
കോട്ടയം: ഹരിഹർദാസ് തിരിച്ചെത്തിയില്ലെങ്കിലും അവന്റെ കൂട്ടുകാർ തിങ്കളാഴ്ച വൃന്ദവാദ്യം അവതരിപ്പിക്കും. അച്ഛനെ നഷ്ടമായ അവനുവേണ്ടി അത് ചെയ്തേ തീരൂ.
അപ്രതീക്ഷിത അപകടം ജീവിതം തട്ടിയെടുത്ത ഗായകൻ കലാഭവൻ അയ്യപ്പദാസിനുള്ള കലയില്‍ തീർത്ത പ്രണാമം.
കോട്ടയം ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസിലെ പ്ലസ്.ടു വിദ്യാർഥിയാണ് ഹരിഹർദാസ്. ഞായറാഴ്ച ഓടക്കുഴല്‍ മത്സരത്തില്‍ പങ്കെടുക്കാൻ ശനിയാഴ്ച തന്നെ അവൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശനിയാഴ്ച അർധരാത്രി പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛൻ അയ്യപ്പദാസിനെ മരണം തട്ടിയെടുത്തു. കോട്ടയം – എറണാകുളം റോഡില്‍ കാണക്കാരി കവലയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. കോട്ടയം സ്റ്റാർ വോയ്സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു അയ്യപ്പദാസ് (45). വിവാഹച്ചടങ്ങില്‍ പാട്ടുപാടി മടങ്ങവെയായിരുന്നു അപകടം.
ദുഃഖവാർത്ത അറിഞ്ഞതോടെ ഹരിഹർദാസിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഓടക്കുഴല്‍ മത്സരവും മുടങ്ങി. തിങ്കളാഴ്ച വേദി ആറിലെ വൃന്ദവാദ്യത്തിലും ഓടക്കുഴല്‍ വായിക്കേണ്ടത് അവനാണ്.
ഹരി എത്തിയില്ലെങ്കിലും ബാക്കി ആറു പേർ മത്സരത്തിനിറങ്ങും. മിഥുൻ എം. വാര്യർ (നാദസ്വരം), എം.ഡി.മുരളീകൃഷ്ണൻ (മൃദംഗം), പാർത്ഥിവ് സായി (വയലിൻ), അച്യുത് ബി. കൃഷ്ണ (കീബോർഡ്), ഷോണ്‍ മനോജ് സാം (ഗിറ്റാർ), അജിൻ ഐസക് (റിഥം ബോർഡ്) എന്നിവർ ആ വേദിയിലുണ്ടാകും; ഹരിയുടെ അച്ഛനായി പ്രാർത്ഥിച്ച്. ഈ കലോത്സവത്തില്‍ സ്കൂളിന് കിട്ടിയ അഞ്ച് എ ഗ്രേഡുകള്‍ സമർപ്പിച്ചതും അയ്യപ്പദാസിനു തന്നെ.