ഡി വൈ എസ്പിമാർ വാഴാത്ത കോട്ടയം: മാസം തികയാതെ തെറിച്ചത് ആറ് ഡിവൈഎസ്പിമാർ; സർക്കാരിന്റെ രണ്ടാം വർഷത്തിനിടെ എത്തുന്നത് ഏഴാം ഡിവൈഎസ്പി
ശ്രീകുമാർ
കോട്ടയം: കോട്ടയം പൊലീസ് സബ്ഡിവിഷനിൽ ഡി വൈ എസ്പിമാർ വാഴുന്നില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്നര വർഷത്തോളം സബ് ഡിവിഷനെ നയിച്ച ഡിവൈഎസ്പിയും ഇപ്പോൾ എസ് പിയുമായ വി.അജിത്തിനു ശേഷമുള്ള രണ്ടര വർഷത്തിനിടെ സബ് ഡിവിഷനിൽ നിന്നും തെറിച്ചത് ആറ് ഡിവൈഎസ്പിമാർ. ഈ ആറിൽ രണ്ടു പേർ സസ്പെൻഷനിലായപ്പോൾ , ഒരാൾ പുറത്തായത് വകുപ്പുതല നടപടി നേരിട്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ആദ്യകാലത്താണ് വി അജിത്ത് കോട്ടയം ഡിവൈഎസ്പിയായി എത്തിയത്. വിവാദമായ സോളാർ കേസ് അന്വേഷണ സംഘത്തിൽ അജിത്തും ഉൾപ്പെട്ടിരുന്നു. കോട്ടയത്തെ നിരവധിക്കേസുകൾക്ക് തുമ്പുണ്ടാക്കിയ ശേഷമാണ് അജിത്ത് യു ഡി എഫ് സർക്കാരിന്റെ അവസാന കാലത്ത് ചങ്ങനാശേരിയിലേക്ക് സ്ഥലം മാറി പോയത്.
അജിത്തിനു തൊട്ടുപിന്നാലെ എത്തിയത് ടി.എ ആന്റണിയായിരുന്നു. മാസങ്ങൾ കഴിയും മുൻപ് തന്നെ സസ്പെൻഷനിലായ അദേഹത്തിനെതിരെ ഉയർന്നത് പീഡന പരാതിയായിരുന്നു. മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലെ യുവതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഇതിനു പിന്നാലെ എസ്.സുരേഷ് കുമാറിനെ നിയമിച്ചെങ്കിലും ഒരു മാസം പോലും തികയും മുൻപേ അദ്ദേഹവും തെറിച്ചു. ഇതിനു ശേഷമാണ് ബിജു കെ സ്റ്റീഫൻ കോട്ടയത്തിന്റെ ചുമതലയേറ്റത്. നല്ല രീതിയിൽ കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ബിജുവിനെ ഇടത് സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മാറ്റി. പിന്നീട് , അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ബിജുവിന് സസ്പെൻഷനും കിട്ടി.
പകരം എത്തിയത് മിടുക്കനായ കുറ്റാന്വേഷകൻ ഗിരീഷ് പി സാരഥി. ഒരു വർഷം പൂർത്തിയാക്കും മുൻപേ എത്തി ട്രാൻസ്ഫർ ഓർഡർ. വയനാട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ചുമതലയുണ്ടായിരുന്ന സഖറിയ മാത്യുവിനായിരുന്നു അടുത്ത ചുമതല. കൃത്യം ഒരു വർഷവും ഒരു മാസവുമായപ്പോൾ സഖറിയയെ സ്ഥലം മാറ്റി ഉത്തരവെത്തി. പകരമെത്തിയ ഷാജിമോൻ ജോസഫിന് പക്ഷേ ഒരു മാസം തികക്കാനായില്ല. കെവിൻ വധക്കേസിലെ പിഴവിന്റെ പേരിൽ ജില്ലാ പൊലീസ് കൂട്ട നടപടി നേരിട്ടപ്പോൾ ഷാജിമോൻ ജോസഫിനും കിട്ടി ട്രാൻസ്ഫർ. ഇടുക്കിയിലേക്ക്. പകരം എത്തുന്നത് ചങ്ങനാശേരി ഡിവൈഎസ്പി ആയിരുന്ന ആർ.ശ്രീകുമാർ. ഡിവൈഎസ്പിമാർ വാഴാത്ത കോട്ടയത്ത് ഇനി എന്താകും കാര്യങ്ങളെന്ന് ഉറ്റു നോക്കുകയാണ് നാട്ടുകാർ.