play-sharp-fill
കോടിമത മാർക്കറ്റ് റോഡ‌രികിൽ കോടികൾ മുടക്കി നിർമ്മിച്ച കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല പൂട്ടികിടക്കുന്നു; തറയോടുകള്‍ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകള്‍ അടർന്നു മാറിയ നിലയിൽ; അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുത്തു; ഇടപെടലുമായി ഹൈക്കോടതി; എട്ട് മാസത്തിനകം തുറക്കണമെന്ന് ഉത്തരവ്

കോടിമത മാർക്കറ്റ് റോഡ‌രികിൽ കോടികൾ മുടക്കി നിർമ്മിച്ച കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല പൂട്ടികിടക്കുന്നു; തറയോടുകള്‍ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകള്‍ അടർന്നു മാറിയ നിലയിൽ; അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുത്തു; ഇടപെടലുമായി ഹൈക്കോടതി; എട്ട് മാസത്തിനകം തുറക്കണമെന്ന് ഉത്തരവ്

കോട്ടയം: നാലുവർഷം മുമ്പ് കോടിമത മാർക്കറ്റ് റോഡ‌രികിൽ കോടികൾ മുടക്കി നിർമ്മിച്ച് വളരെ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല ആരും തിരിഞ്ഞുനോക്കാനാളില്ലാതെ പൂട്ടികിടക്കുന്നു.

കോടികൾ മുടക്കി പണിപൂർത്തീകരിച്ച കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലും. ഓള്‍ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെല്‍ഫെയർ അസോസിയേഷൻ നല്‍കിയ ഹർജിയിൽ ഹൈക്കോടതി അറവുശാല തുറക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ നാലിന് നഗരസഭ സെക്രട്ടറി നേരിട്ട് കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഏഴ് മാസത്തിനകം തുറക്കാമെന്ന് മറുപടി നല്‍കിയത്. ഒരു മാസം അധികം നല്‍കി എട്ട് മാസത്തിനകം തുറക്കാൻ ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധുനിക അറവുശാല നിർമ്മിക്കുന്നതായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഒരു കോടിയിലധികം രൂപ കൃത്യമായി പദ്ധതി തയ്യാറാക്കി ചെലവഴിക്കാതിരുന്നതിനാല്‍ നഗരസഭയ്ക്ക് നഷ്ടവുമായി. ഇതിനു ശേഷമാണ് എം.ജി റോഡരികില്‍ ആധുനിക കെട്ടിടം നിർമ്മിച്ചത്.

എന്നാൽ, പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് കെട്ടിടം പ്രവർത്തിക്കാൻ തടസവാദമായി പറയുന്നത്. തറയോടുകള്‍ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകള്‍ അടർന്നു മാറിയ നിലയിലുമാണ്. നഗരസഭ പല തവണ മൂന്നു മാസത്തിനകം തുറക്കുമെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. 15 ദിവസത്തിനകം മറുപടി നല്‍കാൻ വീണ്ടും കോടതി ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ആരും തിരിഞ്ഞുനോക്കാതെ ആയതോടെ അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുത്തു.

2007 മുതല്‍ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് നഗരസഭയുടെ അറവുശാല പ്രവർത്തിച്ചിരുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും വഴിയോരങ്ങളില്‍ അറവുമാടുകളെ കശാപ്പ് ചെയ്ത് വില്പന നടക്കുകയാണ്. ഇറച്ചിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനോ കശാപ്പുശാലയില്‍ വേണ്ടുന്ന അത്യാവശ്യം സൗകര്യങ്ങളോ ഇവിടങ്ങളിലില്ല.