കോട്ടയം തിരുവാർപ്പിൽ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി..! എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാൻ ധാരണ; നാളെ മുതൽ എല്ലാ ബസുകളും സർവീസ് ആരംഭിക്കും
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി മൂന്നുമാസത്തേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്.
തൊഴിലാളികളിൽ ആരോടും പക്ഷാഭേദം കാണിക്കുന്നില്ലെന്നും, നിലവിൽ കളക്ഷൻ കുറവുള്ള ബസുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും, അതുകൊണ്ട് ജീവനക്കാർ എല്ലാ ബസുകളിലും മാറിമാറി ജോലി ചെയ്യാനുമാണ് തീരുമാനമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നാളെ മുതൽ വെട്ടിക്കുളങ്ങര ബസ്സിന്റെ സർവീസ് പുനരാരംഭിക്കും.
വിഷയത്തിൽ നാലുമാസത്തിനുശേഷം ഒന്നുകൂടി ചർച്ചചെയ്ത് നിബന്ധനകൾ ഉറപ്പുവരുത്തുമെന്നും ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും പ്രതികരിച്ചു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇല്ലെന്ന് ചർച്ചയ്ക്കു ശേഷം ബസ് ഉടമ രാജ് മോഹൻ പ്രതികരിച്ചു.
അതേസമയം ഇന്ന് രാവിലെ നടന്ന ചർച്ചയിൽ, രാജ് മോഹനെ മർദ്ദിച്ച സിപിഎം നേതാവിനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് ചർച്ചയിൽ നിന്ന് രാജ് മോഹൻ ഇറങ്ങിപ്പോയി. പിന്നീട് ആരോപണ വിധേയനായ സിപിഎം നേതാവ് കെആർ അജയനെ ഒഴിവാക്കി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ തയ്യാറായി.
ഇതോടെ രാജ് മോഹൻ വൈകിട്ട് നടന്ന ചർച്ചയിൽ പങ്കെടുത്തു.സിഐടിയു പ്രവർത്തകർ ബസ്സിൽ കൊടികുത്തിയതിനെതിരെ പ്രതിഷേധിച്ച രാജ് മോഹനനെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ചതോടെയാണ് കോട്ടയം തിരുവാർപ്പിലെ തൊഴിൽ തർക്കം വിവാദമായത്.