
കോട്ടയം: വിഷൻ 2031 പരിപാടിയുടെ ഭാഗമായി ഒക്ടോബറിൽ കോട്ടയത്തു നടത്തുന്ന സെമിനാർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കോട്ടയം ബസേലിയോസ് കോളജിൽ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഷൻ 2031 പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന 33 സെമിനാറുകളിലൊന്നാണ് ഒക്ടോബർ 18ന് കോട്ടയത്ത് നടക്കുന്നത്.
കോട്ടയം മാമ്മൻ മാപ്പിള ഹാളാണ് പ്രധാന വേദി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ബി.സി.എം, ബസേലിയോസ് കോളജുകളിലും അനുബന്ധ പരിപാടികൾ നടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കെടുക്കും. ഈ രംഗത്ത് സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും.
നൈപുണ്യ വികസനത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ മുന്നേറ്റം നടത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ സഹായിച്ചത് അസാപ് നൈപുണ്യകേന്ദ്രമാണ്.
വിദ്യാഭ്യാസ രംഗത്തുണ്ടാകേണ്ട കാലോചിത പരിഷ്കാരങ്ങളും സെമിനാറിലെ ചർച്ചകളുടെ ഭാഗമാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ സി.ടി. അരവിന്ദ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി രാജൻ വർഗീസ്, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ,
സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, ബസേലിയോസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ ബിജു തോമസ്എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ, കോളജ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടകസമിതി രൂപീകരിച്ചു
സംസ്ഥാന സർക്കാരിൻ്റെ വിഷൻ 2031 പരിപാടിയുടെ ഭാഗമായി ഒക്ടോബർ 18ന് കോട്ടയത്തു നടക്കുന്ന ഉന്നത വിദ്യാഭ്യാസ സെമിനാറിന്റെ നടത്തിപ്പിനായി സഹകരണ- തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ രക്ഷാധികാരിയായും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർപേഴ്സണായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
എം.ജി. സർവകാലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ്കുമാർ ആണ് വർക്കിംഗ് ചെയർപേഴ്സൺ. ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. സുധീർ വർക്കിംഗ് സെക്രട്ടറിയും എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ കൺവീനറുമാണ്.