കോട്ടയം റയില്‍വെ സ്റ്റേഷനില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഒരുങ്ങുന്നു;ജോസ് കെ.മാണി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം റയില്‍വെ സ്റ്റേഷനില്‍ 1.65 കോടി രൂപ ചിലവില്‍ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണത്തിന് ഉടന്‍ തുടക്കമാകുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയത്ത് തിരുവനന്തപുരം ഡിവിഷണല്‍ എന്‍ജിനീയറുമായി ചര്‍ച്ച നടത്തിയതായും എം.പി പറഞ്ഞു. കോട്ടയത്തെ പാര്‍ക്കിംഗ് ഏരിയായിലെ സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇരുചക്രവാഹനങ്ങള്‍ക്കായാണ് ഈ സൗകര്യം ഒരുക്കുന്നത്. നിലവില്‍ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മരചില്ലുകള്‍ ഒടിഞ്ഞ് വീണും കിളികളുടെ കാഷ്‌ടം വീണും വളരെ ബുദ്ധിമുട്ട് നേരിടുനുണ്ട്. പുതിയ സൗകര്യം ഒരുങ്ങുന്നതോടെ വാഹനങ്ങള്‍ വളരെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുവാനാവും. നിലവിലെ പാര്‍ക്കിംഗ് ഏരിയായില്‍ കൂടുതല്‍ ഭാഗവും ഇരുചക്രവാഹന യാത്രക്കാരാണ് ഉപയോഗിക്കുന്നത്. 250 ഓളം ഇരുചക്രവാഹനങ്ങള്‍ ദിനംപ്രതി പാര്‍ക്ക് ചെയ്യുന്നുണ്ട്. മള്‍ട്ടിലെവല്‍ സൗകര്യം ഒരുങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ കുറഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യുവാനും മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാവുകയും ചെയ്യും. റയില്‍വെ നേരിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. റോഡില്‍ നിന്നും താഴത്തെ നിലയില്‍ നിന്നും വാഹങ്ങള്‍ക്ക് മുകളിലത്തെ നിലകളിലെക്ക് കയറാവുന്ന രീതിയിലാവും പദ്ധതിയുടെ നിര്‍മ്മാണം. ഏകദേശം മാര്‍ച്ച് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കോട്ടയത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം കേരളത്തിലെ റയില്‍വെയുടെ ആദ്യത്തെ സംരംഭമാണ്.
സ്റ്റീലില്‍ നട്ടും, ബോള്‍ട്ടും ഉപയോഗിച്ചാണ് പുതിയ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നത്. സ്ഥലസൗകര്യം അനുസരിച്ച് ഏപ്പോള്‍ വേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്ന വിധത്തിലാവും നിര്‍മ്മാണം. ഇപ്പോഴത്തെ പാര്‍ക്കിംഗ് ഏരിയായിലാണ് പുതിയ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നത്. എന്നാല്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭാവിയില്‍ മറ്റേതെങ്കിലും പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group