കോട്ടയം നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരേയുളള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; സ്ത്രീസുരക്ഷ ചുമതലയുള്ള പിങ്ക് പോലീസിനെ നഗരത്തിലെങ്ങും കാണാനില്ല; തണൽ പറ്റി കടലകൊറിക്കാൻ മാത്രമായി എന്തിന് ഇങ്ങനെയൊരു സംവിധാനം…?

Spread the love

സ്വന്തം ലേഖിക

കോട്ടയം: കഴിഞ്ഞ കുറെ ദിവസമായി കോട്ടയം നഗരത്തില്‍ സ്ത്രീകള്‍ക്കു നേരേയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്.

കഴിഞ്ഞ ദിവസവും ടൗണില്‍ സമാനമായ സംഭവം ഉണ്ടായി. പട്ടാപകല്‍പോലും സ്ത്രീകള്‍ക്കു നഗരത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നെ സന്ധ്യമയങ്ങി കഴിഞ്ഞാലുള്ള കാര്യം പറയേണ്ടതില്ല. സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പോലീസിനെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാണാനില്ല.

കോട്ടയം ബേക്കര്‍ ജംഗ്ഷന്‍, സിഎംഎസ് കോളജ് റോഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കെഎസ്‌ആര്‍ടിസി, നാഗമ്ബടം, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് ജംഗ്ഷന്‍, ശാസ്ത്രി റോഡ്, ജില്ലാ ജനറള്‍ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ക്കു വിദ്യാര്‍ഥിനികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ പതിവായിരിക്കുകയാണ്. സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ നടത്തുന്നവര്‍ പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും.

പലപ്പോഴും മാനഹാനി ഭയന്ന് പരാതി നല്കാതെ സ്ത്രീകളും മടങ്ങും. ഇതോടെ സംഭവം ആരും അറിയാതെ പോകും. തൊട്ടടുത്ത ദിവസവും ഇതേസംഭവങ്ങള്‍ നഗരത്തിലെ മറ്റൊരു സ്ഥലത്ത് ആവര്‍ത്തിക്കും.

കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിനു മുന്നില്‍വച്ചു യുവതിയെ കയറിപിടിച്ചയാള്‍ ഇടവഴിയിലൂടെ ആളുകള്‍ നോക്കി നില്‍ക്കേയാണ് ഓടിമറഞ്ഞത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തിയെങ്കിലും യുവതിയെ അപമാനിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

നഗരത്തില്‍ സ്ത്രികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പിങ്ക് പോലീസ് നിരീക്ഷണവുമായി എത്തുമെന്നാണ് പറയുന്നതെങ്കിലും ഏതാനും നാളുകളായി പിങ്ക് പോലീസിനെ നഗരത്തില്‍ കാണാനില്ലാത്ത സാഹചര്യമാണ്.
മാസങ്ങള്‍ക്കു മുൻപാണ് കോട്ടയം നഗരത്തില്‍ എപ്പോഴും ആള്‍ത്തിരക്കുള്ള കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് ഒരു സ്ത്രീയെ കടന്നുപിടിച്ചത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ടാണ് അയാള്‍ പിടിയിലായത്.

ബസ് സ്റ്റാന്‍ഡുകള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം മദ്യപരുടെ ശല്യമാണ്. നാഗമ്പടം സ്റ്റാന്‍ഡില്‍ മദ്യപര്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു.

തണൽ പറ്റി കടലയും കൊറിച്ച് വിശ്രമം ആഘോഷിക്കുകയാണ് പിങ്ക് പോലീസെന്ന പരാതി വ്യാപകമായിരുന്നു. ഇതിനെ സംബന്ധിച്ച് നിരവധി വാർത്തകളും വന്നിരുന്നു. തുടർന്ന് പിങ്ക് പോലീസ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോൾ സ്ഥിതി പഴയതിലും മോശമായിരിക്കുകയാണ്. സ്ത്രീകൾക്ക് സുരക്ഷ നൽകാൻ അല്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സംവിധാനമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.