കോട്ടയം നഗരസഭയിൽ ഞെട്ടിക്കുന്ന തീരുമാനവുമായി ബിൻസി: വാർഡിലെ പ്രവർത്തകരുടെ തീരുമാനം യു.ഡി.എഫിനെ പിൻതുണയ്ക്കാൻ; നഗരസഭ അദ്ധ്യക്ഷയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ടോസിലെത്തും
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടയം നഗരസഭ ഭരണം നടത്താനുള്ള ചെയർപേഴ്‌സണെ ടോസിലൂടെ തീരുമാനിക്കും. അവസാന നിമിഷം വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ യു.ഡി.എഫിനു പിൻതുണ നൽകാൻ ബിൻസി സെബാസ്റ്റ്യൻ തീരുമാനിച്ചതോടെയാണ് നഗരസഭ ഭരണം ടോസിലേയ്ക്കു നീങ്ങുന്നത്. ഇതോടെ നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങളുടെ പിൻതുണയായി. എട്ട് അംഗങ്ങളുള്ള ബി.ജെ.പിയുടെ പിൻതുണയാണ് ഇനി നിർണ്ണായകമാകുക.
കോട്ടയം നഗരസഭയിലെ 52 ആം വാർഡിൽ നിന്നും കോൺഗ്രസ് വിമതയായാണ് ബിൻസി സെബാസ്റ്റിയൻ മത്സരിച്ചു വിജയിച്ചത്. ബിൻസിയ്ക്കു സീറ്റ് നിഷേധിച്ചതോടെ നാൽപ്പതോളം വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ സ്ഥാനാർത്ഥിയായി ബിൻസി വാർഡിൽ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. ഈ വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ പിൻതുണയോടെ മത്സരിച്ച ബിൻസി എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചു കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയർപേഴ്‌സൺ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തു സി.പി.എമ്മും ഇടതു മുന്നണിയും പിന്നാലെ എത്തിയെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിയ്ക്കാൻ ബിൻസിയും ഒപ്പമുള്ളവരും തയ്യാറാകുകയായിരുന്നു. യഥാർത്ഥ കോൺഗ്രസ്, യു.ഡി.എഫ് സ്ഥാനാർത്ഥി ബിൻസിയാണ് എന്ന പ്രചാരണവുമായാണ് വാർഡിൽ ഇവർ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബിൻസിയുടെ ഒപ്പമുള്ളവർ ആരും തന്നെ നിലപാട് തിരുത്താൻ തയ്യാറായില്ല. ഇവർക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി അടക്കം സ്വീകരിച്ചിരുന്നു. എന്നിട്ടു പോലും ഇവർ കോൺഗ്രസിനെ തള്ളിപ്പറഞ്ഞില്ല.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഞായറാഴ്ച ഉച്ചയോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന നേതൃയോഗത്തിൽ ബിൻസി എത്തുകയായിരുന്നു. ഉമ്മൻചാണ്ടിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിലാണ് ഇവിടെ യോഗം ചേർന്നിരുന്നത്. ഈ യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ ബിൻസിയെ കോൺഗ്രസ് പ്രവർത്തകർ മാല അണിയിച്ചു സ്വീകരിച്ചു. തുടർന്നു, ഉമ്മൻചാണ്ടി എം.എൽ.എയുമായി ചർച്ച നടത്തുകയായിരുന്നു.
തുടർന്നാണ് കോട്ടയം നഗരസഭയിൽ യു.ഡി.എഫിനെ പിൻതുണയ്ക്കാൻ തീരുമാനിച്ചത്. അഞ്ചു വർഷവും നഗരസഭ അദ്ധ്യക്ഷസ്ഥാനം നൽകണമെന്ന ഡിമാന്റാണ് ബിൻസി മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് കൂടാതെ ബിൻസിയുടെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ നടപടി പിൻവലിയ്ക്കണമെന്നും ബിൻസി നിർദേശം മുന്നോട്ടു വയ്ക്കുന്നു.
എന്നാൽ, ബിൻസി യു.ഡി.എഫിനെ പിൻതുണയ്ക്കാൻ തയ്യാറായതോടെ നഗരസഭയിൽ 22 അംഗങ്ങളുടെ പിൻതുണയാണ് ഉള്ളത്. ഇനി നഗരസഭയിൽ ചെയർപേഴ്‌സണിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി വോട്ടെടുപ്പിനു ശേഷം നറക്കെടുപ്പ് വേണ്ടി വരും. ഈ സാഹചര്യത്തിൽ 28 ന് നടക്കുന്ന വോട്ടെടുപ്പും നറക്കെടുപ്പും നിർണ്ണായകമാകും.