കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം: ഇളംകാട്ടിൽ ഉരുളുപൊട്ടി ; ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
സ്വന്തം ലേഖകൻ
കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം ഇളംകാട്ടിൽ ഉരുളുപൊട്ടി. മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോര പട്ടണമായ മുണ്ടക്കയത്തിന്റെ പ്രാന്തപ്രേദശങ്ങൾ വെള്ളത്തിനടിയിലായി. മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് മധ്യവയസ്‌കൻ മരണമടഞ്ഞു. ചിറക്കടവ് വയലേപ്പടിയിലാണ് മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻകുട്ടി (50) ഒഴുക്കിൽപ്പെട്ട് മരിച്ചത്. വയലേപ്പടി ഷാപ്പിലേ ജീവനക്കാരനായിരുന്നു ഇയാൾ. ഇളംകാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു.
പുലർച്ചെ ആറ് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇവിടെ വെള്ളപാച്ചിലിൽ റോഡ് ഒലിച്ചുപോയി.ഇതോടെ മുണ്ടക്കയത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം കയറി, മണിമല റോഡിൽ ബസുകൾ സർവ്വീസുകൾ നിർത്തിവച്ചു.ഈരാറ്റുപേട്ട റോഡിലും ചെറുവാഹനങ്ങളുടെ ഗതാഗതം വെള്ളം കയറിയതിനെ തുടർന്ന് തടസപ്പെട്ടു. മുണ്ടക്കയം കോസ് വേ, കുട്ടിക്കൽ ചപ്പാത്ത്, പഴയിടം പാലം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. മുണ്ടക്കയം കോസ് വേ വെള്ളത്തിനടിയിലായതിനെ തുടർന്ന് കോരുത്തോട്, എരുമേലി, പുഞ്ചവയൽ മേഖലയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. മണിമലയാർ കരകവിഞ്ഞൊഴുകുന്നതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനന് ജില്ലാ ഭരണകൂടം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group