
ആ 30 ശതമാനം ഞങ്ങൾക്കു കിട്ടുന്നുണ്ടോ? വ്യാജവാർത്ത എത്ര വേണമെങ്കിലും പ്രചരിപ്പിച്ചോളൂ..! പക്ഷേ, പരിശോധന നിർത്തില്ല; ലക്ഷ്യം സാധാരണക്കാരുടെ സുരക്ഷിതത്വം മാത്രം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു; തേർഡ് ഐ ന്യൂസ് ലൈവിൽ വീഡിയോ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പിഴ തുകയുടെ 30 ശതമാനം ലഭിക്കുന്നുണ്ടോ..! സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രചാരണത്തിന്റെ ചെറിയ അംശം മാത്രമാണ് ഇത്. ഇ – ചെല്ലാൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് കൃത്യമായി പരിശോധന നടത്താൻ ആരംഭിച്ചതോടെയാണ് അനധികൃതൻമാർക്കെല്ലാം പിടിവീണ് തുടങ്ങിയത്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി കൂടിയായതോടെ എട്ടും കുറ്റിയും വരച്ചു പോയി സാധാരണക്കാരായ വാഹന ഉടമകൾ.
ഇതിനുള്ള മറുമരുന്നുമായാണ് സോഷ്യൽ മീഡിയയിൽ ഒരു സംഘം രംഗത്ത് എത്തിയത്. മോട്ടോർ വാഹന വകുപ്പ് കൊറോണക്കാലത്ത് പിടിമുറുക്കി രംഗത്തിറങ്ങിയതിനു പിന്നിൽ ആരും കാണാത്ത ഒരു കാണാ ചരടുണ്ടെന്ന പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നടക്കുന്നത്. കേസുകൾ പിടിക്കുമ്പോൾ ഇതിന്റെ 30 ശതമാനം തുക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി ലഭിക്കുമെന്നാണ് പ്രചാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസ്. കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയുടെ കണക്കുകൾ സഹിതം ഇദ്ദേഹം വ്യക്തമാക്കുമ്പോൾ പൊളിയുന്നത് സോഷ്യൽ മീഡിയയുടെ വ്യാജ പ്രചാരണം തന്നെയാണ്.
പരിശോധനയുടെ 30 ശതമാനം സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്നതായും, അലോയ് വീലിന് വൻ പിഴ ഈടാക്കും എന്നും നടക്കുന്ന പ്രചാരണത്തിൽ അടിസ്ഥാനം ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിൽ ഒരു തുകയും ലഭിക്കില്ലെന്നും, ഇത് സംബന്ധിച്ചു ഒരു സർക്കാർ ഉത്തരവ് നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അലോയ് വീൽ പുറത്തേയ്ക്കു തള്ളി നിൽക്കുകയും, മറ്റുള്ളവർക്ക് അപകടം അസൗകര്യം ഉണ്ടാക്കുന്നതാണ് എങ്കിൽ മാത്രമേ നടപടി എടുക്കൂ. ബേസ് എൻഡിലുള്ള വാഹനത്തിന്, ഇതിന്റെ ഹയർ എൻഡിലുള്ള ഭാഗങ്ങൾ ഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 5000 കേസ് എടുത്തതിൽ 48 കേസ് മാത്രമാണ് മോഡിഫിക്കേഷന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം കേസുകൾ.
ഏകദേശം 60 ശതമാനത്തോളം കേസുകൾ സുരക്ഷയെ മുൻനിർത്തിയാണ് നടത്തിയിരിക്കുന്നത്, ഇതെല്ലാം ഹെൽമറ്റ് ധരിക്കാത്ത വാഹനങ്ങൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി കാണാൻ സാധിക്കാത്തതോ ഫാൻസി രീതിയിലോ ഉള്ള എഴുത്തുള്ള വാഹനങ്ങൾക്ക് എതിരെ 12 ശതമാനം കേസുകളും, 14 ശതമാനം കേസുകൾ കൂളിംങ് ഫിലിം ഒട്ടിച്ച് ഓടുന്നതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇ ചെല്ലാൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ വാഹനം തടഞ്ഞു നിർത്താതെ തന്നെ നടപടികൾ പിടികൂടാൻ പറ്റും. ഇത്തരത്തിൽ പരിശോധന ശക്തമാക്കുകയും, നടപടിയെടുക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ പരാതി ഉയർന്നതായാണ് മോട്ടോർ വാഹന വകുപ്പ് കണക്കാക്കുന്നത്. ഇത്തരം പ്രചാരണം ശക്തമായി തുടരുമെന്നും നടപടി ഉണ്ടാകുമെന്നും തന്നെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.