
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ബസ് സ്‌റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഇന്ന് ഒപ്പിടും. എന്നാൽ കരാർ ഒപ്പിടുന്ന വിവരം അറിഞ്ഞിട്ടില്ലന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു.ഉച്ചകഴിഞ്ഞു മൂന്നിനു നഗരസഭയില്‍ ചേരുന്ന യോഗത്തിലാണ് കരാര്‍ ഒപ്പിടുക.കഴിഞ്ഞ ദിവസം കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും കരാര്‍ രൂപീകരിക്കുക.എന്നാൽ ചട്ടപ്രകാരം കരാറിലെ വ്യവസ്ഥകൾ കൗൺസിൽ അംഗീകരിക്കേണ്ടതുണ്ടെന്നും, കൗൺസിൽ അംഗീകരിക്കാത്ത കരാർ ഒപ്പിടുന്നത് ചട്ട ലംഘനമാണെന്നും പ്രതിപക്ഷം പറയുന്നു.
കൊല്ലം സ്വദേശിയാണ് പൊളിക്കാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.
പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്നു രണ്ടാഴ്‌ച മുൻപ് ചേര്‍ന്ന യോഗത്തില്‍ കലക്‌ടര്‍ നിര്‍ദേശിച്ചിരുന്നു. ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കണം, 24 മണിക്കൂറും പൊളിക്കല്‍ നടപടികള്‍ നടത്തണം. ബസ് സ്‌റ്റാന്റിന്റെ ഉള്‍ഭാഗത്തു ആര്യാസ് റസ്‌റ്റോറന്റിനോടു ചേര്‍ന്നു വരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡില്‍ വരുന്ന കെട്ടിടവും പകല്‍ സമയങ്ങളില്‍ പൊളിക്കുന്നതിന് അനുമതി നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.എം.സി. റോഡില്‍ ഗാന്ധിസ്‌ക്വയര്‍ -പോസ്‌റ്റ് ഓഫീസ് റോഡില്‍ വരുന്ന കെട്ടിടങ്ങള്‍ രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയ്‌ക്കുള്ള സമയത്തു പൊളിക്കണം.എം.സി. റോഡിലും തിരുനക്കര ക്ഷേത്രം റോഡിലും വരുന്ന ഭാഗങ്ങള്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സുരക്ഷ ഒരുക്കി വേണം പൊളിക്കാന്‍.പോലീസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള സുരക്ഷ ഒരുക്കി കലക്‌ടറെ അറിയിച്ചതിനു ശേഷമേ പൊളിക്കല്‍ ആരംഭിക്കാവൂയെന്നും നിര്‍ദേശമുണ്ട്.
പൊളിച്ചു തുടങ്ങുന്നതിനു മുൻപായി ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി, ബസ് സ്‌റ്റോപ്പുകള്‍ പുനക്രമീകരിക്കും.
മണ്ഡല – മകര വിളക്കു കാലത്തു നിരവധി അന്യസംസ്‌ഥാന തീര്‍ഥാടകര്‍ തിരുനക്കര ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും രാത്രിയും പകലും സഞ്ചാരിക്കുന്നതിനാല്‍ പൊളിക്കല്‍ ജോലികള്‍ ഒക്‌ടോബര്‍ 15നു മുൻപ് പൂര്‍ത്തീകരിക്കണം.ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസർ എന്നിവര്‍ പൊളിക്കല്‍ സമയത്തു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിയമലംഘനങ്ങള്‍ കലക്‌ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.



