video
play-sharp-fill

അഴിമതി വിരുദ്ധ പോരാട്ടവുമായി നഗരസഭയിൽ തരംഗമാകാൻ ജനകീയ കൂട്ടായ്മ ട്വൻ്റി 20: എട്ടു വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കൂട്ടായ്മ പ്രകടന പത്രികയും പുറത്തിറക്കി

അഴിമതി വിരുദ്ധ പോരാട്ടവുമായി നഗരസഭയിൽ തരംഗമാകാൻ ജനകീയ കൂട്ടായ്മ ട്വൻ്റി 20: എട്ടു വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കൂട്ടായ്മ പ്രകടന പത്രികയും പുറത്തിറക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഴിമതി വിരുദ്ധ പോരാട്ടത്തിൽ ജനകീയ മുഖവുമായി ജനകീയ കൂട്ടായ്മ ട്വന്റി 20. കോട്ടയം നഗരസഭയിലേയ്ക്കു മത്സര രംഗത്തിറങ്ങുന്ന ട്വന്റി 20 എട്ടു സീറ്റിലേയ്ക്കു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയുടെ വാർഡ് 14 മുള്ളങ്കുഴിയിൽ ബിന്ദു എസ്.കുമാറാണ് സ്ഥാനാർത്ഥി. 25 പള്ളിക്കോണം വാർഡിൽ സബിത ബേബിയും, വാർഡ് 27 പതിനാറിൽച്ചിറയിൽ റോയി കെ.തോമസും, വാർഡ് നാല് പള്ളിപ്പുറത്തിൽ സുജാത ജോർജും, വാർഡ് 42 മറിയപ്പള്ളിയിൽ സുമംഗലാദേവിയും, 11 ൽ അമൽ കെ എബ്രഹാമും, 21 ൽ ജയശ്രീകുമാറും, വാർഡ് 17 ൽ ഫിലിപ്പ് കുട്ടിയുമാണ് സ്ഥാനാർത്ഥികൾ.

ഇതിനിടെ കോട്ടയം ജനകീയ കൂട്ടായ്മ ട്വന്റി 20 തങ്ങളുടെ പ്രകടന പത്രികയും പുറത്തിറക്കി. കോട്ടയം നഗരത്തിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരായുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞതാണ് ജനകീയ കൂട്ടായ്മ ട്വന്റി 20 യുടെ പ്രകടന പത്രിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകടന പത്രിക ഇങ്ങനെ;കാലാകാലങ്ങളായി വിവിധ രാഷ്ട്രീയകക്ഷികൾ വീതിച്ചെടുത്ത് അടിമകളായി നിലനിർത്തി കച്ചവടം ചെയ്തുവരുന്ന ജനങ്ങളെ ഈ കപട രാഷ്ട്രീയ ചങ്ങലകളിൽ നിന്നും മോചിപ്പിച്ച് ജനങ്ങളിൽ നിന്നും രാഷ്ട്രീയക്കാർ കവർന്നെടുത്ത അധികാരം ജനങ്ങളിൽ തിരികെയെത്തിച്ച് ജനാധിപത്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ പുനസ്ഥാപിച്ച്, അഴിമതി, സ്വജനപക്ഷപാദിത്വം, ദുർഭരണം, കെടുകാര്യസ്ഥത, എന്നീ തിന്മകളെ ഉന്മൂലനം ചെയ്ത് ഒരു സുതാര്യഭരണം നമുക്ക് ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി രൂപംകൊണ്ടതാണ് ജനകീയ കൂട്ടായ്മ കോട്ടയം ട്വന്റി 20.

ധർമ്മ സംഘമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കൂട്ടായ്മയുടെ പ്രസിഡന്റ് അഡ്വ.സന്തോഷ് കണ്ടംചിറയും, ജനറൽ സെക്രട്ടറി ജെവി ഫിലിപ്പകുട്ടിയും ഏഴ് അംഗങ്ങളുമടങ്ങുന്ന ഭരണസമിതിയുടെ കൂട്ടായ തീരുമാന പ്രകാരമാണ് സമിതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

അഴിമതിയുടെ കൂടാരമായ കോട്ടയം നഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും കൈക്കൂലിയ്ക്കും അറുതി വരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടുകൂടി നഗരസഭയിലെ പൊതുസമ്മതരും സ്വന്തമായി ഉപജീവമാർഗമുള്ളവരും അഴിമതിയുടെ കറ പുരളാത്തവരും ജനസേവന മനസ്ഥിതി ഉള്ളവരുമായ വ്യക്തികളെ തിരഞ്ഞെടുത്താണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തി വരുന്നത്.

