കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിലെ വെട്ട്: പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന്; ക്വട്ടേഷൻ നൽകിയത് മല്ലപ്പളി സ്വദേശിയായ യുവതി
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയത് പെൺവാണിഭ കേന്ദ്രത്തിലെ തർക്കത്തെ തുടർന്ന്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ യുവതി അടക്കം രണ്ടു പേർ പിടിയിലായി. സംഭവത്തിൽ ഇനി 12 പേരെ കൂടി പിടികൂടാനുണ്ട് എന്നു ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർക്കറ്റ് ഭാഗത്തുള്ള വീട്ടിൽ കയറി രണ്ട് പേരേ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഗൂഡാലോചനയിൽ പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരെയാണ് പൊലീസ് സംഘം അരസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ചന്തക്കടവ് – ടിബി റോഡിലെ ലോഡ്ജിനു പിന്നിലെ വീട്ടിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ഇരയായവർ പോലും സഹകരിക്കാതിരുന്ന കേസിൽ പൊലീസിനു നിർണ്ണായകമായത് ഇവർ തമ്മിലുള്ള ഫോൺ കോൾ വിവരങ്ങളായിരുന്നു. അക്രമത്തിന് ഇരയായ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇരുവരെയുമാണ് ക്വട്ടേഷൻ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ ജ്യോതിയും അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
കോട്ടയം നഗരം കേന്ദ്രീകരിച്ച് ജ്യോതിയുടെയും ശ്രുതിയുടെയും നേതൃത്വത്തിൽ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നു. ശ്രുതിയുടെ രണ്ടാം ഭർത്താവാണ് കേന്ദ്രത്തിന് നേതൃത്വം നൽകിയിരുന്നത്. ഇതിനിടെ ജ്യോതി സംഘത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് കോട്ടയം നഗരം കേന്ദ്രീകരിച്ച് സ്വന്തമായി പെൺവാണിഭ റാക്കറ്റ് ആരംഭിച്ചു. ഇതേച്ചൊല്ലി ഇരു സംഘങ്ങളും തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം വെട്ടേറ്റ അമീർ, സാൻജോസ്, ഷിനു എന്നിവർ ചേർന്ന് ഒന്നാം പ്രതിയായ മാനസ് മാത്യുവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിലുമാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി അക്രമത്തിനു ഇടയാക്കിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
ഇതിന്റെ പ്രതികാരമായി ശ്രുതിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ ഏർപ്പെടുത്തുകയായിരുന്നു. പെൺവാണിഭ റാക്കറ്റിനെ നിയന്ത്രിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ ഏർപ്പാട് ചെയ്തത്. ഇതേ തുടർന്ന് ഇവിടെ എത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്.
കൃത്യമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാത്ത കേസിൽ പ്രതികളും വാദികളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതികളിലേയ്ക്ക് എത്തിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.എസ്. വിജയൻ, എസ്.ഐ റിൻസ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേസിൽ ഇനി 12 പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.