കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിംങ്: നടന്നത് അതിക്രൂരമായ സംഭവം, പുറത്ത് വന്ന ദൃശ്യങ്ങൾ ചങ്കു തകർക്കുന്നത്, ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തന്നെ സംശയം, പേടിച്ചിട്ടാണ് കുട്ടികൾ പുറത്ത് പറയാത്തത്, തക്കതായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകണം; രൂക്ഷപ്രതികരണവുമായി ഇരയായ കുട്ടിയുടെ അച്ഛൻ

Spread the love

കോട്ടയം: കോട്ടയം നഴ്സിം​ഗ് കോളേജിൽ നടന്ന അതിക്രൂര റാ​ഗിം​ഗിൽ രൂക്ഷപ്രതികരണവുമായി ഇരയായ കുട്ടികളിലൊരാളുടെ അച്ഛൻ ലക്ഷ്മണ പെരുമാൾ. പുറത്ത് വന്ന ദൃശ്യങ്ങൾ ചങ്കു തകർക്കുന്നതെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പ്രതികരണം.

ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു. നാല് മാസമായി ഇത് നടക്കുന്നു. പേടിച്ചിട്ടാണ് കുട്ടികൾ പുറത്ത് പറയാത്തത്. തക്കതായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ സുലേഖയുടെ വിശദീകരണം. ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ പ്രിൻസിപ്പാൾ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി. പരാതി കിട്ടിയ ഉടൻ തന്നെ ആന്റി ​റാ​ഗിം​ഗ് സെൽ നടപടി തുടങ്ങിയെന്നും പ്രിൻസിപ്പൾ അറിയിച്ചു. ഹോസ്റ്റലിൽ വാർഡൻ ഇല്ലെന്നും ഇവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലിൽ ഉണ്ടാകാറില്ല. ഹൗസ് കീപ്പിം​ഗ് ഇൻ ചാർജ് ആയ ഒരാൾ മാത്രമാണ് രാത്രികാലങ്ങളിൽ ഉണ്ടാകാറുള്ളത്. ഈ ജീവനക്കാരനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ സുലേഖ പറഞ്ഞു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങ്ങിന്റെ ക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവുകളിൽ ലോഷൻ ഒഴിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഉച്ചത്തിൽ കരയുമ്പോൾ വായിലേക്ക് ലോഷൻ ഒഴിച്ച് നൽകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. മൂന്നു മാസങ്ങളായി കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നേരത്തെ ഇരകൾ പോലീസിന് നൽകിയ മൊഴിയിലും ഇക്കാര്യങ്ങൾ ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിർക്കുന്നവരെ ഈ ദൃശ്യങ്ങൾ കാണിച്ച് പേടിപ്പിക്കും. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്ത പോലീസ്, കോളേജ് പ്രിൻസിപ്പാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി. നിലവിൽ കേസെടുത്തിരിക്കുന്നത് റാഗിംഗ് നിരോധന നിയമപ്രകാരമാണ്. അറസ്റ്റിലായ അഞ്ച് പ്രതികളും റിമാൻഡിലാണ്. ആവശ്യമെങ്കിൽ ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം കൂടുതൽ തെളിവെടുപ്പ് നടത്തും.