കോട്ടയം വൈക്കത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; തലയാഴം പറപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

Spread the love

സ്വന്തം ലേഖകൻ 

വൈക്കം : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം പറപ്പള്ളി ഭാഗത്ത് മണപ്പള്ളിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അശ്വിൻ മധു(23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7:30 മണിയോടെ വെച്ചൂർ പുത്തൻപാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിന് മുമ്പ് പരസ്പരം സുഹൃത്തുക്കളായ ഇവർ തമ്മിൽ കുളത്തിൽ കുളിക്കാൻ എത്തിയ സമയം വാഹനം കഴുകുന്നതിനിടയിൽ യുവാക്കളിൽ ഒരാളുടെ ചെരുപ്പ് കുളത്തിൽ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി വൈകിട്ട് വീണ്ടും സംഘർഷം ഉണ്ടാവുകയും പുത്തൻപാലം ഷാപ്പിന് സമീപം വച്ച് അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അമ്പിളി എന്ന് വിളിക്കുന്ന മനു കെ.എം, കുഞ്ഞൻ എന്ന് വിളിക്കുന്ന വിമൽ കെ.എസ് , ഇയാളുടെ സഹോദരനായ കൊട്ടാരം എന്ന് വിളിക്കുന്ന വിഷ്ണു കെ.എസ്, ചാത്തൻ എന്ന് വിളിക്കുന്ന വൈഷ്ണവ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അശ്വിൻ മധുവിനെ പിടികൂടുന്നത്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ സുദീപ്, രജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു .