കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംങ്ങ്: ദൃശ്യങ്ങള്‍ ചങ്കുതകര്‍ക്കുന്നതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ; ‘തക്കതായ ശിക്ഷ നല്‍കണം; പ്രതികളിലൊരാള്‍ സിപിഎം അനുകൂല സംഘടനയായ കെജിഎസ്‌എൻഎയുടെ സംസ്ഥാന സെക്രട്ടറി: മറ്റുള്ളവർ ഇടത് സംഘടനാ പ്രവർത്തകർ

Spread the love

കോട്ടയം: കോട്ടയം ​ഗവൺമെന്റ് നഴ്സിങ് കോളേജിൽ നടന്ന ക്രൂര റാ​ഗിങിൽ പ്രതികരണവുമായി ഇരയായ കുട്ടിയുടെ അച്ഛൻ. റാ​ഗിങിന്റെ പുറത്തുവന്ന ദൃശ്യങ്ങൾ ചങ്കുതകർക്കുന്നതാണെന്ന് അച്ഛൻ ലക്ഷ്മണ പെരുമാൾ പറഞ്ഞു. നാല് മാസമായി ഇത് നടക്കുന്നു. പേടിച്ചിട്ടാണ് കുട്ടികൾ പുറത്ത് പറയാത്തത്. തക്കതായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകണം. ഇതെല്ലാം കാണുമ്പോൾ ഇതൊക്കെ ലോകത്ത് നടക്കുന്നതാണോ എന്നും സംശയിക്കുന്നുവെന്ന് ലക്ഷ്മണ പെരുമാൾ പറഞ്ഞു.

സംഭവത്തിൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ സുലേഖയുടെ വിശദീകരണം. ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ പ്രിൻസിപ്പാൾ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി. കോളേജ് ഹോസ്റ്റലില്‍ മുഴുവൻ സമയവും വാർഡൻ ഉണ്ടാകില്ലെന്ന് കോളജ് പ്രിൻസിപ്പല്‍ പറഞ്ഞു. അസിസ്റ്റന്റ് വാർഡന്റെ ചുമതല നൽകിയിരിക്കുന്നത് അധ്യാപകനാണ്.

രാത്രികാലങ്ങളില്‍ ഹൗസ് കീപ്പിങ് സ്റ്റാഫാണ് ഹോസ്റ്റലിലെ കാര്യങ്ങള്‍ നോക്കുന്നത്. ഇതിനുമുമ്പ് ഇത്തരം പരാതികള്‍ ഉയർന്നിട്ടില്ലെന്നും പ്രിൻസിപ്പല്‍ പറയുന്നു. കുറ്റക്കാർക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി. സംഭവത്തില്‍ ഹോസ്റ്റല്‍ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗിംഗ് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ (കെജിഎസ്‌എൻഎ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എന്നാണ് വിവരം. നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്‌എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുല്‍ രാജ്. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാള്‍. അറസ്റ്റിലായ മറ്റു പ്രതികൾ ഇടത് സംഘടനാ പ്രവർത്തകരാണ് എന്നാണ് വിവിരം.

കഴിഞ്ഞ സമ്മേളനത്തിലാണ് രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച്‌ പോസ്റ്റ് ഇയാള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘രാഹുല്‍ രാജ് കോമ്രേഡ്’ എന്നാണ് ഇയാളുടെ ഫെയ്സ്‌ബുക്ക് അക്കൗണ്ടിന്റെ പേര്. സംഘനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. നിലവില്‍ ഒരു കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ഇരകളുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.