
കോട്ടയം നഗരസഭ പരിധിയിൽ കെട്ടിടങ്ങളുടെ അനധികൃത കയ്യേറ്റം: നഗരമധ്യത്തിൽ പോലും അനധികൃതമായി കെട്ടിടം നിർമ്മിച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ; നഗരധ്യത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നത് തൃശൂർ ഗോൾഡ് എന്ന സ്ഥാപനം
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ നഗരസഭയുടെ മൂക്കിന് ചുവട്ടിൽ അനധികൃത നിർമ്മാണം നടന്നിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ. നഗരസഭ പരിധിയ്ക്കുള്ളിൽ ആറു മാസത്തിലേറെയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടും നഗരസഭ അധികൃതർ ചെറുവിരൽ അനക്കിയിട്ടില്ല. നടപടിയെടുക്കേണ്ട നഗരസഭ അധികൃതരുടെ മൂക്കിൻ തുമ്പിലാണ് ആറു മാസത്തിലേറെയായി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നത്.
കോട്ടയം നഗരസഭയുടെ പന്ത്രണ്ടാം വാർഡിൽ മുത്തൂറ്റ് ക്രൗൺപ്ലാസയുടെ എതിർവശത്തു നിന്നും വൃന്ദാവൻ കോംപ്ലക്‌സിനു സമീപത്തു കൂടി എം.എൽ റോഡിലേയ്ക്കുള്ള ചള്ളിയിൽ റോഡിലാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഈ റോഡിൽ നിർമ്മിച്ചിരിക്കുന്ന ടി.ജി ടവറും, ഇതിനോടു ചേർന്ന് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു കെട്ടിടവും സ്ഥലം കയ്യേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ കയ്യേറ്റവും അനധികൃത നിർമ്മണവുമാണെന്ന് വ്യക്തമാകുന്നതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ. എന്നാൽ, യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ഇവിടെ അനധികൃത നിർമ്മാണം പുരോഗമിക്കുന്നത്. 2019 ആഗസ്റ്റിൽ മാത്രം നിർമ്മാണം പൂർത്തിയായ ഈ കെട്ടിടത്തിലാണ് തൃശൂർ ഗോൾഡ് എന്ന സ്വർണ്ണക്കട സ്ഥിതി ചെയ്യുന്നത്.
ടിബി റോഡരികിൽ നിർമ്മിച്ചിരിക്കുന്ന വൃന്ദാവൻ കോംപ്ലക്‌സിനോടു ചേർന്ന് അനധികൃതമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്ഥലം കോൺക്രീറ്റ് ചെയ്ത് ഉയർത്തിയിട്ടുണ്ട്. ഇതേ ചള്ളിയിൽ റോഡിൽ ടി.ജി ടവറിന്റെ പ്രവേശന കവാടവും, ഒന്നാം നിലയിലേയ്ക്കുള്ള നടയും റോഡിലേയ്ക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതു കൂടാതെയാണ് ഓടയെന്ന് തോന്നത്തക്ക വിധത്തിൽ ഇവിടെ അനധികൃതമായി റോഡ് വീതി കുറച്ച് കോൺക്രീറ്റ് കെട്ടിയെടുത്തിട്ടുമുണ്ട്. ഈ ടി.ജി ടവറിന്റെ തൊട്ടടുത്ത് പണി പൂർത്തിയായി വരുന്ന കെട്ടിടവും ഇതിന് സമാനമായ രീതിയിൽ റോഡ് കയ്യേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്നും ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകും.
ഇത്തരത്തിൽ അനധികൃതമായി റോഡ് കയ്യേറിയതിനാൽ ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാനുള്ള വീതിയില്ല. നഗരമധ്യത്തിൽ തന്നെ ഇത്തരത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയത് മൂലം കോടികൾ മൂല്യമുള്ള സ്ഥലമാണ് നഗരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഈ സ്ഥലം കയ്യേറിയതാണെന്ന് വ്യക്തമാകുന്നതുമാണ് എന്നാൽ, നൂറുകണക്കിന് നഗരസഭ ജീവനക്കാരും ഉദ്യോഗസ്ഥരും ദിവസേന കടന്നു പോകുന്ന ഈ പ്രദേശത്തെ കയ്യേറ്റം പക്ഷേ ആരുടെയും കണ്ണിൽപ്പെട്ടതേയില്ല. കൃത്യമായി പണം നൽകി കയ്യേറ്റ സ്ഥലം സ്വന്തം പേരിലേയ്ക്ക് മാറ്റാനുള്ള ശ്രമമാണ് ഇവിടെ ന്ടക്കുന്നതെന്നാണ് സംശയിക്കേണ്ടത്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
