വ്യാപാരത്തിലും ഇടിവു വന്നതോടെ പലർക്കും പിടിച്ചു നില്‍ക്കാൻ മാർഗമില്ലാതായി. ഇതു മുതലെടുക്കുകയാണ് ബ്ലേഡ് മാഫിയയുടെ ലക്ഷ്യം. മുമ്പ് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കള്ളക്കേസുകള്‍ സൃഷ്ടിച്ച് ഇടപാടുകാരില്‍ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. വസ്തു ഈടായി വാങ്ങി വൻ തുക നല്‍കുന്നവരുമുണ്ട്.
പത്താംകളം സജീവം
ആർപ്പക്കര പനമ്പാലം കേന്ദ്രീകരിച്ച് നടത്തിവരുന്ന പത്താംകളം എന്ന പേരിലുള്ള ബ്ലേഡ് സംഘം ഇപ്പോഴും സജീവമാണ്. 10 ദിവസത്തേക്കാണ് പലിശയ്ക്ക് പണം നൽകുന്നത്. പത്താം ദിവസം മുതലും പലിശയും മടക്കി നൽകണം. ഇല്ലെങ്കിൽ പലിശ ഇരട്ടിയാകും.തവണ മുടക്കുന്നവരെ കൈകാര്യം ചെയ്യാൻ ഗുണ്ടാസംഘങ്ങളുണ്ട്.
പലിശക്കാർക്ക് ഗുണമാകുന്നത്
ഉന്നത രാഷ്ട്രീയസ്വാധീനം, പരിശോധന നിലച്ചത്
ബാങ്കുകളില്‍ നിന്ന് വായ്‌പയ്ക്ക് കാലത്താമസം
സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടി, വരുമാനം കുറഞ്ഞു
” ഓപ്പറേഷൻ കുബേര സജീവമാകണം. പരിശോധനയും നടപടിയുമുണ്ടാവണം. പൊലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം വെടിയണം.”
എങ്കിലേ കഴുത്തറപ്പൻ പലിശ വാങ്ങുന്ന സംഘങ്ങളെ ഒതുക്കാനാവു.
ആശുപത്രിക്കുള്ളിലും പലിശക്കാർ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ബ്ലേഡുകാരുടെ ഒരു വൻ സംഘം പ്രവർത്തിക്കുന്നുണ്ട്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ പലിശയ്ക്ക് പണം നൽകുന്നുണ്ട്. ശമ്പള ദിവസമാണ് ബ്ലേഡുകാർ പലിശ പിരിക്കുന്നത്. നിരവധി ജീവനക്കാരാണ് ബ്ലേഡ് കെണിയിൽ അകപ്പെട്ടിരിക്കുന്നത്.