കോട്ടയത്ത് കേരള കോൺഗ്രസുകൾ പരസ്പരം ഏറ്റുമുട്ടുമോ..? സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു: ജോസ് കെ.മാണിക്ക് പകരം മൂന്നു പേരുകൾ; എൻഡിഎയിലും ഇടതു മുന്നണിയിലും സാധ്യത നിലനിർത്തി കേരള കോൺഗ്രസ്; പിടിവിടാതെ ജനതാദൾ; പിടിച്ചെടുക്കാൻ സിപിഎം
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് അടക്കം പരിഗണനയ്ക്ക് വന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്ക് കടക്കുന്നു. മൂന്നു മുന്നണികളിലും കേരള കോൺഗ്രസുകൾ പരസ്പരം ഏറ്റുമുട്ടുമോ എന്നതാണ് ഇപ്പോൾ കോട്ടയം ഉറ്റു നോക്കുന്നു മില്യൺ ഡോളർ ചോദ്യം. ജോസ് കെ.മാണി ഒഴിഞ്ഞ പാർലമെന്റ് സീറ്റ് ഇക്കുറിയും കേരള കോൺഗ്രസിന് തന്നെയാണെന്ന് ആർധശങ്കയ്ക്കിടയില്ലാതെ ഉറപ്പിച്ച് കഴിഞ്ഞു. ബിഡിജെഎസിന്റെ വെല്ലുവിളി മറികടന്ന് പി.സി തോമസ് കേരള കോൺഗ്രസുമായി എത്തുമെന്നത് എൻഡിഎയിൽ ഏതാണ്ട് 90 ശതമാനവും ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ജനതാദള്ളിനെയും സിപിഎമ്മിനെയും വെട്ടി ഫ്രാൻസിസ് ജോർജ് ജനാധിപത്യ കേരള കോൺഗ്രസുമായി എത്തുമോയൈന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ഒന്നേകാൽ ലക്ഷം കടന്ന ഭൂരിപക്ഷവുമായി പാർലമെന്റിലേയ്ക്ക് പോയ ജോസ് കെ.മാണിയും കൂട്ടരും ഇക്കുറിയും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. മുൻ ഏറ്റുമാനൂർ എംഎൽഎയും കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ തോമസ് ചാഴികാടന്റെ പേരാണ് പ്രഥമ പരിഗണന നൽകുന്നത്. യുവജന പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കിൽ യൂത്ത് ഫ്രണ്ട് നേതാക്കളായിരുന്ന പ്രിൻസ് ലൂക്കോസിനും, സജി മണ്ണക്കടമ്പനുമാകും നിറക്ക് വീഴുക. ജോസ് കെ.മാണി എംപി തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച തേടിയാണ് കേരള കോൺഗ്രസ് ഇക്കുറി വോട്ട് തേടുന്നത്. അതുകൊണ്ടു തന്നെ ഇക്കുറി വിജയം ഉറപ്പാണെന്നാണ് കേരള കോൺഗ്രസ് അവകാശപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഡിഎയിൽ കഴിഞ്ഞ തവണ ബിജെപി മത്സരിച്ച കോട്ടയം സീറ്റ് ഇക്കുറി ഘടകകക്ഷികൾക്ക് നൽകുമെന്നാണ് സൂചന. ആദ്യം സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത് ബിഡിജെഎസ് ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സുഭാഷ് വാസുവിനു വേണ്ടിയായിരുന്നു ബിഡിജെഎസ് കോട്ടയം പാർലമെന്റ് മണ്ഡലം ആവശ്യപ്പെട്ടത്. എന്നാൽ, ദേശീയ തലത്തിൽ കളിച്ച കളിയിലൂടെ കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് കോട്ടയം മണ്ഡലം 90 ശതമാനവും ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പി.സി തോമസിന് തന്നെയാണ് കോട്ടയം മണ്ഡലം എന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മത്സരിച്ച തിരഞ്ഞെടുപ്പിലൊന്നും പരാജയപ്പെട്ടിട്ടില്ലെന്നത് പി.സി തോമസിൽ ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
കഴിഞ്ഞ തവണ ജനതാദള്ളിലെ മാത്യു ടി.തോമസ് മത്സരിച്ച പാർലമെന്റ് സീറ്റിൽ ജനതാദൾ ഇത്തവണ അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാൽ, ജനതാദള്ളിനു സീറ്റ് നൽകുന്നതിനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. എന്നാൽ, സീറ്റ് വിട്ടു നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകണമെന്ന ധാരണയും ഇടത് മുന്നണിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, എൻഡിഎയിലും യുഡിഎഫിലും കേരള കോൺഗ്രസ് തന്നെ മത്സരിക്കുമ്പോൾ ക്രൈസതവ വോട്ടുകളിൽ വിള്ളൽ വീഴുമെന്നും, ഇതു വഴി ഇടതു മുന്നണിയ്ക്ക് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം കണക്ക് കൂട്ടുന്നത്. അതുകൊണ്ടു തന്നെ കോട്ടയത്ത് സിപിഎം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.