
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പുത്തനങ്ങാടിയിലുണ്ട് യജമാനൻ എവിടെ പോയാലും സന്തത സഹചാരിയായി ഒരു നായ കുട്ടി.
യാത്ര കാല്‍നടയായാലും സ്കൂട്ടറിലായാലും ഇവനു പ്രശ്നമല്ല. കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ എഎസ്ഐ പുത്തനങ്ങാടി കൊച്ചുപറമ്പില്‍ കെ.എ. ശ്രീകുമാറും ഇദ്ദേഹത്തിന്റെ നായ്ക്കുട്ടി അപ്പുവുമാണ് പ്രത്യേകതയുള്ള ഈ കഥാപാത്രങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുചക്ര വാഹനത്തില്‍ പോലീസുകാരന്റെ പുറകിലിരിന്നു കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന നായ്ക്കുട്ടിയെ ആദ്യം കണ്ടപ്പോള്‍ എല്ലാവരും സംശയിച്ചു, ഇതു പൊലീസ് നായയായിരിക്കും. പൊലീസ് ശിക്ഷണം നല്‍കിയതിനാലാകാം ഇത്ര അനുസരണയെന്ന്.
എന്നാല്‍ തെറ്റി, തനിക്കൊപ്പമുള്ളത് തനി നാടന്നായതന്നെയെന്ന് ശ്രീകുമാര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ, ശ്രീകുമാര്‍ അല്പം പൊലീസ് മുറയില്‍ ശിക്ഷണം നല്‍കിയിട്ടുണ്ട്.
അഞ്ച് മാസം മുൻപ് എആര്‍ ക്യാമ്പില്‍നിന്നാണ് ശ്രീകുമാറിന് നായ്ക്കുട്ടിയെ കിട്ടുന്നത്. വീട്ടിലെത്തിച്ചു നായ്ക്കുട്ടിയെ പരിപാലിച്ചു. ശ്രീകുമാറും ഭാര്യ ഷൈമോളും മക്കളായ ആഭ, സാഹിത്യ എന്നിവരുമായി നല്ലതുപോലെ ഇണങ്ങിയ പ്രിയപ്പെട്ട നായ്ക്കുട്ടിക്ക് അപ്പു എന്നു പേരിടുകയും ചെയ്തു.
മക്കളെ സ്കൂളിലേക്കു സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്ന കാഴ്ച കണ്ടാണ് അപ്പുവും സ്കൂട്ടറില്‍ കയറാന്‍ തുടങ്ങിയത്. സവാരി ഇഷ്ടമായതോടെ ഇപ്പോള്‍ ശ്രീകുമാര്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കിയാല്‍ അപ്പുവും ചാടിക്കയറും. രണ്ടു കൈകളും ശ്രീകുമാറിന്റെ തോളിലൂടെ മുന്നോട്ടിട്ടു പുറകിലിരുന്നാണ് അപ്പുവിന്റെ സവാരി.
ടൗണില്‍ സാധനങ്ങള്‍ വാങ്ങാനും മകളെ സ്കൂളിലാക്കാനുമൊക്കെ പോകുമ്പോള്‍ അപ്പുവും കൂടെയുണ്ടാകും. ഡ്യൂട്ടിക്കു പോകുമ്പോള്‍ അപ്പുവിനെ കൂട്ടിലാക്കിയാണ് ശ്രീകുമാറിന്റെ യാത്ര. ശ്രീകുമാറിനൊപ്പം സ്കൂട്ടറിലുള്ള അപ്പുവിന്റെ സവാരി ഇപ്പോള്‍ പുത്തനങ്ങാടിക്കാരുടെയും കോട്ടയം നഗരവാസികളുടെയും കൗതുകക്കാഴ്ചയാണ്.



