
കോട്ടയം നഗരസഭയുടെ ഭരണം പിടിക്കാൻ തന്ത്രമൊരുക്കി ഇടതു മുന്നണി: ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഷീജ അനിലിൻ്റെ പേര് പ്രഥമ പരിഗണനയിൽ ;സരസമ്മാളിൻ്റെ പേരും പരിഗണിക്കുന്നു; കോൺഗ്രസ് വിമതയെ ഒപ്പം നിർത്താൻ ഇരുമുന്നണികളും തന്ത്രമൊരുക്കി തുടങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭ ഭരണം പിടിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കി യു.ഡി.എഫും ഇടതു മുന്നണിയും. വനിതാ സംവരണമായ നഗരസഭയിൽ 44 ആം വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.ഷീജാ അനിലിൻ്റെ പേരാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ളത്, 32 ആം വാർഡിൽ നിന്നും വിജയിച്ച പി.എൻ സരസമ്മാളിന്റെ പേരും പരിഗണിക്കുന്നുണ്ട്
കോട്ടയം നഗരസഭയിൽ നിലവിൽ 22 സീറ്റുകളാണ് ഇടതു മുന്നണിയ്ക്കുള്ളത്. ഇതിൽ ഒരാൾ കോൺഗ്രസിൽ നിന്നും ഇടത് പാളയത്തിൽ എത്തി സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. 18 ആം വാർഡ് മുട്ടമ്പലത്ത് 265 വോട്ടിന്റെ ലീഡിൽ അതിവേഗം വിജയിച്ചു കയറിയ പി.ഡി സുരേഷാണ് കോട്ടയം നഗരസഭയിൽ ഇടതിന്റെ മാനം കാത്ത് ഒപ്പം നിന്നത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കുറി ഇടത് ആഞ്ഞു പിടിച്ചെങ്കിലും കപ്പിനും ചുണ്ടിനും ഇടയിൽ കേവല ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തിൽ താഴെ വാർഡുകളിൽ നേരിയ മാർജിനിലാണ് ഇടതു മുന്നണിയ്ക്കു സീറ്റ് നഷ്ടമായത്. ഈ സാഹചര്യത്തിൽ എന്തു വിലകൊടുത്തും ഭരണം നേടാനുള്ള ശ്രമം ഇടത് കക്ഷികൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇടതു മുന്നണിയ്ക്കുണ്ട്. ഏറ്റവും വലിയ മുന്നണിയായും ഇടത് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏക സ്വതന്ത്ര അംഗത്തെ കൂടെ നിർത്തി നഗരസഭ ഭരണം പിടിക്കുക തന്നെയാണ് ലക്ഷ്യമിടുന്നത്.
ഇതിനിടെയാണ് രണ്ട് വനിതാ അംഗങ്ങളുടെ പേരുകൾ നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. നാട്ടകം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന പി.എൻ സരസമ്മാളിനെ നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നുണ്ട്. എന്നാൽ, മുൻപ് വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടികൾക്കടക്കം സരസമ്മാൾ വിധേയയായിട്ടുണ്ട് എന്നത് പാർട്ടിയ്ക്കുള്ളിൽ ഇവർക്ക് നെഗറ്റീവ് പോയിന്റാണ്.
എന്നാൽ, ശിശുക്ഷേമ സമിതി അംഗവും നഗരസഭയിലെ മിന്നും താരവുമായ അഡ്വ.ഷീജാ അനിലിനു തന്നെയാണ് പാർട്ടിയിൽ പരിഗണന ലഭിക്കുക. യുവത്വവും, ശിശുക്ഷേമ സമിതി അദ്ധ്യക്ഷയായിരുന്നു എന്നതും ഷീജയ്ക്കു കൂടുതൽ പിൻതുണ നൽകുന്നു. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയും, പാർലമെന്ററി യോഗവുമായിരിക്കും ഇതു സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കുക.