കഞ്ഞിക്കുഴി മുതല്‍ കോട്ടയം ടൗണ്‍ വരെ 17 കുഴികള്‍; കെകെ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് റോഡിലെ കുഴിയില്‍ പൂക്കളമിട്ട് കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് ദേശീയ പാതയില്‍ കെകെ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് പൂക്കളമിട്ട് യുഡിഎഫ് സമരം.

എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് പുതിയ റോഡുകളുടെ ഉദ്ഘാടനത്തിന് ജില്ലയിലെത്തിയപ്പോഴാണ് യുഡിഎഫ് സമരം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ തിരക്കേറിയ കഞ്ഞിക്കുഴി ജംഗ്ഷനിലാണ് പ്രയിഷേധം നടന്നത്. ജംഗ്ഷന് ഒത്ത നടുവിലുള്ള ഭീമമന്‍ കുഴികളില്‍ പൂക്കളമിട്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. മൂന്നു കിലോ പൂക്കളുമായി വന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡിന് നടുക്ക് നിലയുറപ്പിച്ചു.
പിന്നാലെ ഓണപ്പൂക്കളത്തെ അനുസ്മരിപ്പിക്കും വിധം പൂക്കളമിട്ടു തുടങ്ങി.

ദേശീയ പാത 220ല്‍ കഞ്ഞിക്കുഴിയില്‍ നിന്ന് കോട്ടയം ടൗണ്‍ വരെയെത്താന്‍ 17 കുഴികള്‍ താണ്ടണം. നിലവിലുള്ള കുഴികളുടെ അവസ്ഥ പരിതാപകരമാവുകയും പുതിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തതോടെയാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വീണ ജോര്‍ജ്,എം ബി രാജേഷ് തുടങ്ങിയവര്‍ കോട്ടയത്തെത്തിയ ദിവസമാണ് യുഡിഎഫ് പൂക്കള പ്രതിഷേധം സംഘടിപ്പിച്ചത്.

ഇത് വേറിട്ട ഒരു പ്രതിഷേധമാണെന്നും റോഡിലെ കുഴികള്‍ക്കെതിരെ യാതൊരു നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു സമരം സംഘടിപ്പിച്ചതെന്നും യു‍ഡിഎഫ് പ്രതിനിധി സിസി ബോബി പറഞ്ഞു. മന്ത്രിമാര്‍ വരുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു സമരം. അവര്‍ക്ക് പഴയ റോഡിനോടാണ് താല്പര്യമെന്നും പുതിയ റോഡുകള്‍ കൂടി പരിഗണിക്കണമെന്നും കോട്ടയം ജില്ലയിലെ മിക്ക റോഡുകളും ഇതെ അവസ്ഥയിലാണെന്നും സിസി ബോബി കൂട്ടിച്ചേര്‍ത്തു.

ഇത് ദേശീയ പാതയാണ്. എന്നാല്‍ ദേശീയ പാതയുടെ ഒരു ഗുണവും മണവും ഇതിനില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഇതിനെ ദേശീയ കുഴിയെന്നും സംസ്ഥാന കുഴിയെന്നും വിഭജിച്ചത്. എന്നാല്‍ ആളുകളുടെ അനുഭവത്തില്‍ രണ്ടും തുല്യമാണ്. കോട്ടയത്തിന്റെ മിക്ക ഭാഗങ്ങളിലുമുണ്ട് കുഴികള്‍ . എന്നാല്‍ അവിടെ സമരങ്ങള്‍ നടത്താത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് ഇവിടെ മാത്രം ലഘുവായി ഈ സമരം സംഘടിപ്പിച്ചെതെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യു പറഞ്ഞു.