സ്വന്തം ലേഖിക
കോട്ടയം: ജനിച്ച് ദിവസങ്ങള്‍ക്കിപ്പുറം അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട രണ്ടു പെണ്‍കുഞ്ഞുങ്ങള്‍.
ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും കുട്ടികള്‍ ഇല്ലാതിരുന്ന രണ്ടു ദമ്പതിമാര്‍ ദത്തെടുത്തു. വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും തങ്ങളുടെ പൂര്‍വ്വ ചരിത്രമോ ഇരട്ടകള്‍ ആണെന്നോ ഇരുവര്‍ക്കും അറിയില്ലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ ഒരാളായ വിജയലക്ഷ്മിക്ക് അവളെ ദത്തെടുത്തതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞ് അറിയമായിരുന്നു. പഠിച്ചു വളര്‍ന്ന് ഉദ്യോഗസ്ഥയായപ്പോള്‍ തനിക്ക് പുതുജീവന്‍ സമ്മാനിച്ച അനാഥാലയം അവള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സന്ദര്‍ശന വേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു അറിവാണ് തനിക്കൊരു ഇരട്ട സഹോദരി ഉണ്ട് എന്നത്.
അന്നുമുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്റെ കൂടെപ്പിറപ്പിനായി അവള്‍ തിരച്ചില്‍ ആരംഭിച്ചു. അഞ്ചുവര്‍ഷത്തെ തിരച്ചിലിന് ഒടുവില്‍ കോട്ടയത്ത് ഒരു സ്വാശ്രയ കോളജില്‍ അധ്യാപികയായ സ്വന്തം സഹോദരി ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി.
ഇവർ പങ്കുവെച്ച ഫെയ്സ് ബുക്ക് പോസ്റ്റ്;
ഇന്ന് ഞങ്ങളുടെ ബര്‍ത്ഡേ ആണ്. ഒരു വര്‍ഷം രണ്ടു ബര്‍ത്ഡേ ആഘോഷിക്കാന്‍ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും പല സംശയങ്ങളും തോന്നിയേക്കാം. അവര്‍ക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. കൂട്ടത്തില്‍ എന്നെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിലുപരി മറ്റു പലര്‍ക്കും ചിലപ്പോള്‍ എന്റെ ഈ കഥ, അല്ലെങ്കില്‍ ഞങ്ങളുടെ ഈ കഥ ഒരു പ്രചോദനം ആയേക്കാം..
ആദ്യമേ തന്നെ പറയട്ടെ,’കഥയല്ലിതു ജീവിതം ആണ്.’
എന്റെ പേര് ദിവ്യ ശ്രീ, സോഷ്യല്‍ മീഡിയയില്‍ മറ്റും അത്യാവശ്യം ആക്റ്റീവ് ആയത് കൊണ്ട് തന്നെ 4000 ഫോളവേര്‍സില്‍ കുറച്ചു പേര്‍ക്കെങ്കിലും പേര്‍സണലി എന്നെ അറിയാം.
വളരെ അധികം കഷ്ടപ്പെട്ടു പഠിച്ചു എന്റെ പാഷന്‍ തിരഞ്ഞെടുത്തു ഞാന്‍ ഒരു അധ്യാപിക ആയി ജോലി ചെയ്യുന്നു. മറ്റുള്ള എല്ലാവരുടെയും പോലെ ഒരുപാട് ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയ എനിക്ക് ഒത്തിരി സന്തോഷത്തിന്റെയും, തീരാ നഷ്ടങ്ങളുടെയും നിരാശകളുടെയും കഥ പറയാനുണ്ട്. ഭൂതകാലത്തെ കുറിച്ചോര്‍ത്തു സങ്കടപെടാന്‍ ആഗ്രഹിക്കാത്ത ഞാന്‍ വാര്‍ത്തമാനകാലത്തില്‍ നന്ദിപൂര്‍വം സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ ഈയടുത്തു എന്റെ ജീവിതത്തില്‍ ഉണ്ടായ ആവിശ്വസനീയവും അത്യപൂര്‍വവുമായ ഒരു കൂടിക്കാഴ്ചയെ കുറിച്ച് പറയാനാണ് ഈ ആമുഖം.
