
സ്വന്തം ലേഖിക
കോട്ടയം: ഷാനിനെ കൊല്ലണമെന്ന ഉദ്ദേശം ജോമോന് ഇല്ലായിരുന്നുവെന്ന കോട്ടയം എസ് പിയുടെ ആദ്യ വെളിപ്പെടുത്തലിനെ തള്ളുന്നതാണ് അന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍.
ഷാനിനെ കണ്ണു കുത്തി പൊട്ടിച്ച ശേഷം അടിച്ചു കൊന്നത് വ്യക്തമായ ആസൂത്രണത്തോടെയാണെന്നാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ജോമോന്, മണര്‍കാട് ചിറയില്‍ ലുതീഷ് (പുല്‍ച്ചാടി ലുധീഷ്), അരീപ്പറമ്പ് കുന്നംപള്ളി സുധീഷ്, വെള്ളൂര്‍ നെടുംകാലായില്‍ കിരണ്‍, ഷാനിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവര്‍ മീനടം മലയില്‍ ബിനു എന്നിവരെയാണ് കോട്ടയം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് റിമാന്‍ഡ് ചെയ്തത്.
ലുതീഷ്, ജോമോന്, സുധീഷ്, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അതിന് ശേഷം ബിനുവിന്റെ ഓട്ടോറിക്ഷ വിളിച്ചു. രാത്രി എട്ടിനു ഷാനിനെ ഓട്ടോയില്‍ പിടിച്ചുകയറ്റി. കയറിയ ഉടനെ ഷാനിന്റെ കണ്ണില്‍ ജോമോന് കുത്തി. കണ്ണു കുത്തിപ്പൊട്ടിക്കുന്നത് ജോമോന്റെ ശൈലിയാണ്. കണ്ണില്‍ കുത്തുന്നതു കണ്ട് തങ്ങള്‍ പേടിച്ചു പോയെന്നു മറ്റു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
ആനത്താനത്തിനു സമീപമാണ് ജോമോന്റെ താമസം. വീടിനു സമീപം ഒഴിഞ്ഞ ചതുപ്പാണ് ഗുണ്ടാസംഘം മര്‍ദനത്തിനു പറ്റിയ സ്ഥലമായി കണ്ടുവച്ചത്. ഇവിടെ ആരും താമസമില്ല. നിലവിളിച്ചാലും പുറത്തു കേള്‍ക്കില്ലെന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.
റോഡിലൂടെ ഷാനിനെ വലിച്ചിഴച്ചാണ് ചതുപ്പില്‍ എത്തിച്ചത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി. ഓടാതിരിക്കാന്‍ ട്രൗസര്‍ കാലില്‍ പകുതി അഴിച്ചുവച്ചു. തൃശൂരില്‍ ലുതീഷിനെ തല്ലിയതു പോലെ തുണിപറിച്ച് അടിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഷാനിനെ ക്രൂരമായി മര്‍ദ്ദിച്ചു. പശുവിനെ കെട്ടാന്‍ അവിടെയുണ്ടായിരുന്ന കാപ്പിവടി കൊണ്ടായിരുന്നു അടി.
തലയില്‍ നിരന്തരമായി അടിച്ചു. അതോടെ തല ചതഞ്ഞ് രക്തസ്രാവമുണ്ടായി. ഷാന്‍ ബോധം കെട്ടു വീണു. സൂര്യനെ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടായിരുന്നു അടി.
ഷാന്‍ മരിച്ചതോടെ ഗുണ്ടാസംഘത്തില്‍ തര്‍ക്കമായി. ഷാനിന്റെ മൃതദേഹവുമായി ജോമോനും കൂട്ടരും നഗരത്തിലെത്തി. കൂടെയുണ്ടായിരുന്നവര്‍ ജോമോനുമായി തെറ്റി. ഇതോടെ ഷാനെ തോളില്‍ ചുമന്ന് ജോമോന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മാങ്ങാനത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തെളിവെടുപ്പില്‍ രണ്ടു ചെരിപ്പുകള്‍, ഷാനിന്റെ വസ്ത്രം, കൊന്ത എന്നിവ പലയിടത്തായി കിടന്നതായി പൊലീസ് കണ്ടെത്തി. 100 മീറ്റര്‍ അകലെ നിന്ന് ബെല്‍റ്റ് കണ്ടെത്തി. ജോമോന്റെ കയ്യിലും നീരുണ്ട്. ഷാനിനെ ഇടിച്ചപ്പോഴാണ് നീരു വന്നതെന്ന് പൊലീസ് പറഞ്ഞു.
ലുതീഷ്, അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് എന്നിവരെ ബുധനാഴ്ച കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പ് നിലത്തിലെത്തിച്ച് തെളിവെടുപ്പും നടത്തി. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി എത്തിയത്. ആദ്യം ലുതീഷുമായി തെളിവെടുത്തു. ചതുപ്പിലേക്ക് എത്തിച്ചതും മര്‍ദിച്ചതും ലുതീഷ് വിശദീകരിച്ചു.
ഷാനിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് തങ്ങള്‍ പറഞ്ഞെങ്കിലും ജോമോന് അംഗീകരിച്ചില്ലെന്ന് തെളിവെടുപ്പിനിടെ ലുതീഷ് പൊലീസിനോട് പറഞ്ഞു. ഓട്ടോയില്‍ ഷാനുമായി മടങ്ങുന്നതിനിടെ ജോമോനുമായി ഇതേച്ചൊല്ലി വാക്തര്‍ക്കമുണ്ടായി എന്നും സമ്മതിച്ചു.
എല്ലാവരും ചേര്‍ന്നാണ് ഷാനിനെ ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടത്. തുടര്‍ന്ന് വലിച്ചിഴച്ചാണ് ആനത്താനത്തെ വിജനസ്ഥലത്ത് എത്തിച്ചതും ക്രൂരമായി മര്‍ദിച്ചതും. ചതുപ്പിലിരുന്ന് പ്രതികള്‍ മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. കഞ്ഞിക്കുഴിയില്‍ നിന്ന് ഇറഞ്ഞാല്‍ വഴിയായിരുന്നു ഷാനുമായി സംഘം മടങ്ങിയത്. തുടര്‍ന്ന് സബ് ജയിലിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തി.
ഇതിനിടെ ഷാന്‍ മരിച്ചതിനാല്‍ ജോമോന് മൃതദേഹം ചുമന്ന് പൊലീസ് സ്റ്റേഷനില്‍ ഇടുകയായിരുന്നു. ഈ സമയം മറ്റുള്ളവര്‍ കടന്നുകളഞ്ഞു. പ്രതികള്‍ക്കെല്ലാം ഷാന്‍ മരണപ്പെടുമെന്ന് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം, കൊല്ലാന്‍ വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെ ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധയും നടത്തി.
നാലാംപ്രതി വെള്ളൂര്‍ നെടുംകാലായില്‍ കിരണ്‍, അഞ്ചാംപ്രതി ഓട്ടോ ഡ്രൈവര്‍ മീനടം മലയില്‍ ബിനു എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് നടത്തും. അടുത്ത ദിവസം പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പൊലീസ് തീരുമാനം