ഈ സംഘടനയുടെ നിയമാവലിക്കും ഉദ്ദേശ ലക്ഷ്യങ്ങളോടും ഭാരതത്തിലെ ഭരണഘടനയോടും കൂറും വിശ്വസ്തതയും പുലർത്തുകയും തെളിയിക്കപ്പെട്ടതും വസ്തു നിഷ്ഠവുമായ അഴിമതി, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സംബന്ധിച്ചു എന്തെങ്കിലും സാധൂകരിക്കത്തക്ക ആരോപണം ഉണ്ടാകുന്ന പക്ഷം വോട്ടർമാരിൽ ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം സംഘത്തിന്റെ ഭരണസമിതി ആരോപണങ്ങൾ സംബന്ധിച്ചു പഠനവും തെളിവെടുപ്പും നടത്തുകയും കുറ്റക്കാരെന്നു തെളിഞ്ഞാൽ നിരുപാധികം കൗൺസിലർ സ്ഥാനം രാജി വയ്ക്കുമെന്നും മറ്റും വ്യവസ്ഥ ചെയ്യുന്ന സത്യവാങ് മൂലം ഒപ്പിട്ടു വാങ്ങിയതിനു ശേഷം മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

മറ്റൊരു രാഷ്ട്രീയ പാർട്ടികളും ചെയ്തിട്ടില്ലാത്ത വാർഡുതല ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ കൂട്ടായ്മ വമ്പിച്ച ജനശ്രദ്ധയാകർഷിച്ചത്. നവംബർ ഒന്നിനു അഡ്വ.സന്തോഷ് കണ്ടംചിറ ഗാന്ധിസ്‌ക്വയറിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത വാർഡ് തല പഠനയാത്ര മുടങ്ങാതെ നഗരസഭ വാർഡുകളിൽ പര്യടനം നടത്തി വരികയാണ്. ഓരോ വാർഡിലെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ നേരിൽക്കണ്ടു ബോധ്യപ്പെട്ട് അവയ്ക്കു പരിഹാരം ഉണ്ടാക്കുക എന്നതാണ് വാർഡ് തല പഠനയാത്രയുടെ ഉദ്ധേശ്യം. പഠനയാത്രാ വാഹനത്തിൽ ജനങ്ങൾ പരാതികൾ എത്തിച്ചു കൊടുക്കുകയും ഉടൻ തന്നെ, അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതുമാണ്.

നിരവധി പ്രശ്‌നങ്ങൾക്കു ഇതിനകം പരിഹാരം കണ്ടെത്തിയതും, തന്മൂലം വലിയ ജനകീയ പിൻതുണ ഈ കൂട്ടായ്മയ്ക്കു ലഭിക്കുന്നതും പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കു തലവേദനയായി മാറിയിട്ടുണ്ട്. ഇതുവരെ നഗരസഭയിലെ എട്ടു വാർഡുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇവർ ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടെയും കൊള്ളക്കാരുടെയും സംഭാവന വാങ്ങിയുള്ള പണക്കൊഴുപ്പുകൾ കാട്ടിയുള്ള പ്രചാരണം ഇല്ല. ഒരു സ്ഥാനാർത്ഥിയ്ക്കു മത്സരിക്കാൻ പരമാവധി 15000 രൂപ മാത്രം ചിലവഴിക്കുന്നു. മറ്റു വാർഡുകളിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ചു തകൃതിയായി ആലോചനയിലാണ്. നന്മയ്ക്കായി ഒരു മാറ്റം എന്ന മുദ്രാവാക്യത്തിനു ജനങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചു വരുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിനു ശേഷം മുനിസിപ്പാലിറ്റീസ് ആക്ട് ‌സംബന്ധിച്ചു ക്ലാസ് നടത്തിയാണ് സ്ഥാനാർത്ഥികളെ സജ്ജരാക്കുന്നത്.