കനത്ത മഴയിലും ചോരാത്ത ആവേശം ; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് നാടിൻ്റെ ഭൂതകാലത്തെ പരിചയപ്പെടുത്തുന്നതിൻ്റെയും ഭാഗമായി കോട്ടയം സൈക്ലിംഗ് ക്ലബ്ബും നാട്ടുകൂട്ടവും ചേർന്ന് കോട്ടയത്ത് സംഘടിപ്പിച്ച പൈതൃക സൈക്കിൾ സവാരി വിജയകരമായി സമാപിച്ചു

Spread the love

കോട്ടയം : കോട്ടയം സൈക്ലിംഗ് ക്ലബ്ബും  നാട്ടുകൂട്ടവും സംയുക്തമായി സംഘടിപ്പിച്ച പഴയ കോട്ടയം പൈതൃക സൈക്കിൾ സവാരി വിജയകരമായി സമാപിച്ചു.

275 വർഷങ്ങൾക്ക് മുമ്പ് തെക്കുംകൂർ ഭരണകാലത്തെ കോട്ടയം പട്ടണത്തിൻ്റെ പൈതൃകവിശേഷവും ചരിത്രവും കണ്ടും കേട്ടുമറിഞ്ഞുള്ള സൈക്കിൾ സവാരി കനത്ത മഴയെയും അവഗണിച്ച് പഴമയുടെ വഴികൾ താണ്ടി മുന്നേറി.

പഴക കാലത്തെ വസ്ത്രവ്യാപാരികൾ കുടിവച്ച് പാർത്തിരുന്ന ചെട്ടിത്തെരുവിൽനിന്ന് ഡിസംബർ 1 ഞായറാഴ്ച 4 മണിക്കാണ് സവാരി ആരംഭിച്ചത്. കോട്ടയം നാട്ടുകൂട്ടം പ്രസിഡണ്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി. പുന്നൂസ് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റൈഡ് വൈകിട്ട് 6.30ന് ഒളശ്ശയിൽ നാടകാചാര്യൻ എൻ.എൻ പിള്ളയുടെ വസതിയിലെത്തിയാന്ന് സമാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയൽ ജോസഫ്, ചെറിയാൻ വർഗീസ്, രാകേഷ് ജെയിംസ്, ഡോ. ഫിയോണ ജോഷി, ഡോ. രാജേഷ് മേനോൻ, ജയിംസ് സി. ജോസ്, ജോമോൻ മാത്യു,, മനോജ് കുര്യൻ, അർജുൻ സുരേഷ്, അരുൺ കുമാർ, അഭിലാഷ് വി, ക്യാപ്റ്റൻ പ്രീതം രാജ്, ജസ്റ്റിൻ നടരാജൻ എന്നിവർ റൈഡിൽ പങ്കെടുത്തു.

പള്ളിക്കോണം രാജീവ്, സക്കീർ ഹുസൈൻ, മനു കുരുവിള, എലിസബത്ത് തോമസ്, സാറാ മാത്യു, സൈറസ് മാത്യു, ആലീസ് കുരുവിള എന്നിവർ അനുഗമിച്ചു.

തുണിനെയ്ത്തു കേന്ദ്രമായിരുന്ന ചാലിയക്കുന്ന്, കോട്ടയത്തെ ആദ്യ കമ്പോളമായിരുന്ന പഴയ ചന്ത, ഡാണാവിൻ്റെ സ്ഥാനം, തളിക്കോട്ടയുടെ കിഴക്കേ കോട്ടവാതിൽ എന്നിവിടങ്ങൾ കടന്ന് റൈഡ് കോട്ടയം തളിയിൽ ക്ഷേത്രത്തിലെത്തി. ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് സതീഷ്ബാബു, മുൻ പ്രസിഡണ്ട് സതീശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രം ചുറ്റിനടന്നു കണ്ടും രാജവാഴ്ചക്കാലത്തെ തളിക്കോട്ടയുടെ ചരിത്രവിശേഷങ്ങൾ കേട്ടറിഞ്ഞും സംഘം മഴയെ വകവയ്ക്കാതെ അടുത്ത പോയിൻ്റായ താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് ആഞ്ഞുചവിട്ടി.

താഴത്തങ്ങാടി ജുമാ മസ്ജിദിൽ ചീഫ് ഇമാം എൻ.കെ.ഷെഫീഖ് ഫാളിൽ മന്നാനി സ്വീകരിച്ചു. പള്ളിയുടെ വാസ്തുശില്പപരമായ പ്രത്യേകതകൾ കണ്ടു മനസിലാക്കിയും ചരിത്രം ചോദിച്ചറിഞ്ഞും പുറത്തിറങ്ങിയ സംഘം കോട്ടയം വലിയപള്ളിയും കോട്ടയം ചെറിയപള്ളിയും സന്ദർശിച്ച് പഴയ കോട്ടയം പൂർത്തിയാക്കി കുമ്മനം വഴി ഒളശ്ശയിലേക്ക് തിരിച്ചു. അഷ്ടവൈദ്യൻമാർ എന്നു കീർത്തികേട്ട ഒളശ്ശ ചിരട്ടമൺ മൂസുമാരുടെ വസതിയും ധന്വന്തരി ക്ഷേത്രവും സന്ദർശിച്ചു.

ഡോ. നാരായണൻ മൂസ്, ശങ്കരൻ മൂസ് എന്നിവർ സംഘത്തിനോട് തങ്ങളുടെ വൈദ്യപൈതൃകം വിവരിച്ചു. കോരിച്ചൊരിയുന്ന മഴയിലും ഉത്സാഹവും ഉന്മേഷവും കൈവിടാതെ സവാരിക്കാർ നാടകാചാര്യൻ എൻ.എൻ പിള്ളയുടെ വസതിയിലെത്തിച്ചേർന്നു. നടൻ വിജയരാഘവൻ ഷൂട്ടിംഗ് തിരക്കുമൂലം വീട്ടിലുണ്ടായിരുന്നില്ല, എങ്കിലും റൈഡിൻ്റെ വിശേഷം കേട്ടറിഞ്ഞ് വലിയ താൽപ്പര്യപൂർവ്വം സവാരിക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ സഹധർമ്മിണി, മകൻ ദേവദേവൻ, സഹോദരീഭർത്താവായ രാജൻബാബു എന്നിവർ ചേർന്ന് എല്ലാവർക്കും ഹൃദ്യമായ സ്വീകരണം നൽകി.

സംഘാംഗമായ ഫിലിപ്പ് കുരുവിളയുടെ മകൻ ഏതൻ്റെ പത്താം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. യാത്രയിലുടനീളം ഒപ്പം സഞ്ചരിച്ച് ചരിത്രവും പൈതൃകവും വിവരിച്ചു നൽകിയ കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവിന് സൈക്ലിംഗ് ക്ലബ്ബിൻ്റെ സ്നേഹോപഹാരം വിജയരാഘവൻ്റെ പുത്രൻ ദേവദേവൻ സമ്മാനിച്ചു. കോട്ടയം സൈക്ലിംഗ് ക്ലബ്ബിൻ്റെ പ്രസിഡന്റ് ചെറിയാൻ വർഗീസ് സംഘാഗങ്ങളെ പരിചയപ്പെടുത്തി. റൈഡിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. പിന്നീട് യശശ്ശരീരനായ എൻ എൻ പിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപവും സന്ദർശിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്.

കായികവിനോദമായ സൈക്കിൾസവാരിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറ നമ്മുടെ നാടിൻ്റെ ഭൂതകാലത്തെ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഈ സംരംഭം വരുനാളുകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്.

വിസ്മയിപ്പിക്കുന്ന പൈതൃകവിശേഷങ്ങൾ കൊണ്ടു സമ്പന്നമായ സാംസ്കാരികസ്മാരകങ്ങൾക്കുള്ള പ്രാധാന്യം വിനോദസഞ്ചാരമേഖലയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഇത് കാരണമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.