സ്വന്തം ലേഖകൻ
വൈക്കം: പണമടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാർ കമ്പിവടി കൊണ്ട് അടിച്ചു. തലയാഴം ഇലകട്രിക്കൽ സെക്ഷൻ ഓഫിസിലെ ലൈൻമാൻ മുണ്ടാർ പാലിയംകുന്നിൽ ഹരീഷിനാണ് ക്രൂരമർദനമേറ്റത്. പരിക്കേറ്റ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈക്കം വെച്ചൂർ മുച്ചൂർക്കാവ് അനുഷ ഭവനിൽ സന്തോഷിന്‍റെ വീട്ടിലാണ് വൈദ്യുതി ബിൽ കുടിശികയായത്. ഇതേതുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മീറ്റിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാനായ ഹരീഷ് എത്തിയപ്പോഴാണ് വീട്ടുകാർ തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതി പുനഃസ്ഥാപിച്ചത് സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് സന്തോഷും മകനും ഹരീഷിനെ അസഭ്യം പറയുകയും കമ്പിവടി കൊണ്ട് മർദിക്കുകയും ചെയ്തത്. മർദിച്ച വിവരം ഓഫിസിൽ അറിയിക്കാൻ ശ്രമിക്കുന്നതിനെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട തലയാഴത്തെ ഓഫിസിലെത്തിയാണ് ഹരീഷ് വിവരം സഹപ്രവർത്തകരെ അറിയിച്ചത്. ഇവരാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ സന്തോഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കെ.എസ്.ഇ.ബി തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു.