മരണ വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് ഏറ്റുമാനൂരിലെ മരണവീട്ടിൽ മോഷണം നടത്തിയ കേസിൽ
സ്വന്തം ലേഖകൻ
കോട്ടയം: പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മരണ വീടുകളിൽ കയറി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയ കേസിലേക്ക് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാൻസിസ് @ ചക്കര (38) എന്നയാൾ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കോട്ടയം ഡി.വൈ.എസ്പി. ആർ.ശ്രീകുമാറിൻറെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്. എച്. ഓ രാജേഷ് കുമാർ, എസ്.ഐ മാരായ ദീപക്, ഷാജിമോൻ, എ.എസ്.ഐ മാരായ പ്രദീപ്, തോമസ് ടിവി സിപിഒ മാരായ സാബു മാത്യു,സ്മിജിത്ത് വാസവൻ, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.മോഷ്ടിച്ച സ്വർണ്ണം ഇയാൾ കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നതും കണ്ടെടുത്തു. ഇയാൾക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ മോഷണം നടത്തിയതിന് കേസുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രവാർത്തകൾ നോക്കി മരണവീടുകളിൽ പരിചിതനെ പോലെ കയറി ബന്ധുക്കൾ മാറുന്ന സമയത്ത് മോഷണം നടത്തിയ ശേഷം കടന്നു കളയുകയായിരുന്നു ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു