play-sharp-fill
കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: അക്ഷരങ്ങളുടെ നഗരത്തിന്റെ റെയിൽവേ സ്‌റ്റേഷനിൽ മുഖം മിനുക്കാൻ പുതിയ പ്ദ്ധതികൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനൊപ്പം നാഗമ്പടം മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേയുടെ പുതിയ പദ്ധതികൾ നഗരത്തിൽ യാഥാർത്ഥ്യത്തിലെത്തും. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നാഗമ്പടം മേൽപ്പാലം നവംബർ 15 ന് തുറക്കാനും, രണ്ടാം കവാടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനം ആയത്. റയിൽവെ വികസനമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ദക്ഷിണറയിൽവെ ജനറൽമാനേജർ ആർ.കെ കുൽശ്രേഷ്ഠയുമായി നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
കഴിഞ്ഞ ദിവസം ജോസ് കെ.മാണി ചീഫ് എൻജിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കോട്ടയത്ത് നടത്തിയ ചർച്ചയിൽ നവംബർ 15 ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നു. നിർമ്മാണവേളയിൽ പലപ്പോഴും കാലാവസ്ഥപ്രതികൂലമായത് പൂർത്തീകരണത്തിന് കാലതാമസം നേരിട്ടിരുന്നു. ഒക്ടോബർ 20 നകം
കോട്ടയത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേക്കുള്ള ഒരുവരി ഗതാഗതയോഗ്യമാക്കണമെന്നും എം.പി യോഗത്തിൽ നിർദേശം വയ്ക്കുകയും റയിൽവെ ഉദ്യോഗസ്ഥർ അംഗീകരിക്കുകയും ചെയ്തു.
ഗുഡ്ഷെഡ് റോഡിൽ നിന്നും രണ്ടാമതൊരു പ്രവേശനകവാടത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കണം. ടിക്കറ്റ് കൗണ്ടർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടുകൂടിയാവണം രണ്ടാം കവാടം തുറക്കേണ്ട്. യാത്രക്കാരിൽ നല്ലൊരുഭാഗം നാഗമ്പടം ഭാഗത്ത് നിന്നാണ് നിലവിൽ സ്റ്റേഷനിൽ എത്തുന്നത്. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം
പരിഗണിച്ചുകൊണ്ട് ആധുനിക നിലവാരമുള്ള സൗകര്യങ്ങൾ കോട്ടയത്ത് നടപ്പാക്കണം. കേന്ദ്രസർക്കാരിൽ നിരന്തര സമ്മർദ്ധം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം റയിൽവെ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 20 കോടി രൂപ ഇതിനോടകം വകയിരുത്തിയിട്ടുണ്ട്. അതിന്റെ നടപടികക്രമങ്ങൾ വേഗത്തിലാക്കണമെന്നും
എം.പി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഈ സെക്ടറിലെ ഇരട്ടിപ്പിക്കൽ
ജോലികൾക്കാവശ്യമായ മുഴുവൻ തുകയും റയിൽവെ ഇതിനോടകം വകയിരുത്തിയിട്ടുണ്ട്. നിർമ്മാണം ഏകദേശം പൂർത്തിയായ കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത ഇരട്ടപ്പാത ഈ വർഷം അവസാനത്തോടെ കമ്മീഷൻ ചെയ്യണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷൻ നീണ്ടൂർ – അതിരമ്പുഴ റോഡിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ നീണ്ടൂർ റോഡിലെ മേൽപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കണം. കഴിഞ്ഞ കേന്ദ്രസർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച കാരിത്താസ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ അവസാനഘട്ടത്തിൽ എത്തിയസാഹചര്യത്തിൽ
റയിൽവെ ടെൻഡർ നടപടികൾ ആരംഭിക്കണം.
സ്ത്രീകൾ ഉൾപ്പടെയുള്ള സ്ഥിരം യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വേണാട് ഉൾപ്പടെയുള്ള ട്രെയിനുകൾ സമയനിഷ്ട പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. രാവിലെ കൊല്ലത്ത് നിന്നും കോട്ടയത്തേക്കുള്ള പാസഞ്ചർ ട്രയിൻ എറണാകുളം വരെ സർവ്വീസ് നീട്ടണം. ഇക്കാര്യങ്ങളിൽ അടിയന്തിര നടപടി ഉടൻ ഉണ്ടാകുമെന്നും ജനറൽ മാനേജർ അറിയിച്ചു.