
കോട്ടയം : തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ കടമുറികള്‍ ഒഴിഞ്ഞ് നല്‍കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇതോടെ പൊളിക്കല്‍ നടപടികളിലേക്ക് നഗരസഭ നീങ്ങും. ഒഴിപ്പിക്കലിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് നഗരസഭ തിങ്കളാഴ്ച നോട്ടീസ് നല്‍കും.
30ന് മുൻപ് കടകള്‍ ഒഴിഞ്ഞ് നഗരസഭ സെക്രട്ടറിക്ക് താക്കോല്‍ കൈമാറാനാണ് നിര്‍ദേശം. ബസ് സ്റ്റാന്‍ഡ് അടയ്ക്കാനും ധാരണയായി. അടുത്തമാസം പത്തിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ നീക്കി താക്കോലുകള്‍ കൈമാറാനുള്ള തീരുമാനം. ആദ്യം കല്‍പക കെട്ടിടമായിരിക്കും പൊളിക്കുക. പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്ന് നഗരസഭ ഉറപ്പുനല്‍കിയെന്നും വ്യാപാരികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തില്‍ വ്യാപാരി പ്രതിനിധികളായ എം.കെ ഖാദര്‍, മാത്യു നൈനാന്‍, അബൂബക്കര്‍, ബൈജു എന്നിവര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. പൊളിക്കുന്ന സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്ത് താത്ക്കാലികമായി സൗകര്യം ഒരുക്കണമെന്നും അവശേഷിക്കുന്നവര്‍ക്ക് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.
കോടതി വിധിയെത്തുടര്‍ന്ന് രണ്ട് തവണ കെട്ടിടം ഒഴിപ്പിക്കാന്‍ നഗരസഭ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം, 30 ന് കടകള്‍ പൂട്ടി താക്കോല്‍ കൈമാറിയാലും കച്ചവടം എവിടെ തുടരുമെന്നതില്‍ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. വ്യാപാരികളും ജീവനക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 800ഓളം പേരാണ് ഇതിനെ ആശ്രയിച്ച് കഴിയുന്നത്.



