
വൈക്കം: ജില്ലയില്‍ ആർടിഒയുടെ സേവനം ഇല്ലാതായിട്ട് രണ്ടുമാസം പിന്നിട്ടു.
ഇത് മോട്ടോർവാഹന വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
കഴിഞ്ഞ ജൂലായ് അഞ്ചിനാണ് കോട്ടയം ആർടിഒ ആയിരുന്ന കെ. അജിത്കുമാർ കൊല്ലത്തേക്ക് സ്ഥലംമാറിപ്പോയത്. പകരം എത്തിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റയുടൻ അവധിയില്‍ പ്രവേശിച്ചു.
പത്തനംതിട്ട ആർടിഒ സി. ശ്യാമിന് ജില്ലയുടെ അധികച്ചുമതല നല്കി. പമ്പയില്‍ നടക്കുന്ന അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടുള്ള ചുമതലകളും അദ്ദേഹത്തിനുണ്ട്. അതിനാല്‍ രണ്ടുജില്ലയിലെ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സമയത്ത് ചെയ്തുതീർക്കാൻ കഴിയാത്ത സ്ഥിതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർടിഒ ഇല്ലാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യബസുടമകളും വാഹനഡീലർമാരുമാണ്. ബസുകള്‍ക്ക് സ്റ്റേജ് കാര്യേജ് പെർമിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആർടിഒ പരിശോധിക്കേണ്ടതുണ്ട്. ചരക്കുവാഹനങ്ങളുടെ ദേശീയ പെർമിറ്റുകള്‍ പുതുക്കല്‍, ഡ്രൈവിങ് ലൈസൻസുകള്‍ അയോഗ്യമാക്കല്‍, വാഹന രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആർടിഒയുടെ അനുമതി ആവശ്യം.
നിരവധി ഫയലുകളാണ് വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ആർടിഒ ഇല്ലാത്തതിനാല്‍ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യോഗവും ചേരാൻ കഴിയില്ല.