ഇത്രയും വര്‍ഷങ്ങള്‍ ഒറ്റ മകള്‍ ആണെന്ന് വിശ്വസിച്ച എനിക്ക് എന്റെ സ്വന്തം രക്തത്തില്‍ പിറന്ന ഒരു ഇരട്ട സഹോദരി കൂടിയുണ്ടെന്നു അറിഞ്ഞ വര്‍ഷമായിരുന്നു ഈ 2022. അവള്‍ എന്നിലേക്കെത്തിയ വഴി അറിഞ്ഞാല്‍ ആരും ഞെട്ടും.!
അതിനു മുന്‍പായി എന്റെ ജീവിതത്തിലെ റിയല്‍ ഹീറോസിനെ ആണ് ഞാന്‍ ഇനി പരിചയപെടുത്തുന്നത്. ഒന്നാമതായി എന്റെ അമ്മ രുഗ്മിണി ദേവി, രണ്ടാമത് എന്റെ അച്ഛന്‍ ശ്രീകുമാര്‍. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഞാന്‍ കണ്ട ദൈവങ്ങള്‍ ആണവര്‍. ഞാന്‍ കണ്ട ഏറ്റവും നല്ല ദമ്ബതികളും അതിനേക്കാള്‍ നല്ല രക്ഷകര്‍ത്താക്കളും ആണവര്‍. എന്നെ പഠിപ്പിച്ചു വലുതാക്കി നല്ലൊരു വ്യക്തിയാക്കി എന്റെ എല്ലാ സന്തോഷത്തിലും ദുഖത്തിലും ഒരു പോലെ കട്ടക്ക് നിന്ന രണ്ടു പേര്‍. എന്നെ ആത്മവിശ്വാസം ഉള്ള ഒരാള്‍ ആക്കി മാറ്റിയതും ഇവര്‍ തന്നെയാണ്. നല്ലൊരു അച്ഛനും അമ്മയും ആകാന്‍ നൊന്തു പ്രസവിക്കേണ്ടെന്നു ജീവിതത്തിലൂടെ തെളിയിച്ചവര്‍ ആണ് ഇവര്‍. അതെങ്ങനെ എന്നല്ലേ.
അവിടെയാണ് കഥയിലെ ട്വിസ്റ്റ്.
എത്രയോ സത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടു.
ദത്തെടുക്കല്‍ ഒരു മോശം കാര്യമായി കാണുന്ന, ആ കുട്ടികള്‍ എല്ലാം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ആകുമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഇന്നും നമ്മുടെ ഇടയില്‍ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലൂടെ ഒന്നേ അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളു. ജന്മം കൊണ്ടല്ല മാതാപിതാക്കള്‍ ആകേണ്ടത്, കര്‍മം കൊണ്ടാണ്. കുട്ടികള്‍ ഇല്ലാതെ ഒരുപാടു വഴിപാടും, ചികിത്സകളുമായി നിരാശപെട്ടു ജീവിതം തള്ളിനീക്കാതെ നിങ്ങള്‍ ആരോരുമില്ലാത്ത ഒരു കുഞ്ഞിന് ഒരു ജീവിതം നല്‍കുന്നതിനെ പറ്റി ചിന്തിക്കൂ. അത് വഴി ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ക്ക് പ്രകാശം ആയത് പോലെ നിങ്ങളുടെ ജീവിതവും പാവം കുഞ്ഞുങ്ങളുടെ ജീവിതവും പ്രകാശിക്കട്ടെ.
ഇതുവരെ മാര്‍ച്ച് 10 ആയിരുന്നു എന്റെ അറിവില്‍ എന്റെ ബര്‍ത്ഡേ. ഇന്ന് മുതല്‍ ഡിസംബര്‍ 13നു ആയിരിക്കും ഞങ്ങള്‍ ഒരുമിച്ചു ബര്‍ത്ഡേ ആഘോഷിക്കുക.
നന്ദി
ഞാന്‍ വിശ്വസിക്കുന്ന എന്റെ ഗുരുവായൂരപ്പന്. എന്റെ അമ്മക്കും അച്ഛനും സഹോദരിക്കും എന്റെ എല്ലാ ബന്ധുമിത്രാതികള്‍ക്കും. പിന്നെ ഇത് മുഴുവന്‍ വായിക്കാന്‍ ക്ഷമ കാണിച്ച നിങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ എന്റെയും എന്റെ സഹോദരിയുടെയും പേരില്‍ ഒരായിരം നന്ദി.”