play-sharp-fill
കോട്ടയം നഗരസഭ കൊളളസങ്കേതം: ഉദ്യോഗസ്ഥരിലും രാഷ്ടീയക്കാരിലും അഴിമതിക്കാർ; കൈക്കൂലി വാങ്ങി കുടുങ്ങിയ പ്രമോദിന് സസ്‌പെൻഷൻ: പ്രമോദിനൊപ്പം പ്രതിയായ ഉദ്യോഗസ്ഥയ്ക്ക് സംരക്ഷണം; സുരക്ഷിത താവളത്തിൽ സരസ്വതി സേഫ്

കോട്ടയം നഗരസഭ കൊളളസങ്കേതം: ഉദ്യോഗസ്ഥരിലും രാഷ്ടീയക്കാരിലും അഴിമതിക്കാർ; കൈക്കൂലി വാങ്ങി കുടുങ്ങിയ പ്രമോദിന് സസ്‌പെൻഷൻ: പ്രമോദിനൊപ്പം പ്രതിയായ ഉദ്യോഗസ്ഥയ്ക്ക് സംരക്ഷണം; സുരക്ഷിത താവളത്തിൽ സരസ്വതി സേഫ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭ കൊള്ളക്കാരുടെ സങ്കേതമായി മാറുന്നു. കൈക്കൂലിയും അഴിമതിയും നടമാടുന്ന നഗരസഭയിൽ കൈക്കൂലിക്കാർക്ക് സുഖവാസമാണ്. അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് നഗരസഭയിൽ നൽകുന്ന ഏറ്റവും കടുത്ത ശിക്ഷ സ്ഥലം മാറ്റം. അതും സേഫായ പോസ്റ്റിലേയ്ക്ക്.


കൈക്കൂലിക്കേസിൽ റിമാൻഡിലായ സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെ സസ്‌പെന്റ് ചെയ്ത നഗരസഭ, ഇതേ കേസിൽ പ്രമോദിനൊപ്പം പ്രതിചേർക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ റവന്യു വിഭാഗത്തിൽ നിന്ന് നേരെ സ്ഥലം മാറ്റി സേഫാക്കി ഇരുത്തിയിരിക്കുന്നത് ആരോഗ്യ വിഭാഗത്തിൽ. ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ട വിഭാഗമാണ് റവന്യു വിഭാഗം. ഇവിടെയാകുമ്പോൾ കൈക്കൂലിക്കേസിൽ പരാതികൾ ഏറെ ഉയരാനുള്ള സാധ്യതയുണ്ട്. എന്നാൽ, ആരോഗ്യ വിഭാഗമാകുമ്പോൾ ഒന്നും പേടിക്കേണ്ട. കൈക്കൂലി നൽകുന്നതിൽ ഏറെയും തട്ടിപ്പ് നടത്തുന്ന വൻ കിട ഇടത്തരം ഹോട്ടലുകളും സ്ഥാപനങ്ങളുമാകും. പരാതിയും കുറയും സുഖമായി കൈക്കൂലിയും വാങ്ങി കഴിയാം.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പ്രമോദിനെ വിജലൻസ് സംഘം 12000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രമോദിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. നാട്ടകം സ്വദേശിയിൽ നിന്നും പ്രമോദ് കൈക്കൂലി വാങ്ങിയത് സൂപ്രണ്ടും നാട്ടകം സോണൽ ഓഫിസിന്റെ ചുമതലക്കാരിയുമായ സരസ്വതിയ്ക്ക് കൂടി പങ്ക് നൽകുന്നതിന് വേണ്ടിയാണെന്നായിരുന്നു മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആറിൽ സരസ്വതിയെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വിജിലൻസ പ്രമോദിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ, ഈ സമയം വിജിലൻസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ട സരസ്വതിയെ വിജിലൻസ് സംഘത്തിന് പിടികൂടാൻ സാധിച്ചുമില്ല. എന്നാൽ, പ്രമോദിനൊപ്പം സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട സരസ്വതിയ്‌ക്കെതിരെ നഗരസഭ ചെറുവിരൽ അനക്കിയില്ല. നഗരസഭയുടെ നാട്ടകം സോണൽ ഓഫിസിന്റെ ചുമതലക്കാരി എന്ന നിലയിൽ ഓഫിസിൽ നടന്ന അഴിമതിയ്ക്കും കൈക്കൂലിയ്ക്കും സരസ്വതിയ്ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഓഫിസിൽ ലഭിച്ച അപേക്ഷയിൽ യഥാസമയം തീരുമാനം എടുത്തിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ സരസ്വതി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സരസ്വതിയെയും കേസിൽ പ്രതി ചേർത്തിരക്കുന്നത്. എന്നാൽ, പ്രമോദിനൊപ്പം സമാന കേസിൽ പ്രതി ചേർക്കപ്പെട്ട സരസ്വതിയെ എന്തുകൊണ്ടാണ് നഗരസഭ സസ്‌പെന്റ് ചെയ്യാൻ തയ്യാറാകാത്തത് എന്ന് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
നഗരസഭയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയെല്ലാം സംരക്ഷകർ ഒരുപറ്റം രാഷ്ട്രീയക്കാരാണ്. പാർട്ടി വ്യത്യാസമില്ലാതെ ഇത്തരക്കാരെ സംരക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. പരാതികൾ പരമാവധി ഒഴിവാക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഒത്താശ ചെയ്യുന്നു. നഗരത്തിലെ പ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവ് ഇത്തരത്തിൽ കോടികളാണ് ഉദ്യോഗസ്ഥരുമായുള്ള രഹസ്യബാന്ധവത്തിന്റെ പേരിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group