
കോട്ടയം: പാലരുവിയിലെയും വേണാടിലെയും തിരക്കുകൾക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം – എറണാകുളം എക്സ്പ്രസ്സ് സ്പെഷ്യൽ മെമുവിന് തിങ്കളാഴ്ച മുതൽ ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു.
കൊല്ലം മുതൽ ചിങ്ങവനം വരെ ഹാൾട്ട് സ്റ്റേഷൻ ഉൾപ്പെടെ എല്ലാ സ്റ്റേഷനിലും ഇതോടെ മെമുവിന് സ്റ്റോപ്പ് പ്രാബല്യത്തിൽ വന്നു. തന്റെ മണ്ഡലത്തിലെ മെമുവിന് സ്റ്റോപ്പ് ഇല്ലാതിരുന്ന ചെറിയനാടിന് വേണ്ടി റെയിൽവേ ബോർഡ് ചെയർമാനും, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ, കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്കും കൊടിക്കുന്നിൽ സുരേഷ് എം പി നിവേദനം നൽകിയിരുന്നു. ചെറിയനാട് സ്റ്റോപ്പ് യാത്രക്കാർക്കുള്ള ക്രിസ്തുമസ് ന്യൂ ഇയർ സമ്മാനമെന്ന് എം പി അറിയിച്ചു.
എന്നാൽ പാലരുവിയുടെയും വേണാടിലെയും തിരക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതും ദുരിതം അനുഭവിച്ചതും കോട്ടയം ജില്ലയിലെ യാത്രക്കാരാണ്. ഹാൾട്ട് സ്റ്റേഷൻ അല്ലാതിരുന്നിട്ടും ചിങ്ങവനം മുതൽ ചോറ്റാനിക്കര റോഡ് വരെ അഞ്ചു സ്റ്റേഷനിലും മെമുവിന് സ്റ്റോപ്പ് പരിഗണിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെ 06.25 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന 06444 കൊല്ലം എറണാകുളം മെമുവിന് ശേഷം 10.00 മണിയ്ക്കുള്ള 06768 കൊല്ലം – എറണാകുളം മെമുവിന് മാത്രമാണ് കുമാരനെല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളൂ.
ഓഫീസ് ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയത്ത് സർവീസ് നടത്തുന്ന 06169/70 കൊല്ലം എറണാകുളം മെമുവിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ നിന്നുള്ളവരുടെ ആവശ്യം വീണ്ടും നിരസിക്കുകയായിരുന്നു.
മെമുവിന് സ്റ്റോപ്പ് നിഷേധിച്ചിരിക്കുന്നത് കോട്ടയം ലോക് സഭാമണ്ഡലത്തിലെ സ്റ്റേഷനുകളിൽ മാത്രമാണ്. റെയിൽവേ സ്റ്റേഷനുകളിൽ സംഘടിപ്പിച്ച ജനസദസ്സ് പരാജയമായിരുന്നെന്നും ന്യായമായ ആവശ്യങ്ങൾക്ക് പോലും പരിഗണന ലഭിക്കുന്നില്ലെന്നും ഇതോടെ യാത്രക്കാർ ആരോപിച്ചു.
കോവിഡിൽ നിർത്താലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നും 06169/70 മെമുവിന് അടിയന്തിരമായി സ്റ്റോപ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞിരമറ്റം സ്റ്റേഷനിലെ യാത്രക്കാർ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് കാഞ്ഞിരമറ്റം ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ചെറിയനാട് സ്റ്റോപ്പ് അനുവദിച്ച തിങ്കളാഴ്ച ദിവസം കൊടിക്കുന്നിൽ സുരേഷ് എം പിയ്‌ക്ക് യാത്രക്കാർ ഒരു സ്ഥലത്ത് സ്വീകരണമൊരുക്കുമ്പോളാണ് മറുവശത്ത് സ്ത്രീകളടക്കം പ്രതിഷേധവുമായി സ്റ്റേഷനിൽ സംഘടിക്കുന്നത്.