
കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി ഇന്നു പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ റാഗിങ്ങിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പട്ടികജാതി–വർഗ വിഭാഗത്തിലുള്ളവർക്കുള്ള ജനറൽ നഴ്സിങ് മൂന്നുവർഷ കോഴ്സിലെ വിദ്യാർഥികളാണു റാഗിങ് നേരിട്ടവരും പ്രതികളും.
കേസിൽ സീനിയർ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ കെ.പി.രാഹുൽരാജ് (22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതിയും സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറിയുമായ മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ കെ.പി.രാഹുൽരാജ് സജീവ എസ്എഫ്ഐ പ്രവർത്തകനാണ്. വണ്ടൂർ ഗവ. വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ലോക്കൽ കമ്മിറ്റി ഭാരവാഹി ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎഫ്ഐ, സിപിഎം പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. നിലവിൽ രാഹുൽരാജിന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം അംഗത്വം ഇല്ലെന്നാണു ഭാരവാഹികൾ പറയുന്നത്. പ്രമുഖ സിപിഎം നേതാക്കളോടൊപ്പമുള്ള രാഹുൽ രാജിന്റെ ഫോട്ടോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിതാവ് കരുമാരപ്പറ്റ ബാബുരാജ് സിപിഎം അംഗമാണ്.