video
play-sharp-fill

കോട്ടയം ജില്ലയിലെ നവകേരളസദസിന് ചൊവ്വാഴ്ച തുടക്കം ; 9 നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബർ 12 മുതല്‍ 14 വരെ ; വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച

കോട്ടയം ജില്ലയിലെ നവകേരളസദസിന് ചൊവ്വാഴ്ച തുടക്കം ; 9 നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബർ 12 മുതല്‍ 14 വരെ ; വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് നാളെ തുടക്കമാകും.

ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ 12 മുതല്‍ 14 വരെ 3 ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള നവകേരള സദസും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഉച്ചകഴിഞ്ഞ് 3ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച്‌ ഗ്രൗണ്ടിലെ നവകേരളസദസിലാണ് മുഖ്യമന്ത്രി ആദ്യമെത്തുന്നത്. 5000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള നവകേരളസദസ് വൈകിട്ട് 4ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. ഇവിടെ 7000 പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ തുറന്ന പന്തലും ഒരുക്കുന്നുണ്ട്. 14000 പേര്‍ സദസിലെത്തുമെന്നാണ് പ്രതീക്ഷ. പാലാ നിയോജകമണ്ഡലത്തിലേത് വൈകിട്ട് 5ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും. 7000 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ദിനമായ 13ന് കോട്ടയം ജറുസലേം മാര്‍ത്തോമ പള്ളി ഹാളില്‍ രാവിലെ 9ന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, എറ്റുമാനൂര്‍ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് രാവിലെ 10നാണ് സദസ് നടക്കുക. 7000 പേര്‍ക്ക് ഇരിപ്പിടങ്ങളും പ്രവേശനം സുഗമമാക്കാൻ 2 പ്രവേശന കവാടങ്ങളും ഒരുക്കിയിട്ടുണ്ട്. 50,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പന്തലിന്റെ നിര്‍മാണം. പുതുപ്പള്ളി മണ്ഡലത്തില്‍ പാമ്ബാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 2നാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. 6000 പേര്‍ക്ക് ഇരിക്കാവുന്ന സദസാണ് ഒരുക്കിയിട്ടുള്ളത്. 500 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

വൈകിട്ട് 4നാണ് ചങ്ങനാശേരി മണ്ഡലത്തിലെ സദസ്. എസ്.ബി കോളെജ് ഗ്രൗണ്ടിലെ പന്തലില്‍ 7000 ഇരിപ്പിടങ്ങള്‍ ഉണ്ട്. കോട്ടയം നിയോജകമണ്ഡലത്തിലെ നവകേരള സദസ് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. 6000 പേരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. പര്യടനത്തിന്‍റെ അവസാനദിനമായ 14ന് രാവിലെ 9ന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളില്‍ പ്രഭാതയോഗത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളെജ് മൈതാനത്ത് രാവിലെ 11ന് നടക്കും. 10,000 പേരെ ഇരുത്താൻ തക്കവിധം സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. വൈക്കം ബീച്ചില്‍ ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന നവകേരളസദസോടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇവിടെ 30,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച പന്തലില്‍ 6000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലും പരിസരത്തുമായി 26 ഇടത്ത് പാര്‍ക്കിങ് സൗകര്യവുമൊരുക്കും.