
കോട്ടയം റൗണ്ടാന ജംഗ്ഷനിലെ ആകാശപ്പാതയില്‍ വിജിലന്‍സ് അന്വേഷണം; 2020 ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും നടത്തിയത്
സ്വന്തം ലേഖകൻ
കോട്ടയം: നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളായ ആകാശപ്പാത നിര്‍മാണത്തില്‍ വിജിലന്‍സ് പരിശോധന. ആകാശപ്പാതയുമായി ബന്ധപ്പെട്ട് 2020 ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയുമെന്നാണു സൂചന.
വിജിലന്‍സ് ഉദ്യോഗസ്‌ഥരും ഇവരുടെ നിര്‍ദേശാനുസരണമെത്തിയ പൊതുമരാമത്ത് സംഘവുമാണു പരിശോധന നടത്തിയത്. തുടര്‍ന്നു പാതയുടെ അളവെടുത്തു.
ആകാശപ്പാതയ്‌ക്ക് ആവശ്യമായ സ്‌ഥലം എടുക്കാതെ നിര്‍മാണം തുടങ്ങിയതിനെകുറിച്ചു നേരത്തെതന്നെ പരാതികളുണ്ടായിരുന്നു. മുകളിലേക്കുള്ള യന്ത്രപ്പടികളും ലിഫ്‌റ്റും നിര്‍മിക്കുന്നിനു കൂടുതല്‍ സ്‌ഥലം ആവശ്യമാണ്. റോഡിനു പുറത്തു സ്വകാര്യ വ്യക്‌തികളുടെയും നഗരസഭയുടെയും സ്‌ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടി വരിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപരേഖ പ്രകാരം നഗരസഭാ ഓഫിസിനുമുന്നിലും ബേക്കര്‍ ജങ്‌ഷനിലേക്കുള്ള റോഡിലും ശാസ്‌ത്രി റോഡരികിലും ടെമ്ബിള്‍റോഡിലുമാണു ലിഫ്‌റ്റുകള്‍ വിഭാവനം ചെയ്‌തിട്ടുള്ളത്. നഗരസഭയുടെ സ്‌ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സ്‌ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്‌തത തുടരുകയാണ്.
2016 ഫെബ്രുവരിയിലാണു പദ്ധതിയ്‌ക്കു തുടക്കം കുറിച്ചത്. കിറ്റ്‌കോയ്‌ക്കു നിര്‍മാണച്ചുമതല നല്‍കി. അഞ്ചുമാസംകൊണ്ടു പണി തീര്‍ക്കാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഭരണം മാറിയതോടെ നിര്‍മാണം നിലച്ചു. 2019 ജൂണില്‍ ഗാന്ധി സ്‌മൃതി മണ്ഡപം കൂടി ഉള്‍പ്പെടുത്തി രൂപരേഖ പരിഷ്‌കരിച്ചതോടെ പാതയ്‌ക്കു വീണ്ടും ജീവന്‍ വെച്ചു. എന്നാല്‍, തൂണുകള്‍ സ്‌ഥാപിച്ചതല്ലാതെ പിന്നീടൊന്നും നടന്നില്ല.