play-sharp-fill
കോട്ടയത്തെ നൗഷാദായി അജയ്: നഷ്ടക്കണക്കുകൾ മറന്നു; ഏഴു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ അജയ് ദുരിതബാധിതർക്ക് നൽകി

കോട്ടയത്തെ നൗഷാദായി അജയ്: നഷ്ടക്കണക്കുകൾ മറന്നു; ഏഴു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ അജയ് ദുരിതബാധിതർക്ക് നൽകി

സ്വന്തം ലേഖകൻ

കോട്ടയം: മൂന്നു ലക്ഷം രൂപ വില പറഞ്ഞിട്ടും വിൽക്കാതെ വച്ചിരുന്ന തുണിത്തരങ്ങൾ ഒരു രൂപ പോലും വാങ്ങാതെ അജയ് ഇന്നലെ പ്രളയ ബാധിതർക്കായി നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി അവശ്യ സാധനങ്ങൾ സമാഹരിക്കുന്നതിനായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ബസേലിയോസ് കോളേജിൽ നടത്തുന്ന സംഭരണ കേന്ദ്രത്തിൽ ഇവ കൈമാറാൻ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്.


മാങ്ങാനം നെല്ലിക്കൽ അജയ് സക്കറിയ കോട്ടയം ടൗണിലും ചവിട്ടുവേലിയിലും നടത്തിയിരുന്ന വസ്ത്രവ്യാപാര ശാലകളുടെ പ്രവർത്തനം അവസാനിപ്പിച്ചതിനെത്തുടർന്ന് ശേഷിച്ച തുണിത്തരങ്ങൾ വാങ്ങാൻ പല ചെറുകിട കച്ചവടക്കാരും എത്തിയിരുന്നു.
ഇതിൽ എക്സ്പോർട്ട് ക്വാളിറ്റി ബ്രാൻഡുകൾ ഉൾപ്പെടുന്ന വസ്ത്രങ്ങൾക്ക് മൂന്നു ലക്ഷം വരെ വില പറയുകയും ചെയ്തു. ഏഴു ലക്ഷത്തിലേറെ വില വരുന്ന വസ്ത്രങ്ങൾ അഞ്ചു ലക്ഷം രൂപ കിട്ടിയാൽ കൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി ക്ഷോഭത്തിൽ പെട്ടവരുടെ ദുരിതങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടപ്പോൾ സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള ചിന്തകൾ മറന്നെന്ന് അജയ് പറയുന്നു. ഭാര്യ ജൂഡി, മക്കൾ മാത്യു, അനീക, സഹോദരപുത്രി ഐറിൻ എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എ.ഡി.എം അലക്സ് ജോസഫ്, ഹുസൂർ ശിരസ്തദാർ ബി. അശോക് എന്നിവർ ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.