ക്രിസ്മസ് – പുതുവത്സര സമ്മാനം; കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എംപി ; പാസ്പോര്‍ട്ട് ഓഫീസിന്റെ എല്ലാം കുരുക്കഴിച്ചത് എംപി നേരിട്ടിറങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ക്രിസ്മസ് – പുതുവത്സര സമ്മാനമായി പാസ്പോര്‍ട്ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എംപി. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി എംപി അറിയിച്ചു.
പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാൻ തടസ്സമായി നിന്നിരുന്ന ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റില്‍ എംപി നേരിട്ട് ഇടപെട്ട് തടസ്സം നീക്കിയതോടെയാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാൻ നിര്‍ദേശം വന്നത്. അന്നേ ദിവസം കെട്ടിടത്തിന് ഉലച്ചില്‍ ഉണ്ടായി എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം.
റീജണല്‍ പാസ്പോര്‍ട്ട് ഓഫിസുമായി എംപി ബന്ധപ്പെട്ടപ്പോള്‍ കെട്ടിടത്തിന്റെ സുരക്ഷ പരിശോധന നടത്തിയ സിപിഡബ്ല്യുഡി (സെൻട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്) ഇക്കാര്യം സ്ഥിരീകരിച്ചതായി അറിയിച്ചു.
പിറ്റേന്ന് എംപി ഡല്‍ഹിയിലെ ചീഫ് പാസ്പോര്‍ട്ട് ഓഫിസറെ കണ്ടപ്പോള്‍ കോട്ടയം ഓഫിസിന്റെ ചുമതല ആലപ്പുഴ പാസ്പോര്‍ട്ട് സേവാ കേന്ദ്രം, എറണാകുളം ജില്ലയില്‍ കോട്ടയം മണ്ഡലത്തില്‍ തന്നെയുള്ള കരിങ്ങാച്ചിറ പാസ്പോര്‍ട്ട് സേവാ കേന്ദ്രം, ആലുവ പാസ്പോര്‍ട്ട് സേവാ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പുനക്രമീകരിച്ചു. എന്നാല്‍ ഇത് കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ സേവനം ലഭിച്ചിരുന്ന പ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് വലിയ ദുരിതമായി.
ഇതോടെ എംപി വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ടു. ലോക്സഭയില്‍ സബ്മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയില്‍ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ട് വീണ്ടും നിവേദനം നല്‍കി.
നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉറപ്പു നല്‍കി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്.
കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാര്‍ട്ട്മെന്റിലാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ് പ്രവര്‍ത്തന സജ്ജമാക്കിയത്.
ഓഫീസിലേക്കുള്ള ഉപകരണങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, കമ്ബ്യൂട്ടറുകള്‍, എസി എന്നിവ സജ്ജമായി. ഓഫീസില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം തയ്യാറായി. ഒരാള്‍ക്ക് 35 മിനിറ്റിനകം സേവനം പൂര്‍ത്തിയാക്കി ഓഫീസില്‍ നിന്നും മടങ്ങാനാകും. അപേക്ഷകര്‍ക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്.
ഒക്ടോബര്‍ അവസാനം പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അപ്രതീക്ഷിതമായ കാരണങ്ങളാല്‍ നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസ്സം. ഹൈ ടെൻഷൻ പവര്‍ ആവശ്യമായതിനാല്‍ ജനറേറ്റര്‍, വയറിങ് എന്നിവ ആ രീതിയില്‍ ക്രമികരിക്കുകയായിരുന്നു വെല്ലുവിളി. വയറിങ് പൂര്‍ത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റിനെ സമീപിച്ചു. എന്നാല്‍ ചില കുറവുകള്‍ അവര്‍ ചൂണ്ടിക്കാണിച്ചു.
ഇവ പരിഹരിച്ചതോടെ കഴിഞ്ഞ ദിവസം ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ് ക്ലിയറൻസ് നല്‍കി. പള്ളത്തെ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയും എംപി നേരില്‍ ബന്ധപ്പെട്ടു. എല്ലാ കുരുക്കും പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തികരിക്കും.
ഇതിനു ശേഷം ടാറ്റ കണ്‍സള്‍ട്ടൻസി വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പുനര്‍ പ്രവര്‍ത്തനം ആരംഭിക്കുക്കുമെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു.