കോട്ടയം: കോട്ടയം കാരുടെ കണ്ടുമുട്ടലുകളുടെയും രുചിഭേദങ്ങളുടെയും ഇടമായ കോട്ടയം വൈഎംസിഎ കോഫി ഹൗസ് അടച്ചുപുട്ടുന്നു. ജീവനക്കാരുടെ കുറവും അമിത വാടകയും കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ മാസം 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തില്‍ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആരംഭകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ഒരു ലക്ഷത്തിനു മുകളില്‍ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ഇത് നഷ്ടത്തിലാവുകയായിരുന്നു.
കക്ഷി രാഷ്‌ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവിടെ ഒത്തുകൂടുന്നവര്‍ ചേര്‍ന്ന് കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണ് പൂട്ടാന്‍ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സംഘത്തില്‍ പുതിയ ആളുകളെ നിയമിക്കാന്‍ സംഘത്തിന്‍റെ രജിസ്ട്രാര്‍ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടര്‍ അനുമതി നല്‍കുന്നില്ല. ശമ്ബളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘമാണ് നല്‍കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാരിനു യാതൊരു ബാധ്യതയുമില്ല. എന്നിട്ടും നിയമനം നടത്താന്‍ അധികാരം തരുന്നില്ലെന്നാണ് സംഘം അധികൃതര്‍ പറയുന്നത്. 2015നു ശേഷം സംഘത്തില്‍ പുതിയ നിയമനം നടന്നിട്ടില്ല. 2015 മുതല്‍ 2025 വരെ സംഘത്തില്‍ നിന്നും 1400 പേര്‍ വിരമിച്ചു. ഇവര്‍ക്കു പകരം ആളുകളെ നിയമിച്ചിട്ടില്ല. പല ബ്രാഞ്ചുകളിലും റിട്ടയര്‍ ചെയ്തവരെയും മറ്റും ദിവസക്കൂലിക്ക് നിയമിച്ചിരിക്കുകയാണ്. സംഘത്തിന്‍റെ നിലവിലെ 47 ബ്രാഞ്ചുകളില്‍ ഏറ്റവും കൂടുതല്‍ വാടകയും ഏറ്റവും കുറവ് കച്ചവടവുമുള്ള ബ്രാഞ്ചാണ് വൈഎംസിഎ ബ്രാഞ്ച്. ഒരു ലക്ഷത്തിനു മുകളില്‍ വാടകയാണ് നല്‍കുന്നത്.
ഇപ്പോള്‍ ഒരു ദിവസത്തെ കച്ചവടം 20,000-25,000 രൂപ മാത്രമാണ്. എസി ഹാളും ഉച്ചയൂണും ഉള്‍പ്പെടെ തുടങ്ങിയിട്ടും കച്ചവടത്തില്‍ മാറ്റമുണ്ടായില്ല. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തൃശൂരിലെ കടകളില്‍ കച്ചവടവും തിരക്കും വര്‍ധിച്ച സാഹചര്യത്തില്‍ 15 ദിവസത്തേക്ക് വൈഎംസിഎ ബ്രാഞ്ച് അടച്ചിടുകയും ഇവിടുത്തെ ജീവനക്കാരെ തൃശൂരിലെ കടകളിലേക്ക് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.
ബ്രാഞ്ച് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതോടെ സംഘം അധികൃതരും ജീവനക്കാരും ചേര്‍ന്ന് നഗരം വിട്ടു പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള ശ്രമവും തുടങ്ങി. ഇതിന്‍റെ ഭാഗമായി മണര്‍കാട്, കഞ്ഞിക്കുഴി ഭാഗം, ചുങ്കം, കുമരകം റോഡ് എന്നിവിടങ്ങളില്‍ സ്ഥലവും കെട്ടിടവും അന്വേഷിച്ചിരുന്നു. പാര്‍ക്കിംഗ്, മാലിന്യസംസ്‌കരണം എന്നിവയാണ് പലയിടത്തും വെല്ലുവിളി. അനുയോജ്യമായ കെട്ടിടം കണ്ടെത്തിയതോടെ മണര്‍കാട് പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പുതിയ ജീവനക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ പുതിയ ബ്രാഞ്ച് തുടങ്ങാനും സാധിക്കുകയുള്ളു.
നിലവില്‍ കോട്ടയത്ത് മെഡിക്കല്‍ കോളജ്, തിരുനക്കര തെക്കുംഗോപുരം, ടിബി റോഡ്, എംസി റോഡില്‍ എസ്‌എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നത്. വൈഎംസിഎ ബ്രാഞ്ച് പൂട്ടുമ്ബോള്‍ ഇവിടുത്തെ ജീവനക്കാരെ സമീപത്തെ ബ്രാഞ്ചുകളിലേക്ക് പുനര്‍വിന്യസിപ്പിക്കും. ഇതിനിടയില്‍ കോഫി ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോഫി ഹൗസ് ടൗണില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.